ആകെ പേജ്‌കാഴ്‌ചകള്‍

2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

അപ്പൂപ്പന്‍ താടികള്‍



അപ്പൂപ്പന്‍ താടികള്‍


ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ അപ്പൂപ്പന്‍ താടിക്കെങ്ങനെയാ ആ പേരു കിട്ടിയതെന്ന്. എന്റെ മനസ്സില്‍ എപ്പോഴും സന്തോഷം വാരിവിതറിയ അപ്പൂപ്പന്‍  താടികള്‍ എവിടെ നിന്നോ വന്ന് എവിടേയ്ക്കോ പോകുമായിരുന്നു അന്നും ഇന്നും. ഈ ഓഫീസ് മുറിയുടെ ചില്ലിട്ട ജാലകത്തിലൂടെ നോക്കിയപ്പോള്‍ പിന്നെയും ഞാന്‍ കണ്ടു തൂവെള്ള നിറത്തില്‍ ഒരു മഞ്ഞുതുള്ളിയുടെ പരിശുദ്ധിയെ അനുസ്മരിപ്പിക്കുന്ന ഒരു പാട് അപ്പൂപ്പന്‍ താടികളെ.


 


പിന്നെയും എന്നെ അതിശയിപിച്ചത്‌ ഈ മണലാരണ്യത്തില്‍ എവിടെ നിന്നാണ് ഈ അപ്പൂപ്പന്‍ താടികള്‍ വരുന്നുവെന്നാണ്. എന്നു രാവിലേയും വൈകിട്ടും ഏതോ ദിക്കില്‍നിന്നു വരുന്ന കാറ്റിന്‍റെ മഞ്ചലിലേറി  ആ അപ്പൂപ്പന്‍ വന്നിരുന്നു. ചിലപ്പോള്‍ നാടിനേയും നാട്ടാരെയും കുടുംബത്തേയും ഒക്കെ വിട്ടകന്ന്, ഇവിടെ കഷ്ടപെടുന്ന എനിക്കായി ദൈവം അയച്ചതായിരിക്കും ഒരു പിടി ഓര്‍മ്മകളുമായി ആ അപ്പൂപ്പന്‍ താടികളെ.


 


ഒരോ അപ്പൂപ്പന്‍ താടിയും ഓര്‍മ്മകളെന്ന ചരടുകൊണ്ട്‌ എപ്പോഴും എന്നെ പുറകിലോട്ടു വലിച്ചുകൊണ്ടിരുന്നു. കുട്ടിക്കാലം മുതല്‍ ഒരു കൌതുകമായിരുന്നു ഈ അപ്പൂപ്പന്‍ താടികള്‍. പിന്നിടതു പ്രണയമായി വളര്‍ന്നു. അങ്ങ് നാട്ടില്‍ ഇല്ലിക്കലെ തറവാടും അവിടുത്തെ കുട്ടിക്കാലവും തിരിച്ചു കിട്ടാന്‍ എപ്പോഴും മോഹിക്കാറുണ്ട്.


 


ഒരു വേനലവധിക്കലത്താണ്  ആ പെണ്‍കുട്ടിയെ ഞാനാദ്യമായി കണ്ടത്. വെളുത്ത് മെലിഞ്ഞു ഒരുപാടു മുടിയുള്ള സുന്ദരികുട്ടി. അന്നും ഒരു  അപ്പൂപ്പന്‍ താടിയുടെ പുറകേ ഓടിയപ്പോള്‍ ആണ് അവളെ കണ്ടത്. എത്രനേരം അവളെ തന്നെ നോക്കി നിന്നുവെന്ന് എനിക്കറിയില്ല. പിന്നെയെപ്പോഴോ ഉണ്ണീയെന്നു അമ്മയുടെ വിളികേട്ടപ്പോള്‍ ആണ് ആ ദിവാസ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്. അപ്പോഴേക്കും എന്‍റെ അപ്പൂപ്പന്‍ താടികള്‍ ഏതോ ദിക്കിലേക്കു പോയ്‌കഴിഞ്ഞിരുന്നു.


" അമ്മേ ജനുവമ്മേടെ വീട്ടില്‍ ആരൊക്കെയോ അതിഥികള്‍ ഉണ്ടെന്നു തോന്നുന്നു. ആ പെണ്‍കുട്ടിയെക്കുറിച്ച് അമ്മയ്ക്കു വല്ലതും അറിയാമോ എന്നറിയാനാണു ഞാനങ്ങനെ ചോദിച്ചത്"


"അത് ജാനൂന്‍റെ അനിയത്തിയും കുട്ടിയോളുമാണ്. അവരങ്ങ് തിരുപനന്തപുരത്താ. വേനലവധി ആഘോഷിക്കാന്‍ വന്നതായിരിക്കും. അമ്മ പറഞ്ഞു".


പിന്നെയും എന്‍റെ കണ്ണുകള്‍ ആ പെണ്‍കുട്ടിയ്ക്കു വേണ്ടി ജനുവമ്മേടെ വീടും പരിസരവും മുഴുവന്‍ തിരഞ്ഞു. പക്ഷേ അവളെ മാത്രം കണ്ടില്ല. പിന്നത്തെ എന്‍റെ ലക്ഷ്യം എങ്ങനെയെങ്കിലും ജനുവമ്മേടെ വീട്ടില്‍ പോകണം, ആ കുട്ടിയേ ഒന്നു കാണണം എന്നായി. പക്ഷേ എന്തോ ഒരു പേടി. അടിവയറ്റില്‍ നിന്നും എന്തൊക്കെയോ മുകളിലോട്ടു കയറിവരുന്നതു പോലെ . എന്‍റെ ഹൃദയമിടിപ്പും വേഗത്തിലായി. പക്ഷേ എനിക്കവളെ കണ്ടേ പറ്റൂ. പക്ഷേ എങ്ങനെ പോകും.


 


" ഉണ്ണീ ജനുവിന്‍റെ അവിടെ പോയി ഇച്ചിരി പഞ്ചാര വാങ്ങിച്ചോണ്ടുവാ" അമ്മയുടെ ആ ശബ്ധം ദൈവത്തിന്‍റെ ഒരശരീരി പോലെ തോന്നി.


 


പിന്നെയൊട്ടും അമാന്തിച്ചില്ല, അത് കേള്‍ക്കേണ്ട താമസം അടുക്കളയില്‍ നിന്നു പാത്രം എടുത്തതും, ഒറ്റയോട്ടത്തിനു ജനുവമ്മേടെ വീട്ടില്‍ എന്തിയതും ഒക്കെ ഒന്നു കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കഴിഞ്ഞു. പക്ഷേ അപ്പോഴേക്കും അവന്‍റെ ഹൃദയം വേഗത്തില്‍ ഇടിക്കുന്നുണ്ടായിരുന്നു.


 


" ജനുവമ്മേ" ഞാന്‍ ഉറക്കെ വിളിച്ചു. കുടെ ആ പെണ്‍കുട്ടിതന്നെ ഇറയത്തേക്കു വരണമേയെന്ന്‍ ഞാന്‍ പ്രാര്‍ഥിച്ചു. പ്രാര്‍ഥിച്ചു തീര്‍ന്നില്ല. അതിനു മുന്‍പേ ആ പെണ്‍കുട്ടി കണ്‍മുന്നില്‍. അവളെ കണ്ടതോടെ പിന്നെയെന്തു പറയണമെന്നോ, താന്‍ എന്തിനാ വന്നതെന്നോ ഉള്ള ഇല്ല കാര്യവും മറന്നു.


 


" ജാനുവമ്മ കുളിക്കുകയാ, ആരാ, അവളുടെ നേര്‍ത്ത ശബ്ദം ഒരു കുളിര്‍കാറ്റു പോലെ എന്‍റെ ചെവികളെ തഴുകി മറഞ്ഞു".


 


"പ...പ...പ.... പഞ്ചസാര... ത...ത.. തരുമോന്നു അമ്മ ചോദിച്ചു. ഈശ്വരാ എനിക്ക് എപ്പോഴാ വിക്ക് പിടിച്ചതു.


 


എന്‍റെ വിക്ക് കണ്ടിട്ടാണോ, അതോ എന്‍റെ വെപ്രാളം കണ്ടിട്ടാണോ അവള്‍ക്കു എന്നോടു എന്തോ ഒരു സഹതാപം തോന്നിയതുപോലെ എനിയ്ക്ക് തോന്നി.


 


"കല്യാണി ആരാവിടെ..... ജാനുവമ്മ കുളി കഴിഞ്ഞു അതും ചോദിച്ചു കൊണ്ടു ഇറയത്തേക്ക് വന്നു.


 


"ആഹാ.... ഉണ്ണിയരുന്നോ. എന്താ ഉണ്ണീ " ജാനുവമ്മ ചോദിച്ചു. " പഞ്ചാര" പാത്രം നീട്ടികൊണ്ട് ഞാന്‍ ജനുവമ്മയോട് പറഞ്ഞു. ഈശ്വരാ ഇപ്പോള്‍ വിക്കില്ല, ഞാന്‍ മനസ്സില്‍ സന്തോഷിച്ചു.


 


ഞാന്‍ ഏറുകണ്ണിട്ടു അവളെ നോക്കി. അവള്‍ വാ പൊത്തിച്ചിരിക്കുന്നത് കണ്ടു.


 


ജാനുവമ്മ തന്നപഞ്ചസാരയും വാങ്ങി വന്നതിനെക്കാളും വേഗത്തില്‍ ഞാന്‍ വീട്ടിലേക്കു ഓടി. ആദ്യ ചമ്മലിന്‍റെ ക്ഷീണമൊക്കെ എവിടെയോ പോയിമറഞ്ഞു. വീണ്ടും ആ പെണ്‍കുട്ടിയെ കാണാനുള്ള ശ്രമങ്ങള്‍ ഒന്നും ഞാന്‍ ഉപേക്ഷിച്ചില്ല. തൊടിയിലെ മരച്ചില്ലകളില്‍ ഊഞ്ഞാലാടിയും , പഴം മാങ്ങാ പെറുക്കി തിന്നുമൊക്കെ സമയം ചിലവഴിച്ചപ്പോഴും എന്റെ കണ്ണുകള്‍ ജനുവമ്മേടെ മുറ്റത്തുതന്നെയായിരുന്നു.


 


അങ്ങനെയിരുന്നപ്പോള്‍ അതാ ഒരു അപ്പൂപ്പന്‍ താടി പറന്നു വരുന്നു. പിന്നെ അതിനെ പിടിക്കാന്‍ അതിന്‍റെ പുറകെ ഓടി.  ആ അപ്പൂപ്പന്‍ താടിയെ കൈക്കുള്ളില്‍ ആക്കിയപ്പോഴേക്കും ഞാന്‍ ജനുവമ്മേടെ മുറ്റത്ത്‌ എത്തിയിരുന്നു. അതും ആ പെണ്‍കുട്ടിയുടെ മുന്‍പില്‍.


 


എന്‍റെ കയ്യിലെ അപ്പൂപ്പന്‍ താടികണ്ട് അവളുടെ മുഖത്തു വിരിഞ്ഞ ചിരിയ്ക്ക് ആയിരം പൂര്‍ണ്ണചന്ദ്രന്മാരുടെ ഭംഗിയുണ്ടായിരുന്നു.


 


" എനിയ്ക്ക്‌ അപ്പൂപ്പന്‍ താടികളെ ഒരുപാട് ഇഷ്ടമാണ്. എനിയ്ക്ക് തരുമോ അത്". അവള്‍ അത് ചോദിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. വീണ്ടും വിക്ക് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു. കുട്ടിക്കിഷ്ടാച്ചാല്‍ കുട്ടി എടുത്തോളൂ അത്. എന്‍റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.


 


അങ്ങനെ എന്‍റെ ആദ്യ പ്രണയ സമ്മാനം ഒരു അപ്പൂപ്പന്‍ താടിയായിരുന്നു. അവളോട്‌ ഒത്തിരി സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും അമ്മയുടെ വിളി വന്നു.


 


" ഈ അമ്മക്ക് വിളിക്കാന്‍ കണ്ട സമയം" മനസ്സില്‍ വല്ലാത്ത ദേഷ്യം തോന്നി. മനസ്സില്ലാ മനസ്സോടു ആ പെണ്‍കുട്ടിയോട് യാത്ര പറഞ്ഞു നടന്നു. ഓരോ അടി വെക്കുമ്പോഴും ഞാന്‍ പുറകോട്ടു തിരിഞ്ഞു നോക്കി. അവളും എന്നെത്തന്നെ നോക്കി നില്ക്കുകയായിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. എന്‍റെ ആദ്യ പ്രണയത്തിന്‍റെ സന്ദേശങ്ങള്‍.


 


രാത്രി ഉറങ്ങാന്‍ കിടന്നിട്ടു ഉറക്കം വന്നില്ല. ആ സുന്ദരികുട്ടിയുടെ മുഖമായിരുന്നു മനസ്സ് മുഴുവന്‍. രാത്രിക്ക് ഇത്രയും ദൈര്‍ഘ്യം ഉണ്ടെന്നു അന്നാണ് മനസ്സിലായത്. എന്തെല്ലാം ദിവാസ്വപ്നങ്ങള്‍ കണ്ടു ഞാന്‍. അവളോട്‌ സംസാരിക്കുന്നത്, അവളെ തൊടുന്നത്, ചുംബിക്കുന്നത്, പിന്നെ കല്യാണം കഴിക്കുന്നത്, പിന്നെ അങ്ങനെ എന്തെല്ലാം മോഹങ്ങള്‍ , സ്വപ്നങ്ങള്‍...........


 


രാത്രിയുടെ ഏതോ യാമത്തില്‍ നിദ്രാദേവി എന്‍റെ കണ്ണുകളെയും തഴുകി ഉറക്കി.    കോഴിപ്പൂവന്‍റെ കൂവല്‍ കേട്ടാണ് എന്‍റെ പ്രഭാതം പൊട്ടിവിരിഞ്ഞത്. രാവിലെ തന്നെ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് പോകാനാണ് തോന്നിയത്. പക്ഷേ എന്തു കാരണം പറഞ്ഞു പോകും. അപ്പോഴാണ് എന്‍റെ ഇരുമ്പു പെട്ടിയില്‍ ഞാന്‍ സുക്ഷിച്ചുവെച്ച അപ്പൂപ്പന്‍    താടികളെകുറിച്ചു ഓര്‍ത്തത്. അതോരുപിടി വാരിക്കൊണ്ടു നേരെ ജാനുവമ്മേടെ വീട്ടിലേക്കു ഓടി.


 


ജാനുവമ്മ അടുക്കള പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. " എന്തിയേ ആ കുട്ടി ജനുവമ്മേ? ഞാനീ അപ്പൂപ്പന്‍ താടികള്‍ ആ കുട്ടിക്ക് കൊടുക്കാന്‍ കൊണ്ടുവന്നതാ!"


 


" അയ്യോ! ഉണ്ണി അവര് വെളുപ്പിനത്തെ വണ്ടിക്കു പോയല്ലോ . ആ കുട്ടിയുടെ അച്ഛന് സുഖമില്ലെന്നു പറഞ്ഞു ഫോണ്‍ വന്നു".


ഒരു ഇടിമിന്നല്‍ എന്‍റെ നെഞ്ചിലൂടെ തുളച്ചിറങ്ങിയതുപോലെ എനിക്കു തോന്നി, എനിക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്‍റെ കൈകളില്‍ ഇരുന്ന അപ്പൂപ്പന്‍താടികളെല്ലാം ഒരു കുസൃതി കാറ്റ് വന്ന്‍ തട്ടിപറിച്ചെടുത്തോണ്ടു പോയി. അവയുടെ പുറകെ ഓടുവാനുള്ള മാനസികാവസ്ഥ എനിക്ക് അപ്പോള്‍ ഇല്ലായ്യിരുന്നു. ആ അപ്പൂപ്പന്‍താടികള്‍ എന്നോട് യാത്രപോലും പറയാതെ ആ കുസൃതി കാറ്റിന്‍റെ മടിതട്ടിലേറി ഏതോ ദിക്കിലേക്ക് യാത്രയായി. പിന്നെയെപ്പൊഴും ഓരോ അപ്പൂപ്പന്‍ താടിയും ആ സുന്ദരി പെണ്‍കുട്ടിയുടെ ഓര്‍മ്മ എന്നിലേക്ക്‌ കൊണ്ടുവന്നു.


 


വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഈ മണലാരണ്യത്തില്‍ ഇരിക്കുമ്പോഴും, ആ അപ്പൂപ്പന്‍ താടികള്‍ എന്നെത്തേടി  വരുന്നു. അവളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച് ദൂരെക്കെവിടെക്കോ പോയി മറഞ്ഞു. ഇനി എന്നെങ്കിലും ഞാന്‍ സമ്മാനിച്ച ആ അപ്പൂപ്പന്‍ താടിയുമായി അവള്‍ എന്‍റെയടുത്തേക്ക് വരുമോ. ...... അറിയില്ല ...... ചില ഓര്‍മ്മകള്‍ അങ്ങനെയാണ്. എന്നും മനസ്സില്‍ കുളിര്‍മഴ ചൊരിഞ്ഞു കൊണ്ടേയിരിക്കും. എന്‍റെ അപ്പൂപ്പന്‍ താടികളെപ്പോലെ..........


.............................................  ശുഭം.    .....................................................................


രഞ്ജിത് നൈനാന്‍ മാത്യു, പെരുമ്പെട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ