ആകെ പേജ്‌കാഴ്‌ചകള്‍

2017, ഡിസംബർ 23, ശനിയാഴ്‌ച

ഹാലറ്റ് കോവ് ബീച്ചും, ഹാലറ്റ് കോവ് പാര്‍ക്കും


കടല്‍ കരയെ ഇടയ്ക്കിടയ്ക്ക് വന്ന് തഴുകി പിന്‍വാങ്ങി പോകുന്ന കാഴ്ച നമ്മുടെ  കണ്ണിനും , മനസ്സിനും കുളിര്‍മ്മയേകുക തന്നെ ചെയ്യും.   ആ കാഴ്ച കണ്ടിരിക്കുവാന്‍ എത്രയോ രസകരമാണ്.   കടലിന് കരയോട് നിഗൂഢത നിറഞ്ഞ കുറെയേറെ കാര്യങ്ങള്‍ പറയുവാനുണ്ടാവുമെപ്പോഴും.  ആ ഗൂഢവസ്‌തുത ഓരോ തവണ തിരകള്‍ വന്ന്‍ കരയോട് പറയുമ്പോഴും മൌനം വെടിയാതെ നിശബ്ദമായി ആ രഹസ്യങ്ങള്‍ സ്വന്തം മനസ്സില്‍ ഒളിപ്പിച്ചുകൊണ്ട് തിരകളെ പുണരുവാനാണ് കര ഉദ്യമിക്കാറുള്ളത്.


 
പാറകൂട്ടങ്ങള്‍ നിറഞ്ഞ ഹാലറ്റ് കോവ് ബീച്ചില്‍ ഇരുന്നപ്പോള്‍ എന്‍റെ മനസ്സില്‍ തിങ്ങിനിറഞ്ഞു നിന്നിരുന്ന മാനസിക പിരിമുറുക്കത്തിനു തെല്ലു അയവുവന്നതുപോലെ തോന്നാതിരുന്നില്ല.

മുഴുവന്‍ പാറകളാല്‍ നിറയപ്പെട്ടിരിക്കുന്ന ഒരു കടല്‍ത്തീരമെന്ന് പ്രഥമകാഴ്ചയില്‍ നമ്മള്‍ക്ക് തോന്നുമെങ്കിലും അവിടെ നിന്നുള്ള കാഴ്ച വിശാലവും, ഭീതിപ്പെടുത്തുന്നതുമാണ്. അങ്ങിങ്ങായി  നില്ക്കുന്ന കുറ്റിച്ചെടികള്‍ ആ കടല്‍ത്തീരത്തിന് അഭൌമമായ ഒരു സൌന്ദര്യം പ്രധാനം ചെയ്യുന്നുമുണ്ട്. വിശാലമായി കിടക്കുന്ന പുല്‍ത്തകിടിയും, ധാരാളം കളിസ്ഥലങ്ങളും, ബാര്‍ബിക്യൂവിനുള്ള സൌകര്യവുമെല്ലാം അവിടേക്ക് ധാരാളം ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങലാണ്.

കടല്‍ത്തീരത്തിന് തൊട്ടടുത്ത് തന്നെ സംരക്ഷിക്കപ്പെടുന്ന ഹാലറ്റ് കോവ് പാര്‍ക്ക് സ്ഥിതിചെയ്യുന്നു.

കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍   ഹാലറ്റ് കോവ് ബീച്ചിനെ പറ്റി വെറുതെയൊന്നു പരതിനോക്കി.

ജോണ്‍  ഹാലറ്റ് എന്നയാള്‍  1887 - ല്‍  അസംസ്കൃതപദാര്‍ത്ഥങ്ങള്‍ അന്യേക്ഷിച്ച് ആ പ്രദേശത്ത് ചെന്ന ഓര്‍മ്മയ്ക്കായിട്ടാണ്  ഹാലറ്റ് കോവ് എന്ന നാമം നല്‍കിയിരിക്കുന്നത് .























1976- ലാണ് ഈ പ്രദേശത്തെ  സംരക്ഷിത പ്രദേശമായി വിളംബരം നടത്തിയത്  അതിന്‍റെ ഭൂവിജ്ഞാനീയമായ പ്രത്യേകതകള്‍ ഒന്നുകൊണ്ട് മാത്രമാണ്. ഈ പ്രത്യേകതകള്‍ ലോകോത്തരമായ പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്.  280 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള  ഹിമയുഗകാലഘട്ടം മുതലുള്ള പ്രത്യേകതകള്‍ ആണിവയെന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്.

















അബോര്‍ജിനാല്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ ഉപയോഗിച്ചിരുന്ന  ശിലാ നിര്‍മ്മിത ‍  പണിയായുധങ്ങള്‍ 1934 ല്‍ ഹാലറ്റ് കോവില്‍ നിന്ന് ആദ്യമായി കണ്ടുകിട്ടി.   മനുഷ്യന്‍റെ കരകൗശലസാമര്‍ത്ഥ്യഫലമായി നിര്‍മ്മിതമായ  1700 ല്‍ പരം  പുരാവസ്തുക്കള്‍ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍  ആ പ്രദേശത്ത് നിന്നു ലഭിക്കുകയുമുണ്ടായി. അവയെല്ലാം ഇന്ന് സൌത്ത് ഓസ്ട്രലിയന്‍ മുസിയത്തിന്‍റെ ഭാഗമായി തീര്‍ന്നിര്‍ക്കുന്നു.







ഇതുകൂടാതെ  വ്യതസ്തമായ ചെടികളും, പൂക്കളും ആ പ്രദേശത്തെ മനോഹരമാക്കുകയും, അപൂര്‍വ്വമായ ഇനത്തില്‍ പെട്ട പല്ലികളേയും, തവളകളേയും,  അവിടേക്ക് ഒഴുകിയെത്തുന്ന അരുവികള്‍ക്ക് ഇരുവശങ്ങളിലും കാണുവാന്‍ കഴിയും.  അപൂര്‍വ്വയിനം   പക്ഷികള്‍ ആ പ്രദേശത്തെ  ശബ്ദമുഖരിതമാക്കി  കൊണ്ട് സ്വതന്ത്രമായി  വിണ്ണില്‍ പാറി പറന്നു  സഞ്ചരിക്കുന്നുണ്ടായിരുന്നു.


നയന മനോഹരമായ  ഈ കാഴ്ചകളെല്ലാം  പ്രകൃതി നമ്മള്‍ക്കായി സമ്മാനിക്കുമ്പോള്‍ വീണ്ടും വീണ്ടും യാത്രകള്‍ നടത്തുവാന്‍ ആരും  കൊതിച്ചു പോകുമെന്നത് നിസ്തര്‍ക്കമായ കാര്യമല്ലേ.

----------------------------ശുഭം ------------------------------------------------------------------------------------






2017, ഡിസംബർ 21, വ്യാഴാഴ്‌ച

ക്രിസ്തുമസ്സ് രാവ് (കവിത)



രാജാവിന്‍ അവതാരം
വിളംബരം നടത്തീടാന്‍
ക്രിസ്തുമസ്സ് രാവ്
വിരുന്നു വന്നുവല്ലോ
നാടെങ്ങും ഉത്സവ
പ്രതീതി ഉണരുന്നു
ഭവനങ്ങള്‍ താരക
ശോഭയില്‍ വിളങ്ങുന്നു
ക്രിസ്തുമസ്സ് വൃക്ഷം
ഓര്‍മ്മകള്‍ ഘോഷിക്കുന്നു
മനുഷ്യ ഹൃദയത്തില്‍
സാന്താക്ലോസും ചേക്കേറി
വീണ്ടെടുപ്പിനായിട്ടീ
തിരുജനനമെന്ന്‍
ഓര്‍ക്കുക മര്‍ത്യരാം
സോദരരേ നാമെന്നും
ശിഷ്ട ജീവിതത്തില്‍
നന്മകള്‍ ചെയ്തീടാന്‍
ആശങ്കയെന്തിനെന്ന്‍
ചിന്തിച്ചീടുക നാമെല്ലാം
നാം പാപം വെടിഞ്ഞൊരു
ജീവിതം തപസ്യയാക്കി
മാനവകുലത്തിനെന്നും
മാര്‍ഗ്ഗദര്‍ശനമേകൂ
പകരാം ക്രിസ്തുവിന്‍
നിത്യ സ്നേഹത്തിന്‍റെ
സന്ദേശം ധരിത്രിയില്‍
അങ്ങോളം ഇങ്ങോളം
മഞ്ഞുപെയ്യും രാവതില്‍
നാഥന്‍ സ്മരണകള്‍
ഉണര്‍ത്തുമീ ക്രിസ്തുമസ്സ്
ഏത്രയോ മഹനീയം.
**********************************



യുവദീപം ഡിസംബര്‍ 2017 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

2017, ഡിസംബർ 7, വ്യാഴാഴ്‌ച

ഒരു യൂബർ കഥ

ജോലിയൊന്നും കിട്ടാതെ വിഷമിച്ചിരിക്കുന്ന വേളയിലാണ് എന്റെയൊരു കൂട്ടുകാരൻ യൂബർ ഓടിക്കുന്ന കാര്യം എന്നോട് പറയുന്നത്.  യൂബർ ഓടിക്കുന്നതിനെ പറ്റി വ്യക്തമായ അറിവ് അവനില്ലായിരുന്നെങ്കിലും ആ വിവരം എന്നിൽ പ്രതീക്ഷയുടെ കോട്ടകൾ പടുത്തുയർത്തുകയായിരുന്നു.

പിന്നീട് അതേപ്പറ്റിയായിരുന്നു എന്റെ അന്വേഷണം.  പലരോടും  യൂബറിനെ പറ്റി അന്വേഷിച്ചെങ്കിലും ആർക്കും അതിനെ പറ്റി വലിയ ഗ്രാഹ്യമില്ലെന്നു മനസ്സിലാക്കുവാൻ അധികം ദിവസങ്ങൾ ഒന്നും തന്നെ വേണ്ടി വന്നില്ല. മനസ്സിനുള്ളിൽ രൂപപ്പെട്ട പ്രതീക്ഷയുടെ നറുങ്ങുവെട്ടം പൊലിഞ്ഞു പോകുമോയെന്ന  ആശങ്ക അങ്കുരിച്ച വേളയിലാണ് അയൽവാസിയായ പാകിസ്ഥാനിയെ പരിചയപ്പെടുവാൻ ഇടയായത്.

വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ പരസ്പരം സമ്മാനിച്ചിരുന്ന  പുഞ്ചിരികൾ  മാത്രമായിരുന്നു അതുവരെയുള്ള ഞങ്ങളുടെ സൗഹൃദം.

രണ്ട് രാജ്യങ്ങളിലെ പൗരൻന്മാർ  എന്നതിനപ്പുറം വ്യത്യസ്ഥമായ സംസ്കാരത്തിന്റെ ഉടമകളായ സാധാരണ മനുഷ്യരായ ഞങ്ങൾക്കിടയിൽ ഉടലെടുത്തത് പുതിയൊരു സൗഹൃദമായിരുന്നു.

അയാളുടെ പേര് യൂസുഫ്.

കറാച്ചിയിൽ നിന്നു ഇവിടേക്ക് കുടിയേറിയിട്ടു വർഷം മൂന്ന്  കഴിഞ്ഞിരിക്കുന്നു.  മക്കളായ മൂസയും, മറിയയും ഞങ്ങളുടെ ഹിന്ദിയിലുള്ള സംഭാഷണം ശ്രദ്ധിക്കാതെ തൊട്ടടുത്തു നിന്നു എന്തൊക്കെയോ കളിക്കുന്നുണ്ടായിരുന്നപ്പോൾ.

ജന്മനാട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയിൽ നിന്നൊരു മോചനം പ്രതീക്ഷിച്ചാണ്  അയാൾ ഇവിടേക്ക് കുടിയേറിയത്.  മക്കൾ രണ്ടു പേരും ഇവിടെ വന്നതിന്  ശേഷമാണ്  ജനിച്ചത്.
ജോലിയെ പറ്റി  അന്വേഷിച്ചപ്പോൾ ചിരിച്ചുകൊണ്ട് ഒരു ചെറിയ ജോലി ഉണ്ടെന്നു  ആത്മഗതം പോലെ പറഞ്ഞിട്ട് ഒന്നു നെടുവീർപ്പിട്ടു.  ഡിഗ്രിയ്ക്ക് നല്ല  മാർക്ക് വാങ്ങിയാണ് പാസ്സായതെങ്കിലും ഇപ്പോൾ ചെയ്യുന്ന ജോലിയ്ക്ക് അതുമായി യാതൊരു ബന്ധവും ഇല്ലെന്നു പറഞ്ഞിട്ട് നിശബ്ദമായി ഒന്നു ചിരിച്ചു.

എന്തു ചെയ്യുന്നുവെന്ന് യൂസുഫ് തിരികെ ചോദിച്ചപ്പോൾ വെറുതെയൊന്നു ചിരിച്ചു.  ജോലിയൊന്നും ആയിട്ടില്ലെന്ന് പതിഞ്ഞ സ്വരത്തിൽ അയാളോട് തെല്ല് ജാള്യതയോടെയാണ് പറഞ്ഞത്.

യൂസുഫിനും ആറുമാസം ജോലിയൊന്നും കിട്ടാതെ നിൽക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ടത്രേ. എന്റെ ജാള്യത കണ്ടിട്ട്  ആശ്വസിപ്പിക്കുന്നതുപോലെയാണ് അയാൾ  അത്‌ പറഞ്ഞത്.

മനസ്സിനുള്ളിൽ വ്യക്തമായ ധാരണയില്ലാതെ കിടക്കുന്ന യൂബറിനെ പറ്റി എന്തെങ്കിലും അറിയാമോ എന്നു ഞാൻ യൂസുഫിനോട് വലിയ പ്രതീക്ഷയൊന്നുമില്ലാതെ വെറുതെ ചോദിച്ചു.

ആ ചോദ്യത്തിന്റെ പൊരുൾ ഗ്രഹിച്ചതുപോലെ അയാൾ നന്നായൊന്നു ചിരിച്ചു.

യൂബറിനെ പറ്റി അറിയാമോയെന്നോ?. എന്തൊരു ചോദ്യം ആണിത്.

രസകരമായൊരു കഥയിലൂടെ അയാൾക്കുണ്ടായ ആദ്യ യൂബർ ഓട്ടത്തിന്റെ അനുഭവം വിവരിക്കുമ്പോൾ ഒരു കേൾവിക്കാരനായ എന്റെ ചുണ്ടിൽ പോലും പുഞ്ചിരിയുടെ  പൊടിപ്പുകൾ  പ്രത്യക്ഷപെട്ടിരുന്നു.

വെറും രണ്ടു വർഷം മാത്രം പഴക്കം ഉള്ള വണ്ടി യൂബർ ഓടിക്കുവാൻ രജിസ്റ്റർ ചെയ്യുമ്പോൾ യൂസുഫിന്റെ മനസ്സിൽ സന്തോഷം  തോന്നാതിരുന്നില്ല.  യൂബർ  ഓടിക്കണമെങ്കിൽ അവരുടെ  അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ   മൊബൈലിൽ അപ്‌ലോഡ് ചെയ്യുണമത്രേ. പുതിയ ജോലി കിട്ടുന്ന ആവേശത്തിൽ ആ കർമ്മവും ഭംഗിയായി നിർവഹിച്ചു.

അങ്ങനെ പിറ്റേ ദിവസം രാവിലെ പ്രാർത്ഥനയൊക്കെ കഴിഞ്ഞ് യൂബറിന്റെ അപ്ലിക്കേഷൻ പ്രവർത്തന സജ്ജമാക്കി. ഇനി ഓട്ടത്തിനായിട്ടുള്ള വിളി അപ്ലിക്കേഷനിൽ വരിക മാത്രമേ വേണ്ടുകയുള്ളു. കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്ന ആ  വിളി സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ മനസ്സിൽ ആയിരം വർണ്ണ നക്ഷത്രങ്ങൾ മിന്നി മാഞ്ഞു.

ആദ്യ ഓട്ടം
സ്വീകരിക്കുവാൻ ഒരു മിനിട്ട് ഉണ്ടായിരുന്നെങ്കിലും ഐശ്വര്യമായി പുതിയ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുന്നത്തിന്റെ  സന്തോഷത്തിൽ വിരലുകൾ മൊബൈൽ സ്‌ക്രീനിൽ അമർന്നു കഴിഞ്ഞിരുന്നു.

അങ്ങനെ  ആദ്യത്തെ യൂബർ ഓട്ടം ഓടുവാനായി പുറപ്പെട്ടു. അൺലി പാർക്കിൽ നിന്നും ഹെൻലി ബീച്ച്‌ വരെ ആറു കിലോമീറ്റർ ഉദ്ദേശം ഉണ്ടായിരുന്നിരിക്കാം. അവിടെ നിന്നും ആഫ്രിക്കൻ വംശജനായ എൽബിനോയെ എടുത്ത് അഡ്ലൈഡ് സിറ്റിയിൽ കൊണ്ടുപോയി വിടണം.

തടിച്ച ശരീര  പ്രകൃതമുള്ള അയാൾ വണ്ടിയിൽ കയറിയ ഉടനെ തന്നെ ഉറങ്ങാൻ ആരംഭിച്ചിരുന്നു. അഞ്ചോ ആറോ കിലോമീറ്റർ വെറും ഇരുപത് മിനിറ്റ് കൊണ്ട് താണ്ടി തീർക്കാം എന്ന പ്രതീക്ഷ യൂസഫിൽ ഉണ്ടായിരുന്നു. വഴിയിൽ തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ അതിന് മുൻപ്  എത്തിചേരുകയും ചെയ്യാം. അത്  കഴിഞ്ഞ് മറ്റൊരു  ഓട്ടം  അവിടെ നിന്നു കിട്ടുകയാണെങ്കിൽ അതിന്റെ  ലാഭം വേറെയും നേടാം.

ഉല്ലാസപ്രദമായ ആദ്യ യൂബർ ഓട്ടം സിറ്റിയിൽ എത്തിച്ചേർന്നു.  സ്റ്റോപ്പിൽ  എത്തിയപ്പോഴും യൂസുഫിന്റെ ആദ്യ യൂബർ യാത്രക്കാരൻ ഉറക്കം തന്നെയായിരുന്നു.

പിന്നീടുള്ള ചിന്തകൾ അയാളെ  ഉണർത്തുന്നതിനെ പറ്റിയായിരുന്നു. യാത്രക്കാരനെ കുലുക്കി എഴുനേൽപ്പിക്കുന്നതു ശരിയായൊരു നടപടിയായി തോന്നിയില്ല. അയാൾ പരാതി പറഞ്ഞാൽ പിന്നീട് അതൊരു പൊല്ലാപ്പായി മാറും.

അയാളെ ഉണർത്തുവാനുള്ള വഴികളെ പറ്റിയായി പിന്നീടുള്ള ചിന്തകൾ. പേര്  ഉച്ചത്തിൽ വിളിച്ചു അയാളെ ഉണർത്തുവാൻ നോക്കി. ആ  വിധത്തിൽ ഉണർത്തുന്നത്തിൽ പരാജയപെട്ടപ്പോൾ യൂസുഫിന്റെ ശ്രദ്ധ കാർ റേഡിയോയിലേക്കു തിരിഞ്ഞു. അതിൽ പാട്ടുകൾ ഉച്ചത്തിൽ വെച്ചു കഴിഞ്ഞാൽ ചിലപ്പോൾ ഉണർന്നേക്കും.

ഗസ്സലുകൾ മാറിമാറി പരീക്ഷിച്ചു നോക്കി.  ബിബിസി വാർത്തകൾ ഉച്ചത്തിൽ കേൾപ്പിച്ചു നോക്കി. ആഫ്രിക്കൻ ഉറക്കം തന്നെ ഉറക്കം.  കുംഭകർണ്ണനു വരം കിട്ടിയതുപോലെ ഇയാൾക്ക് എന്തെങ്കിലും വരം കിട്ടിയിട്ടുണ്ടാവും.
യൂസഫ് പുരാണങ്ങൾ വായിച്ചിട്ടുള്ള അറിവ് വെച്ചാണ് അത് പറഞ്ഞത്. അയാൾ നല്ലൊരു വായനക്കാരൻ കൂടിയാണെന്ന് സംസാരത്തിൽ നിന്നെനിക്ക് മനസ്സിലായി.

മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതിരുന്നപ്പോഴാണ് യൂസുഫിന്റെ മനസ്സിൽ മറ്റൊരു ആശയം മിന്നി തെളിഞ്ഞത്.  വിഷമ ഘട്ടങ്ങളിൽ തെളിയുന്ന ആശയങ്ങൾക്ക് എന്നും കാലിക പ്രസക്തിയുണ്ടാവും എന്നു പറയുന്നത് വെറുതെയൊന്നുമല്ല.


ആ ആശയം മറ്റൊന്നും ആയിരുന്നില്ല. പോലീസ് സ്റ്റേഷനിലേക്ക് പോകുകയും അവരോടു കാര്യം പറയുകയും ചെയ്യുക.  ആവശ്യമുള്ള ആർക്കും സഹായഹസ്തവുമായി  നിൽക്കുന്ന അവർക്ക് ഈ ആവശ്യവും നിരാകരിക്കുവാൻ ഒരിക്കലും കഴിയുകയില്ല എന്ന ഉറപ്പ് യൂസഫിനുണ്ടായിരുന്നു.

ആ യാത്ര ഏറെ നേരം നീണ്ടു നിന്നില്ല. ഏതാനും കിലോമീറ്റർ അകലം ഉള്ള പോലീസ് സ്റ്റേഷനിൽ എത്തി കാര്യം പറഞ്ഞപ്പോൾ തന്നെയൊരു പോലീസുകാരൻ യൂസുഫിനെ സഹായിക്കുവാനായി കാറിന്റെ അരികിലേക്ക് എത്തുകയും, കാറിൽ ഉറങ്ങികൊണ്ടിരിക്കുന്ന എൽബിനോയെ വിളിച്ചുണർത്തുവാനും പരിശ്രമിച്ചു.

അയാളെ പോലീസുകാരൻ കുറെയേറെ നേരം ഉച്ചത്തിൽ വിളിക്കുകയും,  ശരീരത്തിൽ തട്ടുകയും ചെയ്തപ്പോൾ പെട്ടന്ന് ഉറക്കത്തിൽ നിന്നു എഴുന്നേൽക്കുന്നത് പോലെ കണ്ണുകൾ തുറന്നു.

അമ്പരപ്പോടെ ചുറ്റും നോക്കിയിട്ട്   എൽബിനോ ഒരു  സോറി പറഞ്ഞു.  പോലീസുകാരനിൽ നിന്നും വിവരങ്ങൾ അറിഞ്ഞെങ്കിലും,  അയാൾ  വീട്ടിൽ കൊണ്ടുപോയി വിടണം എന്ന് ശഠിച്ചു കൊണ്ടിരുന്നു.

തിരികെ കൊണ്ടുപോയി വിടാൻ പറ്റില്ലായെന്നു പറഞ്ഞു യൂസുഫ് വീട്ടിലേക്ക് മടങ്ങിപ്പോന്നു. അതിൽ പിന്നെ യൂബറിന്റെ ഓട്ടം യൂസുഫ് ഓടിയിട്ടില്ല.

ചൂടുവെള്ളത്തിൽ ഒരിക്കൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും എന്നു പറയുന്നതുപോലെ യൂസുഫിന് യൂബർ എന്നു കേൾക്കുമ്പോൾ  ശരീരത്തിൽ അങ്ങോളം ഇങ്ങോളം ഒരു വിറയൽ അനുഭവപ്പെടാറുണ്ടത്രെ. ഇത്രയും പറഞ്ഞിട്ട് യൂസു ഫ് വീടിനുള്ളിലേക്ക് മക്കളോടൊന്നിച്ച് കയറി പോയി.


തിരികെ വീട്ടിലേക്ക് നടന്ന വേളയിൽ എന്റെ മനസ്സിൽ നിന്നും യൂബർ ഓടിക്കുകയെന്ന ആശയം അപ്പാടെ അപ്രത്യക്ഷമായിരുന്നു.

2017, ഡിസംബർ 4, തിങ്കളാഴ്‌ച

ദൈനംദിന ചിന്തകൾ...

വീട്ടിൽ
പെറോട്ടയ്ക്ക് മാവ്  കുഴച്ചു കൊണ്ടിരുന്നപ്പോൾ  രസകരമായൊരു ചിന്ത എന്റെ മനസ്സിലൂടെ ഊളയിട്ടു മുങ്ങി നിവർന്നു.  ഈ വിദ്യ പഠിപ്പിച്ചു തന്ന ജോൺ ചേട്ടന് ഇതുവരെ ഗുരു ദക്ഷിണയായി  ഒന്നും കൊടുക്കുവാൻ പറ്റിയില്ല. ഓരോ  വിദ്യയും സ്വായത്വമാക്കുമ്പോൾ എന്തെങ്കിലും ദക്ഷിണയായി കൊടുക്കുന്ന പാരമ്പര്യമൊന്നും ഇന്നത്തെ തലമുറകൾക്കിടയിൽ   ഇല്ലെങ്കിലും, അങ്ങനെയൊരു പാരമ്പര്യം ഗുരുകുല സമ്പ്രദായ കാലത്ത് ഉണ്ടായിരുന്നു.

പഴയ ഗുരു കുലസമ്പ്രദായം അനുസരിച്ചു വിദ്യ അഭ്യസിക്കുവാനായി  ഗുരുവിന്റെ വീട്ടിൽ താമസിക്കുകയും, പഠനത്തോടോടൊപ്പം ഗുരു പത്നിയെ ഗ്രഹജോലികളിൽ സഹായിക്കുകയും,  പരസ്പര സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ബാലപാഠങ്ങൾ ദീർഘ നാളുകൾ കൊണ്ട് സ്വായത്വമാക്കുകയും ചെയ്യുന്ന ആ പാരമ്പര്യം ഇന്നത്തെ തലമുറകൾക്ക് അന്യം നിന്നു പോകുകയും ചെയ്തിരിക്കുന്നു.

ജീവിതത്തിൽ എത്രയോ പുതിയ കാര്യങ്ങൾ നമ്മൾ മറ്റുള്ളവരിൽ നിന്നും കണ്ടും,  കേട്ടും സ്വായത്വമാക്കുന്നു. ആ അറിവുകൾ മറ്റുള്ളവർക്കായി നാം പകർന്നു കൊടുക്കുമ്പോൾ നമുക്ക് നഷ്ടങ്ങളല്ല ഉണ്ടാകുന്നതെന്ന് ഓർക്കുന്നിടത്ത് നിന്നാവട്ടെ നമ്മുടെ ഓരോ സുപ്രഭാതങ്ങളും ആരംഭിക്കുന്നത്.

എല്ലാവർക്കും ശുഭദിന ആശംസകൾ..

രഞ്ജിത്ത്

2017, നവംബർ 11, ശനിയാഴ്‌ച

യാത്രയില്‍ കണ്ടൊരു കൌതുക കാഴ്ച

യാത്രകള്‍ക്കെന്നും അതിന്‍റെതായ പരിശുദ്ധിയും നൈര്‍മല്യതയും ഉണ്ടായിരിക്കും പ്രത്യേകിച്ച് ആ യാത്രകള്‍ക്ക് പിന്നില്‍ വളരെയേറെ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന തോന്നല്‍ മനസ്സില്‍ സംജാതമാകുമ്പോള്‍.


വെല്ലൂര്‍ മ്യുസിയം കണ്ട് തിരകെ നടക്കുവാന്‍  ഒരുങ്ങുകയായിരുന്നു ഞങ്ങള്‍.


പൌരാണികമായ കുറെ നടരാജ വിഗ്രഹങ്ങളും, കുറെ നാണയ ശേഖങ്ങളും, സ്റ്റഫ്‌ ചെയ്തു വെച്ചിരിക്കുന്ന പുലിയുടെയും, മയിലിന്‍റെയും ശരീര ഭാഗങ്ങളും, കുറെയേറെ ഉടവാളുകളും, പല തരത്തില്‍ ഉള്ള ഗ്രാനൈറ്റ് കല്ലുകളും ഒക്കെ നിറഞ്ഞതായിരുന്നു ആ മ്യുസിയത്തിന്‍റെ അകത്തളം.


ആ മ്യുസിയത്തിന്‍റെ മുന്‍വശത്തായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിനോസറിന്‍റെ പ്രതിമ കുറെ നേരം കണ്ണിമയിക്കാതെ നോക്കി നിന്നപ്പോള്‍ ആണ് മരച്ചില്ലയില്‍ ഇരുന്നു ഞങ്ങളെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന കുരങ്ങച്ചനെ കാണുവാന്‍ ഇടയായത്.


ഇപ്പോള്‍ ആക്രമിച്ചേക്കും എന്നുള്ള അവന്‍റെ ഭാവം ഞങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ പര്യാപ്തവും ആയിരുന്നു.

 

ലേശം പരിഭ്രമത്തോടെ അവന്‍റെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുവാന്‍ തീരുമാനിച്ചു. കാറ്റ് അതിന്‍റെ രൌദ്രഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ മരച്ചില്ലകളെ ഇളക്കികൊണ്ടിരുന്നെങ്കിലും ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്യ് വഴക്കത്തോടെ അതില്‍ അള്ളിപ്പിടിച്ചുള്ള അവന്‍റെ ഇരുപ്പും, തുറിച്ചു നോട്ടവും ഞങ്ങളെ രസിപ്പിക്കുക തന്നെ ചെയ്തു.

 

കുടെ ഉണ്ടായിരുന്നവര്‍ വാനരന്‍റെ ചേഷ്ടകള്‍ കണ്ടുമടുത്തപ്പോള്‍ മറ്റുള്ള കാഴ്ചകള്‍ കാണുവാനുറച്ചു മെല്ലെ നടന്നു നീങ്ങി. നിശബ്ദത തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം ഇഷ്ടപ്പെട്ടതുപോലെ അവന്‍ മരത്തിലൂടെ ഊര്‍ന്നിറങ്ങി. തൊട്ടടുത്തു സ്റ്റാന്‍ഡില്‍ ചാരി വെച്ചിരുന്ന ബൈക്കിലേക്ക് അവന്‍ ഓടി കയറി.

.എന്തിനുള്ള പുറപ്പാടില്‍ ആകും ഇവന്‍?. എന്‍റെ ചിന്താമണ്ഡലത്തെ ചൂട്‌ പിടിപ്പിക്കുവാന്‍ ഉതകുന്നതായിരുന്നു അവന്‍റെ അപ്പോഴത്തെ ആ പ്രവര്‍ത്തി.
 

എന്തായാലും അവന്‍റെ ഒരു ചിത്രം പകര്‍ത്തുവാന്‍ ഉറച്ച് ഞാന്‍ എന്‍റെ മൊബൈല്‍ ഫോണ്‍ കയ്യില്‍ എടുത്ത് അതിലെ ക്യാമറാ ഓണ്‍ ചെയ്തു പിടിച്ചു കൊണ്ടുള്ള നില്‍പ്പ് തുടര്‍ന്നു.

ബൈക്കിന്‍റെ സീറ്റില്‍ ഇരുന്നു മുന്‍വശത്ത് സാധനങ്ങള്‍ വയ്ക്കുവാന്‍ ആയി പിടിപ്പിച്ചിരിക്കുന്ന ചെറിയ ലെതര്‍ സഞ്ചി അവന്‍ തുറന്നു. അതില്‍ നിന്നും ആയാസരഹിതമായി ഒരു കുപ്പി വെള്ളം എടുത്ത് അതിന്‍റെ അടപ്പ് തുറന്ന് അവന്‍ വെള്ളം കുടിക്കുവാനും തുടങ്ങി.


കണ്ണുകള്‍ക്ക്‌ ഇമ്പമേകുന്ന പ്രവര്‍ത്തിയായിരുന്നു അവന്‍ സമ്മാനിച്ചത്.





2017, നവംബർ 10, വെള്ളിയാഴ്‌ച

ശിംശോൻ പ്രതികാരം




ശിംശോന്‍ പ്രതികാരം

 

ഹേമന്തം ചുംബനങ്ങൾ

കൊണ്ട് മൂടിയ രാവിൽ

ശിംശോനെന്ന മഹാമല്ലൻ

കോലാട്ടിൻ കുട്ടിയുമേന്തി

കളത്രം തൻചാരത്ത്

എത്തുവാൻ പുറപ്പെട്ടു 

വിളഞ്ഞു കിടക്കുന്ന

ഗോതമ്പു പാടങ്ങൾ

ദൂരവേ കണ്ടപ്പോഴേക്കും

ഹൃദ്യമാം അനുഭൂതി

മൊട്ടിട്ടു മനസ്സിൽ

കുടുബ ജീവിതത്തിൽ

ശാന്തിയും സന്തോഷവും

തരണേ നാഥായെന്നു

നിനച്ചു കൊണ്ടാണല്ലോ

പത്‌നി തൻഗൃഹത്തിൽ

പിന്നെയും  എത്തിയത്

വിലക്കിൻ ഗർജ്ജനങ്ങൾ

ശ്രവിച്ചു വീടിനുള്ളിൽ

ഭാര്യതൻ അപ്പൻ സ്വരം

കടുത്തു ആരവത്താൽ

അനിഷ്ടം ഏറിയതാൽ

ഭാര്യയോ തോഴൻതൻ

പത്നിയായി പാർക്കുന്നല്ലോ

കോപത്താൽ ജ്വലിച്ചല്ലോ

ശിംശോൻ അന്തരംഗം

പ്രതിശാന്തി മറ്റൊന്നുമേ

ഇല്ലല്ലോ ഉലകിൽ

കുറ്റമില്ല എൻ ജീവിതത്തിൽ

ആജന്മ ശത്രുക്കളാം

ഫെലിസ്ത്യരോയിവര്‍

കോപത്താൽ അന്ധനായി

വർത്തിച്ചു ശിംശോനപ്പോൾ

പ്രതികാര ചിന്തമൊട്ടിട്ടു

മനോഹ തന്‍പുത്രനില്‍

കാനനം തന്നില്‍ചേക്കേറി

മുന്നൂറു കുറുക്കന്മാരെ

പിടിച്ചു കെട്ടിയപ്പോള്‍

അവയുടെ വാലുകള്‍

ഈരണ്ടായി കൂട്ടികെട്ടി

പന്തവും കൊളുത്തി

വിളഞ്ഞു കിടക്കുന്ന

ഗോതമ്പു പാടങ്ങളെ

ലാക്കാക്കി ഓടിച്ചുവിട്ടു

അഗ്നിയോ പുല്‍കിയാ

വയലുകളെയെല്ലാം

ഫെലിസ്ത്യരോ പ്രജ്ഞയറ്റു

ഉഴറി നടന്നപ്പോഴും

*****************************

 

രഞ്ജിത്ത് നൈനാന്‍  മാത്യു


2017, നവംബർ 5, ഞായറാഴ്‌ച

ഭീരുത്വം


നിയമപരിരക്ഷ (കഥ)

നിലാവ് പൊഴിക്കുന്ന രാത്രിയിൽ ഒറ്റയ്ക്ക് നടക്കുവാൻ അവൾ ആഗ്രഹിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ  ഏറെയായി. ആ  ആഗ്രഹം അവൾ കൂട്ടുകാരോടും, വീട്ടുകാരോടും പങ്കുവച്ചപ്പോൾ  എതിർപ്പിന്റെ സ്വരങ്ങൾ പ്രതികരണങ്ങളെക്കാൾ മുൻപേ ഉയരുകയാണ് ചെയ്തത്. സ്ത്രീ ഒറ്റയ്ക്ക് നാട്ടിലൂടെ നടന്നു കഴിഞ്ഞാൽ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ എന്നും നിരത്തുവാൻ കാണുകയുള്ളു. ചിലപ്പോൾ സ്വന്തം ജീവിതം തന്നെ ഹോമിക്കപ്പെട്ടേക്കാം.

വർഷങ്ങൾ വിരുന്നു വന്ന്  കടന്നുപോയപ്പോഴും ആ ആഗ്രഹം അവളുടെയുള്ളിൽ കെടാത്ത കനൽ കട്ട പോലെ കിടപ്പുണ്ടായിരുന്നു. അവൾ പഠിച്ചു മിടുക്കിയായി വലിയൊരു പെൺകുട്ടിയായി  മാറി. ജോലി കിട്ടി ഗൾഫിലേക്ക്  പ്രവാസിയായി  ചേക്കേറിയപ്പോൾ അവളിൽ പിന്നെയും ഉറങ്ങിക്കിടന്ന ആഗ്രഹം ഫണം വിടർത്തി എഴുനേൽക്കുവാൻ തുടങ്ങിയിരുന്നു.

അവധിയുള്ള ഒരു ദിവസം അവൾ കൂട്ടുകാരോട് പോലും പറയാതെ നിലാവിന്റെ അകമ്പടിയുള്ള ഒരു  രാത്രിയിൽ നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്നു. നാളുകളായി സ്‌ത്രീയുടെ സാമീപ്യം അറിയാത്ത പുരുഷന്മാർ അവളുടെ അരികിലൂടെ വികാരങ്ങൾ അടക്കിപിടിച്ചുകൊണ്ടു  കടന്നുപോയി. ആരും അവളുടെ മാനത്തിനു വിലയിട്ടില്ല. ആരെയും അവൾക്ക് പേടിക്കേണ്ടിയ കാര്യവും  ഇല്ലായിരുന്നു.  അവിടെ ശക്തമായ നിയമം  അവളെ സംരക്ഷിക്കുവാൻ ഉണ്ടായിരുന്നു.

രഞ്ജിത് നൈനാൻ മാത്യു
അഡലൈഡ്,  

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

നാനാത്വത്തിൽ ഏകത്വം..


ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ്‌ “നാനാത്വത്തിൽ ഏകത്വം” എന്ന ആപ്‌തവാക്യം ഉപയോഗിക്കുന്നത്‌. സംസ്‌കാരം, ഭാഷ, മതം, വംശം, വസ്‌ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്‌തൃതമായ ഈ രാജ്യത്ത് അങ്ങനെയൊരു ഒരുമ അത്യാവശ്യവുമായിരുന്നു.
ഭാഷയുടെയും ,  ജാതിയുടെയും,  മതത്തിന്‍റെയും  വേലിക്കെട്ടുകൾ ഇല്ലാതെ മാനവരെ ഒരമ്മയുടെ മക്കളായി കണ്ട് സ്നേഹിക്കുവാൻ ആണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്.


ജവഹർലാൽ നെഹ്രുവും , Dr. അംബേദ്കറുമെല്ലാം ഭരണ ഘടനാ രൂപീകരിച്ച സമയത്ത് മുന്നോട്ട് വെച്ച  ആശയവും ഇതുതന്നെ ആയിരുന്നു.

വിഭജനത്തിന്‍റെ ഉണങ്ങാത്ത മുറിവുകൾക്കൊപ്പം,  പ്രൗഢമായ ആ  സവിശേഷത ഇന്ന് മാഞ്ഞു പോകുന്ന വേദനാജനകമായ കാഴ്ചയും നമ്മൾക്ക് കാണുവാൻ കഴിയും.
ഇന്ത്യയെന്ന മഹാരാജ്യത്തിന്‍റെ തല മുതൽ പാദം വരെയുള്ള വിസ്തൃതമായ ഭൂപ്രദേശത്തെ ഓരോ സംസ്ഥാനങ്ങൾക്കും അവരവരുടേതായ  ഭാഷയും, ഉത്സവങ്ങളുമെല്ലാം ഉണ്ടെന്നുള്ളത് വിസ്മരിക്കുവാൻ പറ്റാത്തതുമാണ്.
അങ്ങനെ ഒരവസരത്തിൽ കേരളത്തിന്‍റെ ഉത്സവമായ ഓണത്തിനും അതിന്‍റെതായ പ്രാധാന്യം ഉണ്ട്.
മലയാളി ലോകത്തിന്‍റെ ഏതു  കോണിൽ വസിച്ചാലും  ഓണം അതിന്‍റെ പ്രൗഢിക്ക് ഒട്ടും കോട്ടം തട്ടാതെ , പ്രാധാന്യത്തോടെ കൊണ്ടാടുന്നുവെന്ന വസ്തുത ഏറെ ശ്ലാഘനീയവുമാണ്.
അവിടെ ജാതിയുടെയും,  മതത്തിന്‍റെയും വേലിക്കെട്ടുകൾ അറുത്തുമാറ്റപെടുകയാണ്.     അഡലൈഡ് മാർത്തോമ്മാ പള്ളിയിലെ  അംഗങ്ങളും ഓണാഘോഷത്തിൽ പങ്കുചേരുകയും, അവരുടെ പരിമിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് കുറെയേറെ പരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു.




അതിൽ  തിരുവാതിര,  മാർഗംകളി, വള്ളംകളി, ഇന്ത്യയുടെ വസ്ത്രധാരണ രീതികൾ വ്യത്യസ്ത ദേശങ്ങളിലൂടെയും അവരുടെ വേഷവിധാനങ്ങളിലൂടെയും അതിന്‍റെ തനതു ശൈലിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

അതിൽ  പഞ്ചാബിയുടെയും , രാജസ്ഥാനിയുടെയും ,  ഗോവാകാരന്‍റെയും , തമിഴന്‍റെയും  കേരളീയന്‍റെയും, മഹാരാഷ്ട്രീയന്‍റെയുമെല്ലാം  വസ്ത്രധാരണ രീതികൾക്ക് പ്രാധാന്യം ഉണ്ടായിരുന്നു എന്നത് പ്രശംസനീയമായ കാര്യമാണ്.
കള്ളവും ചതിയും ഇല്ലാത്ത ഒരു ലോകം തന്‍റെ ഭരണകാലത്ത് ഉണ്ടായിരുന്നു എന്ന്‍ പ്രജകളെ ഓര്‍മ്മപെടുത്തുവാന്‍ വേണ്ടിയും,  അഡലൈഡ് മാര്‍ത്തോമ്മ അംഗങ്ങളെ കാണുവാനുമായി മഹാബലി ചക്രവര്‍ത്തി അവിടേക്ക് എഴുന്നള്ളിയപ്പോള്‍ എല്ലാവരുടെയും വദനം പ്രസന്നവദമായി തീര്‍ന്നു.

എല്ലാവരുടെയും ഒപ്പമിരുന്ന് മാവേലി തമ്പുരാന്‍ സദ്യ കഴിക്കുകയും, ഇനിയും വരുന്ന ഓണത്തിന് തീര്‍ച്ചയായും വരാം എന്ന ഉറപ്പ് നല്‍കികൊണ്ട് നടന്നുമറയുകയും ചെയ്തപ്പോള്‍ അവിടെ സദ്യകഴിച്ചുകൊണ്ടിരുന്നവരുടെ മുഖത്ത് മിന്നി മറഞ്ഞത് ശോകഭാവമായിരുന്നു.










2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ



വീണ്ടും ഒരോണം കൂടി കടന്നുവന്നിരിക്കുന്നു. മലയാളികൾ  ഈലോകത്തിന്റെ കോണിൽ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടെയെല്ലാം ഓണത്തപ്പനെ വരവേൽക്കുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു. അവിടെ ജാതിയുടെയും,  മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ല. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, മതമൈത്രിയുടെയും പ്രതീകമായി ഇന്നും ആ  ആഘോഷം നിലനിൽക്കുന്നു എന്നുള്ളത് ഏറെ പ്രശംസനീയവും ആണ്. "കാണം വിറ്റും ഓണം ഉണ്ണണം "എന്ന പഴമൊഴി എത്രയോ പ്രാധാന്യത്തോടെ  ആണ് ഇന്നത്തെ തലമുറ അനുഷ്ടിച്ചു പോരുന്നത്. 

യുവതലമുറയിലേക്കു ശാപം പോലെ പടർന്നു കയറിക്കൊണ്ടിരിക്കുന്ന മദ്യപാന ശീലം ഓണത്തിന്റെ നിറപ്പകിട്ടിനു കളങ്കം ചാർത്തുന്നു എന്ന വസ്തുത ഏറെ ദുഃഖകരവുമാണ്. 

ഓണം  നാം ആഘോഷപൂർവ്വം കൊണ്ടാടുമ്പോൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഒരു ജനവിഭാഗം  നമ്മൾക്ക് ചുറ്റും അധിവസിക്കുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.  അവരെ നാം സഹജീവികളായി  കണ്ട് അവരുടെ ഉന്നമനത്തിനായി നമ്മളാൽ കഴിയുന്ന വിധത്തിൽ പ്രവർത്തിക്കേണ്ടത് അനിവാര്യവുമാണ്‌. 

അയ്യപ്പപണിക്കരുടെ ഈ വരികൾ  ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രസക്തവുമാണ്.


"ഓണമുണ്ടറങ്ങുമ്പോൾ ഓർക്കണമിതും കൂടി,
ഓണമുണ്ണാത്തവരുണ്ടീ നാട്ടിൽ,
ഓണം കളിക്കാത്തോരുണ്ടീ നാട്ടീൽ,
ഓണമറിയാത്തോരുണ്ടീ നാട്ടിൽ,
ഓണമേയില്ലാത്തോരുണ്ടീ നാട്ടിൽ,
ഓണമുണ്ടുറങ്ങുമ്പോൾ 
ഓർക്കണമിതും കൂടി...."

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ  ഓണാശംസകൾ ...

2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

കുട്ടിക്കാല വികൃതികള്‍ (കഥ)


ആ സര്‍ക്കാര്‍ ഓഫീസില്‍ രാവിലേ മുതല്‍ ആളുകള്‍ വരികയും പോകുകയും ചെയ്തു കൊണ്ടിരിക്കുന്നു. ചിലര്‍ അന്ന്‍ വന്ന കാര്യം സാധിച്ചു കിട്ടാത്തതിന്‍റെ നിരാശയില്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്  വീട്ടിലേക്കു തിരികെ മടങ്ങി പോകുന്നതിന്‍റെ തിരക്കില്‍, മറ്റു ചിലര്‍ എന്തെങ്കിലും ഒക്കെ കൈമടക്കു കൊടുത്ത് കാര്യം സാധിച്ചെടുത്തേ മടങ്ങൂ എന്ന വാശിയില്‍ വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ അങ്ങിങ്ങായി സ്ഥാനം പിടിച്ചിരിക്കുന്നു.

 
ഉച്ച ഭക്ഷണം കഴിഞ്ഞപ്പോള്‍ തന്നെ മിക്കവാറും ജോലിക്കാര്‍ തളര്‍ന്നു കഴിഞ്ഞിരിക്കുന്നു. പഞ്ചിങ്ങ് മെഷീന്‍ കേടായി കിടക്കാന്‍ തുടങ്ങിയതിനു ശേഷം ജോലിക്കാരില്‍ ആരും തന്നെ കൃത്യനിഷ്ഠയോടെ ഡ്യൂട്ടിയ്ക്ക് വരാത്തതില്‍ ദേഷ്യം തോന്നിയെങ്കിലും വിനു ആരോടും പരാതി പറഞ്ഞില്ല.

 
അല്ലെങ്കിലും ആരോടും പറഞ്ഞിട്ടു യാതൊരു കാര്യവും ഇല്ല. പഞ്ചിങ്ങ് മെഷീന്‍ ജോലിക്കാര്‍ തന്നെയാണ് കേടക്കിയതാണെന്നുള്ളത് മേലാളന്‍മാരായ ഉദ്യോഗസ്ഥര്‍ക്കുവരെ വ്യക്തമായി അറിയാവുന്ന കാര്യം ആണ്. എല്ലാ ജോലിക്കാരും ഓരോരോ സംഘടനയിലെ അംഗങ്ങളും ആണ്. ആര്‍ക്കെങ്കിലും എതിരായി എന്തെങ്കിലും നടപടി എടുക്കാമെന്ന് വെച്ചാല്‍

പിന്നെ അതിനെ ചുറ്റി പറ്റിയാകും പുതിയ കോലാഹലങ്ങള്‍.

 
ഒന്നും വേണ്ട, മനസ്സമാധാനം മാത്രം മതി. ഈ സര്‍ക്കാര്‍ ഓഫീസില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ മുതല്‍ എന്തെങ്കിലും ഒക്കെ നാടിനു വേണ്ടി ചെയ്യണം എന്നു മനസ്സില്‍ കുറിച്ചിട്ടതാണ്. ഒന്നിനും സാധിക്കുമായിരുന്നില്ല വിനുവിന്, അയാളുടെ ശമ്പളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഭാര്യയെയും, മകളെയും പറ്റി ഓര്‍ക്കുമ്പോള്‍ ഒരു നടപടിക്കും തുനിഞ്ഞിറങ്ങുവാന്‍ തോന്നാറുമില്ല.

 
ഭാര്യയ്ക്ക് ഒരു ജോലിയ്ക്കുവേണ്ടി പരിശ്രമിക്കുവാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറെ ആയി. ഒക്കെ ശരിയാകും എന്നു മനസ്സ് ആരോ പറയുന്നതായി വിനുവിന് തോന്നി. വിശ്വാസം അതല്ലേ എല്ലാ മനുഷ്യ ജീവിതത്തെയും മുന്‍പോട്ടു നയിക്കുന്ന ഘടകം.

 
ചെറിയൊരു കോട്ടുവായ് വിട്ടുകൊണ്ട് വിനു കസേരയില്‍ മെല്ലെ നിവര്‍ന്നൊന്നിരുന്നു. ഭക്ഷണ ശേഷം പതിവായി കഴിക്കാറുള്ള പൂവന്‍ പഴം കഴിക്കുവാന്‍ മറന്നു പോയ കാര്യം അപ്പോഴാണ്‌ ഓര്‍മ്മവന്നത്. അത് കഴിച്ചില്ലെങ്കില്‍ പിന്നെ ജോലി ചെയ്യുവാന്‍ ഒരു ഉഷാര്‍ ഉണ്ടാകുകയില്ല. കുട്ടിക്കാലം മുതല്‍ തുടങ്ങിയ ശീലം അങ്ങനെയൊന്നും പെട്ടെന്ന് മാറ്റുവാന്‍ ആര്‍ക്കും കഴിയുകയില്ലല്ലോ.

 
പൂവന്‍ പഴവും കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് ഓഫീസിലെ ക്യാബിനു പുറത്തു കൂടി വികൃതികള്‍ കാട്ടി ഓടി ചാടി നടന്നിരുന്ന കുട്ടികളെ ശ്രദ്ധിച്ചത്. പ്യൂണ്‍ ശശിയുടെ കുട്ടികള്‍ ആയിരുന്നവര്‍. അവധിക്കാലം ആയതിനാല്‍ അയാള്‍ രാവിലെ ഓഫീസിലേക്ക് പോന്നപ്പോള്‍   കുട്ടികളെയും കുടെ കൂട്ടുകയായിരുന്നു.

 
അമ്മ മരിച്ച കുട്ടികള്‍ ആയിരുന്നതിനാല്‍ വേണ്ടതിലധികം ശ്രദ്ധ നല്‍കിയാണ്‌ അവരെ അയാള്‍ വളര്‍ത്തുന്നത്. അമ്മയില്ലാത്ത കുട്ടികള്‍ എന്ന പരിഗണന അവര്‍ക്കു ഈ സര്‍ക്കാര്‍ ഓഫീസിലും എല്ലാവരും നല്‍കിയിരിക്കുന്നു.

 
ജീവിതത്തിന്‍റെ യാതൊരു മാനസിക പിരി മുറുക്കവും ഇല്ലാതെ ആര്‍ത്തു ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന ആ കുട്ടികളുടെ ചെറിയ കളി തമാശകള്‍ കണ്ടപ്പോള്‍ മനസ്സില്‍ കൊഴിഞ്ഞു പോയ ബാല്യകാല ദിനങ്ങള്‍ ഓര്‍മ്മ വന്നു.

 
തനിക്കും ഉണ്ടായിരുന്നില്ലേ ഇതുപോലൊരു ബാല്യം. വികൃതികള്‍ കാട്ടി മറ്റുള്ളവരുടെ സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റിയൊരു ബാല്യം. ഒറ്റ മകന്‍ ആയതിനാല്‍ അപ്പയുടെയും, അമ്മയുടേയും സ്നേഹഭാജനം ആയി തീരുവാനും കഴിഞ്ഞിരുന്നു.

 
സഹോദരിമാരേക്കാളുമേറെ എപ്പോഴും സ്നേഹം ലഭിച്ചിരുന്നത് തനിക്ക് തന്നെ ആയിരുന്നു. തന്നെ വേണ്ടതിലധികം അവര്‍ സ്നേഹിച്ചിരുന്നതിനാല്‍ അനാവശ്യമായി വഴക്കു പിടിച്ചു അവരുടെ സ്വസ്ഥത നശിപ്പിക്കുവാന്‍ ഒരിക്കലും ശ്രമിച്ചിരുന്നുമില്ല. പഠിക്കുവാന്‍ സാമാന്യം മിടുക്കന്‍ ആയിരുന്ന തനിക്കെന്നും കളി കൂട്ടുകാരന്‍ ആയി ഉണ്ടായിരുന്നത് അപ്പായുടെ സഹോദരിയുടെ മകന്‍ രഞ്ജിത്ത് ആയിരുന്നു.


അവരുടെ വീടു അങ്ങു ദൂരെ ആയിരുന്നെങ്കിലും രഞ്ജിത്തിന്‍റെ ബല്യ കാലങ്ങള്‍ മിക്കവാറും ഈ കുഗ്രാമത്തെ ചുറ്റി പറ്റിയായിരുന്നു. വിശാലമായി കിടക്കുന്ന ആ തെങ്ങിന്‍തോപ്പില്‍ നിന്നു നോക്കിയാല്‍ തൊടിയുടെ താഴ്വശത്തായി നിരന്നു കിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു കവിഞ്ഞു കിടക്കുന്നത് കാണുവാന്‍ കഴിയുമായിരുന്നു. അപ്പോള്‍ ആ പാടശേഖരങ്ങള്‍ കണ്ടാല്‍ വെള്ളി പുതപ്പിനാല്‍  മൂടപ്പെട്ട ഒരു പ്രദേശം പോലെ തോന്നിയിരുന്നു.

 
ആ ഓളപ്പരപ്പിലൂടെ നീന്തി തുടിക്കുന്ന താറാവിന്‍ കൂട്ടങ്ങള്‍ക്ക് എപ്പോഴും   അകമ്പടിയായി ചെറിയ ചങ്ങാടങ്ങളില്‍ തുഴഞ്ഞു യാത്ര ചെയ്തിരുന്ന കര്‍ഷകര്‍.  ഓടിയും ചാടിയും യഥേഷ്ടം കളിച്ചു നടക്കുവാന്‍ വിശാലമായ പുരയിടം. പഴമയുടെ ഗന്ധവും പേറി നിന്നിരുന്ന ആ ഓടിട്ട ആ ചെറിയ വീട്ടില്‍ ആയിരുന്നു അവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.

 
തൊടിയോടു ചേര്‍ന്നു നില്‍ക്കുന്ന കാട്ടു പൊന്തയില്‍ ധാരാളം കീരികളും, അവയുടെ ശത്രുക്കള്‍ ആയ പാമ്പുകളും, വെരുകുകളും, കുളക്കോഴികളുമെല്ലാം വിഹരിച്ചിരുന്നു. തൊട്ടടുത്തുള്ള നമ്പൂതിരി ഇല്ലവും, അതിനോടു ചേര്‍ന്നു നില്‍ക്കുന്ന ചെറിയ അമ്പലവുമെല്ലാം ആ പ്രദേശത്തെ വന്യതയുടെ മേലാപ്പ് അണിയിച്ചിരുന്നു.

 
വണ്ടി കയറുന്നതിനു സൗകര്യം ഇല്ലായിരുന്ന ആ പുരയിടത്തിലേക്ക് കയറുവാന്‍ ഏക ആശ്രയമായി ഉണ്ടായിരുന്നത് സര്‍ക്കാര്‍ ആശുപത്രിയുടെ അരികിലൂടെയുള്ള ഇടുങ്ങിയ നടപ്പാതയായിരുന്നു.

 
അതിന്‍റെ ഓരം ചേര്‍ന്നു നില്ക്കുന്ന മൃതശരീര പരിശോധനാ കേന്ദ്രം ഞങ്ങളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍ വാരി വിതറിയിരുന്നു. ആ മൃതശരീര പരിശോധനാ കേന്ദ്രത്തിന്‍റെ അരികിലൂടെ സ്വയരക്ഷക്കായി പ്രാണനും കൊണ്ടുള്ള ഓട്ടമിപ്പോഴും ആലോചിക്കുമ്പോള്‍ മനസ്സില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടി വിടര്‍ത്താറുമുണ്ട്.

 
ഓരോ വേനല്‍ അവധിക്കാലങ്ങളും ഞങ്ങളുടെ മനസ്സില്‍ വിടര്‍ത്തിയിരുന്നത്  സന്തോഷത്തിന്‍റെ ദിന രാത്രങ്ങള്‍ ആയിരുന്നു. എന്തെങ്കിലും വികൃതികള്‍ കാട്ടി മറ്റുള്ളവരുടെ മനസ്സില്‍ ഇടം പിടിക്കുവാന്‍ ഞങ്ങള്‍ കാട്ടി കൂട്ടാത്ത കോപ്രായങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ഞങ്ങളുടെ വികൃതികള്‍ ഏറ്റവും കൂടുതല്‍ മടുപ്പിച്ചിരിക്കുന്നത് ഇടവക പള്ളിയിലെ ആളുകളെ ആയിരുന്നിരിക്കണം.

 
ഞാറാഴ്ച പള്ളിയില്‍ ചെന്നു കഴിഞ്ഞാല്‍ ഞങ്ങളിലേക്ക് പിശാച് വലിഞ്ഞു കയറിയിരിക്കും എന്നുള്ളത് ഒരു നഗ്നസത്യമായി ആ കാലങ്ങളില്‍ നിലനിന്നിരുന്നു. പ്രാര്‍ത്ഥന നടക്കുന്ന വേളയില്‍ അവിടെയിരുന്നു പൈസാ കറക്കി കുത്തും. ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നില്ല, ബിജുവെന്ന തല തെറിച്ച പയ്യനും എപ്പോഴും കൂട്ടിനുണ്ടാകും. കറക്കി കുത്ത് അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴേക്കും എതെങ്കിലും പ്രായമുള്ള അപ്പച്ചന്‍മാര്‍ ഞങ്ങളുടെ മിനുമിനുത്ത ചെവിയില്‍ ഞുള്ളിയിട്ടുണ്ടാകും.

 
എപ്പോഴും ഞങ്ങള്‍ ബിജു എന്ന സുഹൃത്തിനോട് പണത്തിന്‍റെ കാര്യത്തില്‍ കടപ്പാടുള്ളവര്‍ ആയിരിന്നു. കറക്കി കുത്തിന്‍റെ നേട്ടം മുഴുവന്‍ എപ്പോഴും അവനില്‍ നിക്ഷിപ്തം ആയിരക്കും. ശകുനി കള്ളചൂതില്‍ പാണ്ഡവന്മാരെ തോല്‍പ്പിച്ചതു പോലെ എന്തൊക്കെയോ സൂത്രപണികള്‍ അവന്‍റെ പക്കലും ഉണ്ടായിരുന്നിരിക്കണം.

 
പിറ്റേ ഞാറാഴ്ച പള്ളിയില്‍ പണവുമായി ചെന്നില്ലെങ്കില്‍ അവനില്‍ നിന്നു കിട്ടിയിരുന്ന അടിയുടെ ചൂട്‌ ശരീരത്തില്‍ അങ്ങോളം ഇങ്ങോളം ഒരു വിദ്യുത് പ്രവാഹം പോലെ പാഞ്ഞു കയറുമ്പോള്‍ ഞങ്ങലിലെ കൊച്ചു മോഷ്ടാക്കളും ഉണരുകയായിരുന്നു. ഞാന്‍ അപ്പായുടെ പോക്കറ്റില്‍ നിന്നും, അവന്‍ അമ്മയുടെ ബാഗില്‍ നിന്നും പണം എടുത്താണ് ആ കടങ്ങള്‍ വീട്ടിയിരുന്നത്.

 
കാബൂളിവാലായിലെ കടലാസിനേയും, കന്നാസിനേയും അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ആയിരുന്നു എന്നും ഞങ്ങളുടെ നടപ്പും പ്രകൃതവുമെല്ലാം. എന്തെങ്കിലും കുരുത്തക്കേടുകള്‍ ഒപ്പിക്കുന്നത്തിനു മുന്നോടിയായി  ഒന്നിച്ചിരുന്നുള്ള കൂടിയാലോചനകള്‍ പതിവായിരുന്നു.

 
ചില നേരങ്ങളില്‍ പാടത്ത് ചൂണ്ടയിടുമ്പോള്‍, ചിലപ്പോള്‍ കുട്ടിയും കോലും കളിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മറ്റു ചില അവസരങ്ങളില്‍ ഒക്കെയാവും ഞങ്ങളില്‍ പുതിയ പുതിയ ആശയങ്ങള്‍ ഊരിത്തിരിഞ്ഞു വന്നിരുന്നത്..

 
മാജിക്ക് കാട്ടികൊണ്ട് മറ്റുള്ളവരുടെ കയ്യടി നേടാം എന്ന ആശയം രൂപപെട്ടത് എന്നില്‍ ആയിരുന്നു. രഞ്ജിത്തും അതിനെ പിന്തുണച്ചപ്പോള്‍ പിന്നീടുള്ള വരും വരായ്കകളെ കുറിച്ചൊന്നും ചിന്തിച്ചതുമില്ല.

 
പിന്നീട് ലക്ഷ്യപ്രാപ്തി  നേടുവാനുള്ള അക്ഷീണം പരിശ്രമം ആയിരുന്നു. കിട്ടാവുന്ന മാന്ത്രിക പുസ്തകങ്ങള്‍ പലയിടത്തു നിന്നു സംഘടിപ്പിച്ചു വായിച്ചു പഠിക്കുവാന്‍ തുടങ്ങിയിരുന്നു ഞങ്ങള്‍.

 
അങ്ങനെ പരതി അവസാനം ഏതോ ഒരു മാസികയില്‍ കുറിച്ചിരുന്ന "ചാരം എങ്ങനെ പഞ്ചസാര ആക്കി തീര്‍ക്കാം" എന്ന ആശയം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും നന്നേ ബോധിക്കുകയും ചെയ്തു.

 
അപ്പോഴേക്കും ഞങ്ങളും രാമര്‍പിള്ളയുടെ പെട്രോള്‍ കഥ പോലെയോ, മജീഷ്യന്‍ സമ്രാട്ടിനേ പോലെയോ ഒക്കെ ഒരു ദിവസം പ്രശസ്തര്‍  ആകുന്നതും സ്വപ്നം കണ്ടു കൊണ്ട്‌ ലക്ഷ്യ പ്രപ്തിക്കായി അക്ഷീണ പരിശ്രമം ആരംഭിച്ചുകഴിഞ്ഞിരുന്നു.

 
രാത്രികള്‍ കിടക്കുമ്പോള്‍ ഞാനും സ്വപ്‌നങ്ങള്‍ കാണുവാന്‍ തുടങ്ങി. മൈഡാസിന്‍റെ സ്വര്‍ണ്ണത്തോടുള്ള ഭ്രമം പോലെ തൊടുന്നതെല്ലാം പൊന്നായി തീരുന്ന ഒരു കാലം ദൈവം വരം നല്‍കുന്നതായിട്ടുമൊക്കെയായിരുന്നു ആ സ്വപ്നങ്ങള്‍. മാജിക്ക് പരിശീലനം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരോട് ആ സത്യം വെളിപ്പെടുത്തി.

 
ചാരം തന്നു കഴിഞ്ഞാല്‍ പഞ്ചസാര ആക്കി തരാം.

 
പല തവണ അവര്‍ മാജിക്ക് കാട്ടണമെന്ന് ആവശ്യപ്പെട്ടപ്പോഴൊക്കെയും ഞങ്ങള്‍ ഇരുവരും ഓരോരോ ഒഴിവുകള്‍ പറഞ്ഞു രക്ഷപെടുകയാണ് ചെയ്തിരുന്നത്. അവരുടെ ശല്യം സഹിക്ക വയ്യാതെ ഞങ്ങള്‍ ഇരുവരും അല്പം കരുതിതന്നെയാണ് ഒരോ പരിപാടികള്‍ക്കും പങ്കെടുത്തിരുന്നതും. അങ്ങനെ ഞങ്ങളെ പേടിപ്പെടുത്തിയ ആ ദിവസം വന്നെത്തി.

കരയില്‍ നിന്നും ഏറെ മാറി പാടങ്ങള്‍ക്കു നടുവിലുള്ള ഒരു ദ്വീപിനു സമാനമായ സ്ഥലത്തായിരുന്നു കുടുംബയോഗ കെട്ടിടം. നിറയെ കേര വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ പ്രദേശം കാണുവാന്‍ ഞങ്ങള്‍ക്ക് ഏറെ കൌതുകവുമായിരുന്നു. കുടുംബ യോഗം നടക്കുന്ന ആ സ്ഥലത്തു വെച്ച് മാജിക്ക് കാട്ടുവാന്‍ കൂട്ടുകാര്‍ ആവശ്യപ്പെട്ടു.

 
ചാരം കൊണ്ടുവന്നു തരികയാണെങ്കില്‍ പഞ്ചസാര ആക്കാം എന്നു ഞങ്ങളുടെ മറുപടി അവര്‍ വെല്ലുവിളിയായി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ആ ഒറ്റ പെട്ട ദ്വീപില്‍ ചാരം കിട്ടില്ല എന്ന ഉത്തമ ബോധ്യം ഞങ്ങളില്‍ നിറഞ്ഞു കവിഞ്ഞു തുളുമ്പി നിന്നിരുന്നു.


എവിടെനിന്നോ ഒരുത്തന്‍ കുറെ ചാരം സംഘടിപ്പിച്ചു കൊണ്ടു വന്നപ്പോള്‍ ഞങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആത്മവിശ്വാസം കാറ്റ് അഴിച്ചു വിട്ട ബലൂണ്‍ പോലെ ചുക്കി ചുളിഞ്ഞു ഇല്ലാതെ ആയി തീര്‍ന്നു.


പോക്കറ്റില്‍ ഞങ്ങള്‍ കരുതി വെച്ചിരുന്ന പഞ്ചസാരയുടെ ചെറിയ പൊതിക്കെട്ടുകള്‍ പ്രായത്തില്‍ മൂത്ത ഒരു ചേട്ടന്‍ ബലാല്‍ക്കാരമായി പിടിച്ചു വാങ്ങിയപ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ട അണ്ണാന്‍റെ അവസ്ഥയില്‍ ആയിരുന്നു ഞങ്ങളുടെ വദനം.

 
പിന്നീട് ഞങ്ങള്‍ മറ്റൊന്നും ആലോചിക്കാതെ പ്രാണരക്ഷാര്‍ത്ഥം അക്കരയ്ക്ക് പുറപ്പെടുവാന്‍ തയ്യാറായി അവിടെ നിന്നിരുന്ന ഒരു വള്ളത്തിലേക്ക് ഓടികയറി സ്വന്തം ശരീരത്തെ പരുക്കുകളില്‍ നിന്നും രക്ഷിക്കുകയാണ് ചെയ്തത്.

 

സാര്‍ ഇന്നു വീട്ടില്‍ പോകുന്നില്ലേ?.

 

പ്യൂണ്‍ ശശിയുടെ ചോദ്യം വിനുവിനെ ചിന്തകളില്‍ നിന്നും മെല്ലെ തട്ടി ഉണര്‍ത്തി. എന്തൊക്കെയോ ആലോചിച്ചു ഇച്ചിരി നേരം ഇരുന്നു പോയി എന്ന വിനുവിന്‍റെ മറുപടി ശശിയില്‍ ചെറിയൊരു ചിരി പടര്‍ത്താതിരുന്നില്ല.

 

"സാര്‍ ഇപ്പോഴും സ്വപ്‌നങ്ങള്‍ മാത്രം വിളയുന്ന ഏതോ മായാലോകത്താണോ ജീവിക്കുന്നത്" എന്ന ശശിയുടെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ വിനു കസേരയില്‍ നിന്നു പെട്ടന്നു എഴുനേറ്റു.


സാധാരണ ദിവസങ്ങളില്‍ ഓഫീസില്‍ നിന്നു നേരത്തെ വീട്ടിലേക്ക് യാത്ര തിരിക്കാറുള്ളതാണ്. ഇന്നു ഏറെ നേരം വൈകിയിരിക്കുന്നു.

 
ചോറ്റുപാത്രവും എടുത്ത് വീട്ടിലേക്കു സ്കൂട്ടറില്‍ യാത്ര തുടര്‍ന്നപ്പോഴും വിനുവിന്‍റെ മുഖത്ത് കുട്ടിക്കാലത്തെ പ്രസരിപ്പുകള്‍ നഷ്ടപ്പെടാതെ തെളിഞ്ഞു നിന്നിരുന്നു. ആ പോയ കാലങ്ങള്‍ ഇനിയും ഒരിക്കലൂടെ തിരകെ ലഭിച്ചിരുന്നെങ്കില്‍ എന്ന് വിനുവിന്‍റെ മനസ്സ് അപ്പോഴും ആഗ്രഹിച്ചിരുന്നിരിക്കണം.

 
 
........................................................ശുഭം.............................................................................

രഞ്ജിത്ത് നൈനാന്‍ മാത്യു

അഡലൈഡ്  , സൗത്ത് ഓസ്ട്രേലിയ

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ജീവിതം അർത്ഥപൂർണ്ണം ആകണമെങ്കിൽ

"ഹൃദയത്തിൽ എപ്പോഴും സ്നേഹം കരുതിവെയ്ക്കുക, അല്ലാത്തപക്ഷം , സൂര്യപ്രകാശം ഏൽക്കാതെ പുഷ്പങ്ങൾ നശിച്ചു പോയ പൂന്തോട്ടം പോലെ ആകും ജീവിതം"


ഓസ്കർ വൈൽഡ് എന്ന ആംഗലേയ എഴുത്തുകാരന്റെ വാക്കുകൾ ആണ് ഇത്.




അതെ നാം  നമ്മൾക്കു ചുറ്റുമുള്ള  സഹജീവികളോട് സ്നേഹവും , കരുതലും ഉള്ളവർ ആയി തീരണം.  അപ്പോൾ  മാത്രമേ നമ്മുടെ ജീവിതത്തിലേക്ക് നന്മയുടെ പ്രകാശം കടന്നുവരികയുള്ളു. 


ഇവിടെയാണ് കവി വചനത്തിന്റെ പ്രസക്തി .




" നമുക്ക് നാമേ  പണിവതു നാഗം , നാരകവും അതുപോലെ"




ഈ ലോകത്തിൽ നമ്മളിൽ ഓരോരുത്തർക്കും  ലഭിച്ച താലന്തുകൾ ശരിയായി വിനയോഗിക്കുമ്പോൾ അത് മറ്റുള്ളവർക്ക് തണലേകുവാൻ  നിമിത്തം ആയിത്തീരും.  ആ തണലിൽ ഇരുന്നു  പലരും ആശ്വാസം കണ്ടെത്തുമ്പോൾ അവിടെ സ്വർഗ്ഗിയ അനുഭവം വിളയാടും . ശാന്തിയും സമാധാനവും ഈ ലോകത്തിൽ വന്നു ഭവിക്കും. 

അങ്ങനെ ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട് നാം ഉണർന്നു പ്രവർത്തിക്കുമ്പോൾ അവിടെ എതിർപ്പുകളും, വിമർശനങ്ങളും രൂപപ്പെട്ടേക്കാം. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാതെ അവരുടെ താത്പര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുമ്പോൾ  അവിടെ സ്നേഹ ബന്ധങ്ങൾ ദൃഢമായിതീരും .

അപരന്റെ ആവശ്യത്തെ  കുറിച്ചുള്ള അറിവാണ് ബന്ധങ്ങൾ ദൃഢമാകുവാൻ ഇടയായി തീരേണ്ടിയത് .   

ആ തിരിച്ചറിവ് മനുഷ്യ സമൂഹത്തിൽ  വലിയൊരു പരിവർത്തനത്തിനു കരണഭൂതമായി ഭവിക്കുതാണ്.

"പൂന്തോട്ടത്തിൽ നിൽക്കുന്നതല്ല പ്രധാനം , നമ്മുടെ ലക്‌ഷ്യം നാം നിൽക്കുന്ന ഇടം പൂന്തോട്ടം ആക്കി തീർക്കുക എന്നതായിക്കണം. അവിടെ സ്നേഹത്തിന്റെ മാറ്റൊലികൾ മുഴങ്ങി കേൾക്കും . അങ്ങനെയുള്ള ആളുകളുടെ ജീവിതം നൂറുമേനി  ഫലം പുറപ്പെടുവിക്കുമെന്നുള്ള     കാര്യം നിസ്തർക്കമാണ് .

ഇഹലോക ജീവിത യാത്രക്കിടയിൽ  നന്മ  ചെയ്യുവാൻ ലഭിക്കുന്ന ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണെന്നുള്ള ചിന്ത  എല്ലാവരുടെയും ഹൃദയത്തിൽ ആഴത്തിൽ വേരൂന്നട്ടെ  എന്നാശംസിക്കുന്നു.

രൺജിത് നൈനാൻ മാത്യു. 



2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച

വൃദ്ധസദനങ്ങൾ

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു. ഭോഷനായ മകൻ അമ്മക്ക് വ്യസന ഹേതുവായി തീരുന്നു. 

വൃദ്ധസദനങ്ങളിന്നു  നമ്മുടെ നാടിനൊരു അലങ്കാരമായി  മാറിക്കൊണ്ടിരിക്കുന്നു. അവിടെ  എത്തപ്പെടുന്ന വൃദ്ധജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  വർണ്ണനാതീതമാണ്. ഉറ്റവരിൽ നിന്നു വേറിട്ടു  കഴിയുമ്പോൾ അവർക്കുണ്ടാകുന്ന മാനസികവും വൈകാരികവുമായ തലങ്ങൾ ഒരു  ഒറ്റപ്പെടലിന്റെ  അവസ്ഥ സംജാതമാക്കി തീർക്കുവാൻ  ഇടയാക്കും.  

ആ നില മാറേണ്ടിയത് വളരെ അത്യാവശ്യമാണ്.  പ്രായമായവർക്ക്  മക്കളും,  കൊച്ചുമക്കളും, പേരക്കിടാങ്ങളും  എല്ലാ  അർത്ഥത്തിലും വേണ്ട കൈതാങ്ങായി നിലകൊള്ളുമ്പോൾ അവിടെ സന്തോഷവും  സമാധാനവും കളിയാടും.  ആ അനുഭവം എല്ലാ ഭവങ്ങളിലും സംജാതമാകുന്നൊരു കാലം ഉണ്ടാകുവാൻ നമ്മൾ ഓരോരുത്തരും മാതൃകയായി തീരണം.


അങ്ങനെയൊരു  കാലം  തിരികെ വരുമ്പോൾ നമ്മുടെ  നാടിന്റെ മുഖഛായ തീർച്ചയായും മാറും.  കൊച്ചുമക്കൾക്ക്‌ നല്ല കഥകൾ ചൊല്ലിക്കൊടുക്കുവാനും, അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുവാനും പ്രായമായവർക്ക് കഴിയും. തെറ്റും, ശരിയും വിവേചിച്ചറിയുവാൻ കൊച്ചുമക്കൾ പ്രാപ്തരായി തീരും.  ആ തിരിച്ചറിവ് വലിയൊരു മാറ്റം ഈ സമൂഹത്തിൽ കൊണ്ടുവരാൻ പര്യാപ്‌തവുമാണ്. 

ഇന്ന് ഞാൻ വായിച്ച  അർത്ഥവത്തായൊരു  കവിത ഈ ലേഖനത്തിനു  പിൻബലമേകുവാൻ ഉതകുന്നതാണെന്നു തോന്നി.

കവിതയുടെ പേര് " എക്സ്ട്രാ താക്കോൽ"

2017, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

ഹിമാലയൻ തേൻ

ഹിമാലയൻ തേൻ

ജീവന്‍ പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍. ഇന്ന് ആ കണ്ണിയില്‍ കേവലം രണ്ടു പേര്‍ മാത്രം. നേപ്പാളിലെ ഹിമാലയത്തോട് ചേര്‍ന്നുള്ള ' സദ്ദി ' എന്ന ഒരു ഗ്രാമമുണ്ട്.ഇവിടെ 400 അടി ഉയരത്തില്‍ നിന്ന് മലമുകളിലെ പാറക്കെട്ടുകളിലുള്ള തേനീച്ച പ്പുറ്റില്‍ നിന്ന് മുളകള്‍ ചേര്‍ത്തു കെട്ടിയ വലിയ എണിയിലൂടെ കയറി അതിസാഹസികമായി തേന്‍ ശേഖരിക്കുന്ന വലിയ ഒരു ജനവിഭാഗമുണ്ടായി രുന്നു. അവരിലെ അവസാനകണ്ണികളായി ഇപ്പോള്‍ രണ്ടുപേര്‍ മാത്രം. 57 കാരനായ "മൌലി ധന്" അദ്ദേഹത്തിന്‍റെ ശിഷ്യന്‍ 40 കാരനായ "അസ്ധനും". തൊഴിലിലെ റിസ്ക്കും, വരുമാനക്കുറവും മൂലം എല്ലാവരും ഈ രംഗം വിട്ടെങ്കിലും ഇവര്‍ രണ്ടുപേരും ഇന്നും ഈ തൊഴില്‍ കൈവിട്ടിട്ടില്ല.

നാഷണല്‍ ജിയോഗ്രാഫി ചാനല്‍ നിര്‍മ്മിച്ച " മരണത്തെ തോല്‍പ്പിച്ച അവസാന പോരാളി " എന്ന ഡോക്യുമെന്‍ററി യില്‍ ഇവരുടെ ജീവിതവും സാഹസികതയും വിസ്തൃതമായി പ്രതിപാദിച്ചിട്ടുണ്ട്.

മൌലി 15 മത്തെ വയസ്സ് മുതല്‍ ഈ തൊഴിലില്‍ വ്യാപൃതനാണ്. പിതാവില്‍ നിന്നാണ് അദ്ദേഹം ഹിമാലയത്തിന്റെ ഉയരങ്ങളില്‍നിന്നു തേന്‍ ശേഖരിക്കുന്ന വിദ്യ മനസ്സിലാക്കിയത്. ഒരു തവണ കയറിയിറങ്ങുമ്പോള്‍ 20 കിലോ തേന്‍ വരെ ലഭിക്കാറുണ്ട്. വിദേശ മാര്‍ക്കറ്റു കളില്‍ ഹിമാലയത്തിലെ തേനിനു വലിയ മാര്‍ക്കറ്റാണ്.

Apis Dorsata Laboriosa എന്ന ഇനത്തിലുള്ള തേനീച്ചകളാണ് ഹിമാലയത്തിലുള്ളത്. ലോകത്തെ ഏറ്റവും മുന്തിയ ഇനം തേനാണ് ഇവയില്‍ നിന്നും ലഭിക്കുന്നത്. ഒരു കിലോക്ക് 15000 രൂപ വരെ വിലയുണ്ട്‌..
ഏറെ വലിപ്പമുള്ള ഈ തേനീച്ചകള്‍ വലിയ ആക്രമണകാരികളാണ്. ഇവയുടെ ആക്രമണം അതിജീവിക്കാന്‍ പ്രത്യേക പരിശീലനവും മുന്‍കരുതലുകളും ആവശ്യമാണ്.



https://youtu.be/esGz-HrB-Js