ആകെ പേജ്‌കാഴ്‌ചകള്‍

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

ഞാന്‍ നിങ്ങളുടെ സ്വന്തം അമ്മാവന്‍



അമ്മാവന്‍, നാട്ടുകാര്‍ ഓമനിച്ചു വിളിക്കുന്ന ആ വിളിപ്പേരെനിക്ക് ഒത്തിരി ഇഷ്ടമാണ്. നാട്ടുകാരുടെയെല്ലാം അമ്മാവനായി അറിയപ്പെടാനും  വേണമല്ലോ ഒരു മുന്‍ജന്മ സുകൃതം. ആദ്യമൊക്കെ കേള്‍ക്കാന്‍ അത്ര സുഖമില്ലയിരുന്ന ആ ഇരട്ട പേര് ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍ പിന്നീട്‌ മനസ്സില്‍ എതിര്‍പ്പ് തോന്നിയതുമില്ല.

 

ഈ ലോകത്തില്‍ ഉള്ള  അല്പകാല ജീവിതം എത്രയോ സുന്ദരമാണ്. അത് വളരെ വേഗത്തില്‍ പുഷ്പിക്കുകയും കായിക്കുകയും, കൊഴിഞ്ഞു വീഴുകയും ഒക്കെ ചെയ്യുന്നില്ലേ?.

 

ആ ജീവിതത്തില്‍ ചെറിയ പരിഭവങ്ങളും, ദുഃഖങ്ങളും, വലിയ സന്തോഷങ്ങളും ഒക്കെയില്ലേ നമ്മള്‍ക്കോരോത്തര്‍ക്കും . അതിനിടയില്‍ ഈ വലിയ ലോകത്തില്‍ ഒരു ചെറിയ പേരില്‍ എന്തിരിക്കുന്നു എന്നു നിങ്ങള്‍ ഓര്‍ക്കുമായിരിക്കും അല്ലേ?. എന്നാല്‍ അതിനു പിന്നില്‍ നിങ്ങളോട് പറയാന്‍ ഏറെയുള്ളൊരു കഥയുണ്ട് കൂട്ടുകാരേ എനിക്കും.... 

 

ആ കഥ പറയുന്നതിന് മുന്‍പ്‌ എന്‍റെ നാടിനെ പറ്റി ഒരു ചെറിയ വിശദീകരണം നിങ്ങള്‍ കേള്‍ക്കൂ. കൃഷിയേ ഏറെ സ്നേഹിച്ചിരുന്ന ഒരു പറ്റം ഗ്രാമീണര്‍ അധിവസിക്കുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു എന്‍റെത്. അവിടെ നിശബ്ദം വീശിയിരുന്ന പടിഞ്ഞാറന്‍ കാറ്റിനു പാടത്തു ഉഴുത് മറിച്ച ചേറിന്‍റെ ഗന്ധം ഉണ്ടായിരുന്നു. കേരവൃക്ഷങ്ങള്‍ക്ക് കീഴെ മറയാന്‍ വെമ്പിയ സൂര്യന്‍ തന്‍റെ വഴിയെ ചുവപ്പ് ചാര്‍ത്തിയിരുന്നു.

 

ഗ്രാമീണരുടെ ഇടയില്‍ സ്നേഹത്തിന്‍റെ ഭാഷയില്‍ മാത്രം പരസ്പരം ആശയവിനിമയം നടത്താന്‍ അറിഞ്ഞിരുന്നൊരു തലമുറയുണ്ടായിരുന്നു. തെറ്റു കണ്ടാല്‍ ശാസിക്കാനും അവരെ നേര്‍വഴിക്കു നടത്തുവാനും ഒരേ വീടുകളിലും പ്രായമുള്ള മുത്തശ്ശനും, മുത്തശ്ശിയും ഒക്കെയുണ്ടായിരുന്നു. അവര്‍ ആ വീടുകളിലെ വിളക്കുകള്‍ പോലെന്നും പ്രകാശിക്കുന്നവരും ആയിരുന്നു.

 

നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരത്തിന്‍ കരയില്‍ സ്ഥിതിചെയ്യുന്ന ഓടിട്ട ചെറിയ വീടായിരുന്നു എന്‍റെത്. അവിടെ സ്നേഹമുണ്ടായിരുന്നു. പ്രായമായ മുത്തശ്ശനും, മുത്തശ്ശിയും ഒക്കെയുള്ള വലിയൊരു കൂട്ടുകുടുംബം. എന്തിനും ഏതിനും മുത്തശ്ശന്‍റെ വാക്കുകള്‍ക്ക് വില കല്പിക്കുന്ന അച്ഛന്‍. തൊടിയില്‍ അങ്ങോളം ഇങ്ങോളം തണല്‍ വിരിച്ചുനില്‍ക്കുന്ന മരക്കൂട്ടങ്ങള്‍. ആ മരങ്ങളില്‍ യഥേഷ്ടം വിഹരിച്ചിരുന്ന പക്ഷികളും, അണ്ണാറകണ്ണന്‍മാരുമെല്ലാം ആ പ്രദേശമാകെ ശബ്ദമുഖരിതമാക്കിയിരുന്നു. തൊടിയില്‍ അങ്ങിങ്ങായി മരചുവട്ടില്‍ വീണുകിടക്കുന്ന മഞ്ചാടിക്കുരുവും, കുന്നിക്കുരുവും കൂട്ടുകാരോടൊപ്പം പെറുക്കി നടന്ന കുട്ടിക്കാലം. 

 

വീട്ടില്‍ നിന്നു നോക്കിയാല്‍ തൊടിയില്‍ നാളികേരങ്ങളുമായി നില്‍ക്കുന്ന കല്പകവൃക്ഷങ്ങള്‍  വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. അങ്ങു ദൂരെ ഒരു വെള്ളി രേഖ പോലെ ഒഴുകുന്ന പുഴയില്‍ എത്രയോ തവണ കുട്ടിക്കാലങ്ങളില്‍ മുങ്ങാന്‍ കുഴിയിടാനും, മീന്‍ പിടിക്കുവാനും ഒക്കെ പോയിട്ടുണ്ട്. പുഴയിലൂടെ താറാവിന്‍ പറ്റങ്ങളുമായി  പോകുന്ന താറാവ് വളര്‍ത്തുകാര്‍. ഒരേ നിരയില്‍  പോകുന്ന താറാവ് പറ്റങ്ങളുടെ കുണുങ്ങി കുണുങ്ങിയുള്ള യാത്ര കാണുവാന്‍ നല്ല ചന്തമാണ്. അങ്ങിങ്ങായി പുഴക്കരയില്‍ ചൂണ്ടയും വലയുമായി സമയം കൊല്ലുന്ന ആളുകള്‍. അവരുടെ ചെറിയ നേരമ്പോക്കുകള്‍ക്കിടയില്‍ ഉതിര്‍ന്നു വീഴുന്ന രസച്ചരടുകള്‍ തമാശയോടു കേട്ടുകൊണ്ടിരുന്നിട്ടുണ്ട് പലപ്പോഴും.

 

അതിനിടയില്‍ അറിയാതെ വീണു കിട്ടിയ പാതി വിടര്‍ന്ന സൌഹൃങ്ങള്‍...അകന്നു പോയ നിഴലുകള്‍. എല്ലാം നേര്‍ത്തരോര്‍മ്മ മാത്രമായി ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

 

കൊഴിഞ്ഞുപോയ സ്വപ്നങ്ങളും വിടരാനിരിന്നിരുന്ന മോഹങ്ങളും... എല്ലാം എന്നിലുമുണ്ടായിരുന്നു.

 

കാലം നീങ്ങുംതോറും ഞാനും വളര്‍ന്നു. വളരെ വേഗം. പക്ഷെ, ഞാന്‍ വളര്‍ന്നു വരുന്നത് വീട്ടില്‍ അസൂയയോട് നിരിക്ഷിരുന്ന ഒരാള്‍ ഉണ്ടായിരുന്നു. എന്‍റെ പ്രിയപ്പെട്ട മുത്തശ്ശന്‍. അന്നു മുത്തശ്ശനു മടിയില്‍ വയ്ക്കുവാനും താലോലിക്കുവാനും പേരക്കുട്ടിയായി  താന്‍ മാത്രമേയുള്ളായിരുന്നു. ഒരു കളിക്കൂട്ടുകാരന്‍ നഷ്ടപെടുന്നതിന്‍റെ വേദന ആ മുഖത്തു നിന്നു പലപ്പോഴും വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ ഞാന്‍ വളര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ എന്നോട് പിണങ്ങി ലോകം തന്നെ വിട്ടുപോകില്ലായിരുന്നല്ലോ മുത്തശ്ശന്‍.

 

ജീവിത യാത്രയില്‍ ഞാനും ഒരു പ്രവാസിയായി.

 

"ഒരു നാള്‍ വിരിയുകയും മറ്റൊരു നാള്‍ പൊഴിയുകയും ചെയ്യുന്ന സ്വപ്നങ്ങള്‍ മാത്രമുള്ള സ്വപ്ന ജീവികളാണല്ലോ പ്രവാസികള്‍ ".

 

ആ സ്വപ്ന ലോകത്തേക്കു നമ്മളെയെല്ലാം നേട്ടങ്ങളുടെ പട്ടിക കാട്ടി എപ്പോഴും മാടി വിളിച്ചു കൊണ്ടിരിക്കും പ്രവാസജീവിതം.

 

ജീവിത പ്രാരാബ്ദങ്ങള്‍ കുറെയേറെ നാളുകള്‍ പ്രവാസിയായി ജീവിതം തുടരുന്നതിന് ഇടയാക്കി. അതിനിടയില്‍ തന്‍റെ വിവാഹം, മക്കളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, എല്ലാമായി കാലങ്ങള്‍ ഏറെ കഴിഞ്ഞു. കാലചക്രം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. നാട്ടിലേക്കൊരു മടക്കയാത്ര എന്നും സ്വപ്നം കണ്ടിരുന്നെങ്കിലും ആ യാത്ര തനിക്കു തരപ്പെട്ടത്‌ മധ്യവയസ്സ് കഴിഞ്ഞപ്പോള്‍ മാത്രമാണ്.

 

തിരികെ നാട്ടിലെത്തിയപ്പോള്‍ അകെയൊരു മാറ്റം ദര്‍ശിക്കുവാന്‍ തനിക്കു കഴിഞ്ഞിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ എത്തിയിരുന്നപ്പോള്‍ ഈ  മാറ്റങ്ങള്‍ ഒന്നും ശ്രദ്ധിക്കുവാന്‍ തനിക്കു കഴിഞ്ഞിട്ടില്ലല്ലോ?.

 

നീണ്ട കാലയളവിലെ വികസന പ്രവര്‍ത്തനങ്ങള്‍ നാടിന്‍റെ മുഖച്ചായ അപ്പാടെ മാറ്റിയിരുന്നു. തന്‍റെ നാട്ടിലെ പുഴയും, കുന്നുകളും, പാടശേഖരങ്ങളും ഒക്കെ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. അവിടെ അങ്ങിങ്ങായി ഉയര്‍ന്നു പൊങ്ങിയിരിക്കുന്ന ബംഗ്ലാവുകള്‍ തന്‍റെ നാടിന്‍റെ ഭംഗിക്കു കോട്ടം വരുത്തിയിരുന്നു എന്നു മനസ്സില്‍ ഓര്‍ത്തുകൊണ്ടു ഗ്രാമീണ വയനശാലയിലേക്ക്‌ മെല്ലെ നടന്നു.

 

യാത്രക്കിടയില്‍ വഴിയില്‍ കണ്ട കലുങ്കിലേക്കു വെറുതെ നോക്കി. എത്രയോ തവണകള്‍ കുട്ടിക്കാലത്ത് ഇവിടിരുന്നു സംസാരിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം അന്യമാണല്ലോ എന്നു മനസ്സില്‍ വെറുതെയോര്‍ത്തു. ഈ കാലത്ത് മാതാപിതാക്കള്‍ക്ക് മക്കളുടെ പഠനം മാത്രമേയുള്ളല്ലോ ലക്‌ഷ്യം. അതിനിടയില്‍ കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കുവാനോ, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനോ ഒന്നും സമയം ലഭിക്കാറുമില്ലല്ലോ.     

 

നാട്ടിലുള്ള പുതുമുഖങ്ങളെ പരസ്പരം കണ്ടു പരിചയപ്പെടുന്നത് ആ ഗ്രാമീണ വായനശാലയില്‍ വെച്ചാണ്‌. വായനയുടെ ലോകത്തേക്ക് തന്നെ കൈ പിടിച്ചു നടത്തിയത് ഈ ഗ്രാമീണ വായനശാലയല്ലേ എന്നു മനസ്സില്‍ ഓര്‍ക്കാതിരുന്നില്ല. ജീവിതത്തിന്‍റെ പരുപരുത്ത പുറങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചമല്ലേ തനിക്കവിടെ അനുഭവിക്കുവാന്‍ കഴിയുന്നത്‌.

 

പത്രപാരായണത്തിനിടയില്‍ ആണ് വടക്കേതിലെ ഗോപാലന്‍റെ മകന്‍ രാഹുലിനെ പരിചയപ്പെടുന്നത്. അദ്യ സംസാരത്തില്‍ നിന്നു തന്നെ അവന്‍റെ സ്വഭാവം ഊഹിച്ചെടുക്കാന്‍ തനിക്കു കഴിഞ്ഞിരുന്നു. യാതൊന്നിനേയും വകവെച്ചു കൊടുക്കാത്ത പ്രകൃതം, എപ്പോഴും ആരോടെങ്കിലും എന്തെങ്കിലും അവനു സംസാരിച്ചുകൊണ്ടിരിക്കണം.

 

ആ ചുരുങ്ങിയ കാലയളവിനുള്ളില്‍ താനും രാഹുലും നല്ല സുഹൃത്തുക്കള്‍ ആയി കഴിഞ്ഞിരുന്നു. വായനശാലയിലെ പതിവായുള്ള കൂടികാഴ്ച്ചയില്‍ എത്രയോ കാര്യങ്ങള്‍ പരസ്പരം സംസാരിച്ചിരിക്കുന്നു. ഒരിക്കല്‍ സംസാരത്തിനിടയിലാണവന്‍ ഒരാവശ്യം ഉന്നയിച്ചത്. ആരോടും പറയാതെ ആ കാര്യം ചെയ്തു കൊടുക്കുകയും വേണം. അവന്‍റെ അവശ്യം കേട്ടപ്പോള്‍ പറ്റില്ലെന്നു പറഞ്ഞതുമാണ്. എങ്കിലും പിന്നീട് അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്തു കൊടുക്കാമെന്നു സമ്മതിച്ചു.

 

കോളജില്‍ അമ്മാവനായി ചെന്നു  പ്രിന്‍സിപ്പാളിനെ  കാണണം. പലപ്പോഴും ക്ലാസ്സ് മുടക്കി സിനിമയ്ക്ക് പോയതിനു അവനു കിട്ടിയ പ്രതിഫലം ആയിരുന്നു ആ സസ്പന്‍ഷന്‍. ഹാജര്‍ ഇല്ലാത്തതിനാല്‍ രാഹുലിനെ പരീക്ഷ എഴുതിക്കാന്‍ പറ്റുകയുമില്ല. പഠിക്കുന്ന കാലത്ത് താനും എത്രയോ തവണകള്‍ ക്ലാസ് മുടക്കി  സിനിമയ്ക്ക്‌ പോയിരിക്കുന്നു. കുട്ടികളുടെ വികൃതിയായി മാത്രമേ അതിനേ കാണുവാന്‍ തനിക്കു കഴിയുമായിരുന്നുള്ളൂ.

 

മറ്റൊരാളെ സഹായിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ നാണക്കേടുണ്ടാക്കുന്ന കാര്യവുമാണ് താന്‍ ചെയ്യാന്‍ പോകുന്നത്. ഭാര്യയോട്‌ പറഞ്ഞാല്‍ അവള്‍ ദേഷ്യപ്പെടാതിരിക്കുകയില്ല. പ്രായമായ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണം എന്നെല്ലാം അവള്‍ പറയുമായിരിക്കും. ഓര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു വല്ലാത്ത വെപ്രാളം തോന്നാതിരുന്നില്ല.

 

പ്രവാസ ജീവിതത്തിന്‍റെ ബാക്കി പത്രം പോലെ കിട്ടിയ അസുഖങ്ങള്‍ എല്ലാമിന്നു തന്നെ വല്ലാതങ്ങ് അലട്ടുന്നില്ലേ?. അതിനിടയില്‍ ഒരു നീണ്ട യാത്ര വലിയ ബുദ്ധിമുട്ടായിരിക്കും. എങ്കിലും പറഞ്ഞ വാക്ക് പാലിക്കാന്‍ അവന്‍റെ കൂടൊരു യാത്ര പോയേ മതിയാകുകയുള്ളു.

 

പിറ്റേന്നു വീട്ടില്‍ ഭാര്യയോട്‌ ഏന്തോ നുണ പറഞ്ഞാണ് യാത്ര തിരിച്ചത്. കോളേജില്‍ എത്തിയപ്പോള്‍ നല്ല പേടി തോന്നാതിരുന്നില്ല. പഠിക്കുന്ന കാലത്തു ഒരിക്കല്‍ പോലും ഒരു കലാപരിപാടികളിലും താന്‍ പങ്കെടുത്തിട്ടില്ല. പ്രിന്‍സിപ്പാള്‍  തന്നെയും രാഹുലിനെയും കണ്ടയുടനെ തെറി അഭിഷേകം തുടങ്ങി കഴിഞ്ഞിരുന്നു.

 

"താന്‍ ഏതു കോപ്പിലെ രക്ഷകര്‍ത്താവാണെന്നുള്ള ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് അടുത്ത തെറി വാചകം പറഞ്ഞു കഴിഞ്ഞിരുന്നു. പ്രിന്‍സിപ്പാളന്‍മാര്‍  ഇങ്ങനെ തെറി വിളിക്കുമോ എന്നു മനസ്സില്‍ ഓര്‍ത്തു. രംഗം ഏറെക്കുറെ ശാന്തമായപ്പോഴാണ് രാഹുലിന്‍റെ അമ്മാവനാണെന്ന് പറഞ്ഞു പരിചയപ്പെട്ടത്. അവന്‍റെ അച്ഛന്‍ വിദേശത്തായതിനാല്‍ പകരം വന്നതാണെന്ന് പറഞ്ഞപ്പോള്‍ രാഹുലിനെ കുറെ തെറി വിളിക്കുകയും ചെയ്തു.

 

വീട്ടില്‍ തിരികെയെത്തിയപ്പോഴേക്ക് നേരം വൈകിയിരുന്നു. പതിവായി രാവിലെ ഗ്രാമത്തിലൂടെ ഒരു ഓട്ടം പതിവുള്ളതാണ്. തന്‍റെ കൂടെ അവിടങ്ങളില്‍ നിന്നുമുള്ള പ്രായമുള്ള കുറെയേറെ  ആളുകളും ഉണ്ടാകും. അവരെ എല്ലാവരെയും പരിചയപ്പെട്ടു വരുന്നതേയുള്ളൂ. ദീര്‍ഘനാളുകളായുള്ള വിദേശ വാസം അല്ലേ ഈ അപരിചിതത്തിനൊക്കെ കാരണം.

 

ഓട്ടത്തിനിടയില്‍ തലേന്നു നടന്ന സംഭവം ഒരു തമാശയ്ക്ക് എല്ലാവരോടുമായി പറഞ്ഞു. ആ കൂടെ രാഹുലിന്‍റെ സ്വന്തം അമ്മാവനുമുണ്ടായിരുന്നു . കൂട്ടത്തിലൊരു വിരുതന്‍ " ഒരു തരത്തില്‍ പറഞ്ഞാല്‍ വേലിയില്‍ ഇരുന്ന പാമ്പിനെയെടുത്ത് കോണകത്തില്‍ വച്ച അവസ്ഥയില്‍ ആയി പോയി താന്‍ എന്നു പറഞ്ഞു പൊട്ടിച്ചിരിച്ചു. അവിടെയുള്ള എല്ലാവരും തന്നെ കളിയാക്കി ചിരിച്ചു. മറ്റുള്ളവരുടെ മുന്‍പില്‍ താന്‍ ഒരു വട്ടപൂജ്യം ആയി മാറുന്നതു പോലെ തോന്നിയിരുന്നു അപ്പോള്‍.

 

അന്നു മുതല്‍  നാട്ടുകാരെല്ലാം തന്നെ കാണുമ്പോള്‍ കളിയാക്കി വിളിക്കുന്നത്‌ അമ്മാവന്‍ എന്നാണ്. അതില്‍ പിന്നീട് രാഹുല്‍ തന്നെ കാണുമ്പോള്‍ ഒഴിഞ്ഞു മാറി നടക്കാന്‍ തുടങ്ങിയിരുന്നു. ഒരു ചെറിയ സഹായം ജീവിതത്തില്‍ വരുത്തി വെച്ച വലിയ വിന.

 

എന്തായാലും ഈ സുന്ദര ഗ്രാമത്തില്‍ നാട്ടുകാരുടെയൊക്കെ അമ്മാവനായി താനിന്നും വിലസുന്നു ........ ഒരു കൊച്ചു രാജാവിനെ പോലെ.



.............................................  ശുഭം.    .....................................................................

രഞ്ജിത് നൈനാന്‍ മാത്യു

പെരുമ്പെട്ടി




ഏഷ്യാവിഷന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്
2015  ഫെബ്രുവരി ലക്കം .