ആകെ പേജ്‌കാഴ്‌ചകള്‍

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ഞാനും ഒരു പ്രവാസി


         ഞാനും ഒരു പ്രവാസി 

പ്രഭാതത്തില്‍ കോളിംഗ് ബെല്‍ ഉച്ചത്തില്‍ ശബ്ദിച്ചപ്പോഴാണ് ബിജു ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. രാത്രിയേറെ വൈകിയുറങ്ങാന്‍ കിടന്നതിനാല്‍ സമയം പോയതറിഞ്ഞതു കൂടിയില്ല. ആരാണീ നേരത്ത് എന്നു പിറുപിറുത്തുകൊണ്ട് അയാള്‍ മെല്ലെ കിടക്കയില്‍ നിന്നു എഴുനേറ്റു. മണിയെത്രയായി ഈശ്വരാ, നേരം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. മെല്ലെ കതകു തുറന്ന് പുറത്തേക്കു നടന്നു. കതകിന്‍റെ പടിയില്‍ കിടക്കുന്ന വൈദ്യുതി ബില്‍ കണ്ടപ്പോള്‍ ആരോ അവിടെ കൊണ്ടിട്ടതാണെന്ന് മനസ്സിലായി. വൈദ്യുതി ബില്ലിലേക്ക് വെറുതെ ഒന്നു നോക്കി.  അത് അടക്കുവാന്‍ ഇനിയും സമയം ഉണ്ട്. സാധാരണ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ഒന്നിച്ചാണ്‌ അടയ്ക്കാറുള്ളത്.

 

പ്രധാന വാതില്‍ തുറന്നു റോഡിലേക്ക് ഒന്നു നോക്കി. അവിടെ നിരനിരയായി പായുന്ന വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്‌. രാവിലെ ജോലിക്കും, മറ്റു പല ആവശ്യങ്ങള്‍ക്കും വേണ്ടി  പോകുന്നവരാണ് എല്ലാവരും. നല്ല വൃത്തിയായി പരിപാലിച്ചിരിക്കുന്ന വീഥികള്‍. വീഥിക്ക്‌ എതിര്‍വശത്തുള്ള മനോഹരമായ പാര്‍ക്കിലേക്ക് അയാള്‍ നോക്കാതെയിരുന്നില്ല. അത് അടച്ചിട്ടിരിക്കുകയാണ്. എന്നും വൈകുന്നേരങ്ങളില്‍ മാത്രമേ അതു തുറക്കാറുള്ളു. എത്രയോ കുട്ടികള്‍ ആണ് ദിവസവും അവിടെ കളിക്കുവാന്‍ വരാറുള്ളത്. പതിവായി കുറെ സമയം അവരുടെ കളികള്‍ നോക്കി നില്‍ക്കാറുമുണ്ട്. തനിക്കു മാത്രം ജോലിക്കു മറ്റെങ്ങും പോകേണ്ടിയ കാര്യമില്ലല്ലോ എന്നോര്‍ത്തുകൊണ്ട് തിരികെ മുറിയിലേക്ക് നടന്നു. രാവിലെ എഴുനേറ്റാല്‍ ഉടന്‍ പ്രാര്‍ഥിക്കുന്ന പതിവുള്ളതാണ്. എത്ര തിരക്കാണെങ്കിലും ഇതുവരെയതു മുടക്കിയിട്ടുമില്ല.

 

രാവിലെ ഒരു കാപ്പി കുടിക്കുന്ന പതിവുള്ളതാണ്. ഇന്നു നേരം വൈകിയിരിക്കുന്നു. എന്തെങ്കിലും ഉച്ചയ്ക്ക് കഴിക്കുവാന്‍ വേണ്ടിയുണ്ടാക്കണം. അടുക്കളയില്‍ തലേദിവസം ഉണ്ടാക്കിയ കോഴിക്കറി ഇരിപ്പുണ്ട്. കുടെ കഴിക്കുവാന്‍ ചപ്പാത്തി ഉണ്ടാക്കണം.  ഏകാന്തമായ ഈവാസം തുടങ്ങിയിട്ടു ഇരുപതു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ വില്ലയും പരിസരവും എല്ലാം കൈവെള്ളയിലെ രേഖകള്‍ പോലെ മനഃപാഠമാണ്. എവിടെ ജോലിക്കു ചേരുവാന്‍ വന്ന കാലങ്ങള്‍ അയാള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. ആദ്യമായി സന്ദര്‍ശന വീസയില്‍ ഈ രാജ്യത്തു  വന്നപ്പോള്‍ ജോലി വാങ്ങിത്തരുവാന്‍ ആരും ഉണ്ടായിരുന്നില്ല. പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അന്ന് ആരും സഹായിച്ചതും ഇല്ല. വില്ലയില്‍ ഒരു കാവല്‍ക്കാരന്‍റെ ഒഴിവുണ്ടെന്നു ആരോ പറഞ്ഞറിഞ്ഞു ഇവിടെയെത്തിച്ചേര്‍ന്നതാണ്. തുച്ഛമായ ശമ്പളം മാത്രമാണ്‌ അന്നു മുതല്‍ ഇന്നുവരേയും ലഭിച്ചുകൊണ്ടിരികുന്നത്. മറ്റു പലയിത്തും ജോലിക്കു വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ആരും സഹായിക്കാന്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും ആ വില്ലയില്‍ ജോലിയില്‍  തുടരുന്നു. 

 

വര്‍ഷത്തിലൊരിക്കല്‍ വില്ലയും പരിസരവും സന്ദര്‍ശിക്കുവാനായി എത്തുന്ന വീട്ടുടമസ്ഥനും, കുടുംബവും ഏതാനും ദിവസങ്ങള്‍ അവിടെ തങ്ങിയശേഷം തിരികെ പോകുകയാണ് പതിവ്. ഒച്ചയും അനക്കവും ഒന്നുമില്ലാതെ കിടക്കുന്ന വില്ലയപ്പോള്‍ കുട്ടികളുടെ കളിയും ചിരിയുമായി ഉണരും. അവരേ കാണുമ്പോള്‍ സ്വന്തം മക്കളുടെ കാര്യം ഓര്‍മ്മ വരും. ജീവിതത്തിലിതുവരേയും മക്കളോടൊപ്പം വേണ്ട വിധത്തില്‍ സമയം ചിലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും ഒരു വിരുന്നുകാരനേപ്പോലെ നാട്ടില്‍ ചെല്ലുന്ന സമയത്ത് അവരേ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാറുമില്ല. നഷ്ടങ്ങളുടെ പട്ടിക ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ വേദന തോന്നാറുണ്ട്. സമയം എത്രവേഗമാണ് കടന്നു പോകുന്നത്. മകള്‍ വളര്‍ന്നു വരുന്നു, ഇനിയും എത്രയോ ബാധ്യതകള്‍ കിടക്കുന്നു. പതിവായി നാട്ടില്‍ വിളിക്കുമ്പോള്‍ മക്കളുടെ വിശേഷം ഒക്കെ സിസിലി പറയാറുമുണ്ട്.

 

താനീ വില്ലയില്‍ വരുന്ന കാലത്തു ഇവിടെയെല്ലാം തരിശുഭൂമിയായി കിടക്കുകയായിരുന്നില്ലേ, ഓര്‍മ്മയിലേക്ക് ആക്കാലങ്ങള്‍ ഓടിയെത്തി. ഓരോ ചെടിയും പല സ്ഥലങ്ങളില്‍ നിന്നു കൊണ്ടുവന്നു നട്ടു പിടുപ്പിക്കുകയായിരുന്നു. നാട്ടില്‍ കൃഷി ചെയ്യാന്‍ കൊതിച്ചിരുന്നെങ്കിലും ഒരിക്കലും അതിനു സാധിച്ചിരുന്നില്ല. ഇന്നിവിടെ ഇച്ചിരി സ്ഥലത്തു ചെയ്യാത്ത കൃഷികള്‍ ഇല്ലെന്നുതന്നെ പറയാം. പാവല്‍ , കോവല്‍ , വെണ്ട, എന്നുവേണ്ട സകലമാന പച്ചക്കറികളും ഉണ്ട്. ഇന്നീ കൃഷിതോട്ടം തനിക്കെത്രയോ പ്രിയപ്പെട്ടതാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ എടുത്ത ശേഷം ബാക്കി കൂട്ടുകാര്‍ക്കു കൊടുക്കുകയാണ് പതിവ്. മുറ്റത്ത്‌ നില്‍ക്കുന്ന ഈന്തപ്പനയിലേക്ക് അയാള്‍ നോക്കി. മുഴുവനും കായിച്ചു കിടക്കുകയാണ്. ഒന്നും രണ്ടുമല്ല പത്ത് ഈന്തപ്പനകള്‍ ആണാ വില്ലയിലുള്ളത്. ഈന്തപ്പനകള്‍ വിളഞ്ഞു കിടക്കുന്ന കാഴ്ച അയാള്‍ക്കെന്നും ഒരു കൌതുകം ആയിരുന്നു. അയാളുടെ ആരാധനാലയത്തില്‍ അച്ചാര്‍ ഇടാന്‍ ഉപയോഗിക്കുന്നതും ഈ ഈന്തപ്പഴങ്ങള്‍ ആണ്. അവര്‍ അത് അച്ചാര്‍ ഇട്ടിട്ടു വില്‍ക്കുകയാണ് പതിവ്. വില്ലയുടെ മറ്റൊരു ഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്ന മുയലിന്‍ കൂടിനടുത്തേക്ക് മെല്ലെ നടന്നു. ചൂടുകാലമായതിനാല്‍ മുയലുകള്‍ ഒന്നും തന്നെ വെളിയില്‍ ഇല്ല. അതുങ്ങള്‍ക്ക് കുടിക്കുവാന്‍ വെള്ളം ഒഴിച്ചുകൊടുത്തതിനു ശേഷം മുറിയിലേക്ക് തിരികെ കയറി.

 

നാട്ടിലെ ബുദ്ധിമുട്ടുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ജോലി നിര്‍ത്തിയൊരു  തിരച്ചുപോക്ക്  സാധ്യവുമല്ല. കല്യാണം കഴിഞ്ഞു വളരെ കുറച്ചു നാളുകള്‍ മാത്രമേ സിസിലിയുടെ കുടെ നാട്ടില്‍ നില്ക്കാന്‍ പറ്റിയുള്ളൂ. മക്കളുടെ പഠനവും വീട്ടിലെ ചിലവുകള്‍ക്കുമെല്ലാം ആയി നല്ലൊരു തുക ആവശ്യമുള്ളതിനാല്‍ ഒന്നും കാര്യമായി ഇതുവരെ മിച്ചം പിടിക്കുവാന്‍ പറ്റിയിട്ടുമില്ല. പത്താം തരത്തില്‍ പഠിക്കുന്ന മകള്‍ക്ക് ഒരു ലാപ്ടോപ്പ് വാങ്ങി നല്‍കണമെന്നു പലപ്പോഴും അയാള്‍ ആഗ്രഹിച്ചിരുന്നു. ഒന്നിനും കിട്ടുന്ന പണം തികയാറില്ല. വീട്ടില്‍ അവരുടെ കുടെ പ്രായമായ അപ്പനും അമ്മയും ഉണ്ട്. അവരുടെയും കാര്യങ്ങള്‍ ഒക്കെ നോക്കണം. ഒരു വലിയ അപകടം ഉണ്ടായി അപ്പന്‍ ഈയിടെ ആശുപത്രിയില്‍ ആയിരുന്നു . അതിനു വേണ്ടിയും ഒത്തിരി പണം ചിലവായി. വീട്ടിലേക്ക്‌ വിളിക്കുമ്പോള്‍ പരാതിയുടെയും, പരിഭവങ്ങളുടെയും ഒരു ഭാണ്ടകെട്ടു തനിക്കുവേണ്ടി ഭാര്യ നീക്കിവയ്ക്കാറുണ്ട്. നാട്ടില്‍ പണികഴിപ്പിച്ച വീടിന്‍റെ കടങ്ങള്‍ മറ്റൊരു തീരാബാധ്യതയാണിന്നും. മക്കളായ ഷീജയും, സോബിനും നാട്ടില്‍ ചെല്ലുമ്പോള്‍ കൊണ്ടുവരേണ്ടിയ സാധനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ വിളിക്കുമ്പോള്‍ തരാറുണ്ട്. അവരുടെ കളിതാമശകളും, വഴക്കും ഒക്കെ കണ്ടു ഒപ്പം നില്‍ക്കുവാന്‍ ഇതുവരെയും സാധിച്ചിട്ടുമില്ല. എല്ലാം ഓര്‍ത്തപ്പോള്‍ ആ കണ്ണുകള്‍ നിറയാതിരുനില്ല.

 

 

രാത്രിയില്‍ ചിലപ്പോള്‍ കിടന്നാല്‍ ഉറക്കം വരാറുകൂടിയില്ല. ഓര്‍മ്മയിലേക്ക് എപ്പോഴും കടന്നുവരുന്നത്‌ നാട്ടിലെ ആ ചെറിയ വീടും, അതില്‍ ഭാര്യയോടും , മക്കളോടും ഒപ്പം കഴിഞ്ഞ സുന്ദര നിമിഷങ്ങളാണ്. വര്‍ഷത്തില്‍ ഒരിക്കലായി ക്രിസ്മസ്സിനു നാട്ടില്‍ പോകുമ്പോള്‍ മനസ്സില്‍ ഒത്തിരി സന്തോഷം തോന്നാറുണ്ട്. ഭക്ഷണം കഴിച്ചിട്ടു പതിവായി ഒരുറക്കം പതിവുള്ളതാണ്. ഇന്നിനി അതിനു കഴിയുമെന്ന് തോന്നുന്നില്ല. വൈകിട്ടു തന്മ എന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനം ഉള്ളകാര്യം അപ്പോഴാണ് ഓര്‍മ്മ വന്നത്. ഒഴിവു സമയങ്ങളില്‍ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ നേരം പോകുന്നത് അറിയുന്നത്‌ കൂടിയില്ല. സംഘടനയുടെ ഓരോ പ്രവര്‍ത്തനങ്ങളും വളരെയധികം  ആളുകള്‍ക്ക് ഉപകാരപ്പെടുന്നവയാണ്. നാട്ടില്‍ പോകുവാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു യാത്രാചിലവുകള്‍ നല്‍കുക, ജോലിസ്ഥലത്ത് ശമ്പളം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ മുറികളില്‍ പോയി ഭക്ഷണം നല്‍കുക എന്നിവയെല്ലാമാണവ. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കാണുമ്പോള്‍ തന്‍റെ വിഷമതകള്‍ ഒന്നുമല്ലെന്നു തോന്നാറുണ്ട്.

 

നാടും വീടും വിട്ടു ഈ മണലാരണ്യത്തില്‍ കഴിയേണ്ടിവന്നപ്പോള്‍ മുതല്‍  തന്‍റെ മനസ്സില്‍ എത്രയോ പ്രതീക്ഷകള്‍ ആണ് മൊട്ടിട്ടു കൊണ്ടിരിക്കുന്നത്. സംഘടനയുടെ ഒരു പ്രവര്‍ത്തകനായ മര്‍ക്കോസിന്‍റെ കുടുംബം ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന കഥ കൂട്ടുകാരനായ തോമസ്‌ വിളിച്ചറിയിച്ചപ്പോള്‍ വലിയ വിഷമം തോന്നതിരുന്നില്ല. കഴിഞ്ഞ ആഴ്ച കൂടി മര്‍ക്കോസുമായി സംസാരിച്ചതാണ്.അയാളെ നാട്ടിലേക്കു വിളിച്ചൊന്നാശ്വസിപ്പിക്കണം എന്നു മനസ്സില്‍ തോന്നതിരുന്നില്ല ഓരോത്തര്‍ക്കും ഓരോരോ വിഷമതകള്‍ ആണല്ലോ ഈശ്വരന്‍  നല്കിയിരിക്കുന്നത് എന്ന ചിന്ത മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നെങ്കിലും തന്‍റെ വിഷമതകള്‍ ഒക്കെ മാറുമെന്നും, അന്നൊരു നല്ല കാലം വരുമെന്നും ചിന്തിച്ചുകൊണ്ട്‌ അയാള്‍ മുറിയിലേക്ക് തിരകെ നടന്നു.


............................................  ശുഭം.    .....................................................................


രഞ്ജിത് നൈനാന്‍ മാത്യു, പെരുമ്പെട്ടി
published in British Malayali on 23/08/2014
http://www.britishmalayali.co.uk/index.php?page=newsDetail&id=38276.








 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ