ആകെ പേജ്‌കാഴ്‌ചകള്‍

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

നാനാത്വത്തിൽ ഏകത്വം..


ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ്‌ “നാനാത്വത്തിൽ ഏകത്വം” എന്ന ആപ്‌തവാക്യം ഉപയോഗിക്കുന്നത്‌. സംസ്‌കാരം, ഭാഷ, മതം, വംശം, വസ്‌ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്‌തൃതമായ ഈ രാജ്യത്ത് അങ്ങനെയൊരു ഒരുമ അത്യാവശ്യവുമായിരുന്നു.
ഭാഷയുടെയും ,  ജാതിയുടെയും,  മതത്തിന്‍റെയും  വേലിക്കെട്ടുകൾ ഇല്ലാതെ മാനവരെ ഒരമ്മയുടെ മക്കളായി കണ്ട് സ്നേഹിക്കുവാൻ ആണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്.


ജവഹർലാൽ നെഹ്രുവും , Dr. അംബേദ്കറുമെല്ലാം ഭരണ ഘടനാ രൂപീകരിച്ച സമയത്ത് മുന്നോട്ട് വെച്ച  ആശയവും ഇതുതന്നെ ആയിരുന്നു.

വിഭജനത്തിന്‍റെ ഉണങ്ങാത്ത മുറിവുകൾക്കൊപ്പം,  പ്രൗഢമായ ആ  സവിശേഷത ഇന്ന് മാഞ്ഞു പോകുന്ന വേദനാജനകമായ കാഴ്ചയും നമ്മൾക്ക് കാണുവാൻ കഴിയും.
ഇന്ത്യയെന്ന മഹാരാജ്യത്തിന്‍റെ തല മുതൽ പാദം വരെയുള്ള വിസ്തൃതമായ ഭൂപ്രദേശത്തെ ഓരോ സംസ്ഥാനങ്ങൾക്കും അവരവരുടേതായ  ഭാഷയും, ഉത്സവങ്ങളുമെല്ലാം ഉണ്ടെന്നുള്ളത് വിസ്മരിക്കുവാൻ പറ്റാത്തതുമാണ്.
അങ്ങനെ ഒരവസരത്തിൽ കേരളത്തിന്‍റെ ഉത്സവമായ ഓണത്തിനും അതിന്‍റെതായ പ്രാധാന്യം ഉണ്ട്.
മലയാളി ലോകത്തിന്‍റെ ഏതു  കോണിൽ വസിച്ചാലും  ഓണം അതിന്‍റെ പ്രൗഢിക്ക് ഒട്ടും കോട്ടം തട്ടാതെ , പ്രാധാന്യത്തോടെ കൊണ്ടാടുന്നുവെന്ന വസ്തുത ഏറെ ശ്ലാഘനീയവുമാണ്.
അവിടെ ജാതിയുടെയും,  മതത്തിന്‍റെയും വേലിക്കെട്ടുകൾ അറുത്തുമാറ്റപെടുകയാണ്.     അഡലൈഡ് മാർത്തോമ്മാ പള്ളിയിലെ  അംഗങ്ങളും ഓണാഘോഷത്തിൽ പങ്കുചേരുകയും, അവരുടെ പരിമിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് കുറെയേറെ പരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു.




അതിൽ  തിരുവാതിര,  മാർഗംകളി, വള്ളംകളി, ഇന്ത്യയുടെ വസ്ത്രധാരണ രീതികൾ വ്യത്യസ്ത ദേശങ്ങളിലൂടെയും അവരുടെ വേഷവിധാനങ്ങളിലൂടെയും അതിന്‍റെ തനതു ശൈലിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

അതിൽ  പഞ്ചാബിയുടെയും , രാജസ്ഥാനിയുടെയും ,  ഗോവാകാരന്‍റെയും , തമിഴന്‍റെയും  കേരളീയന്‍റെയും, മഹാരാഷ്ട്രീയന്‍റെയുമെല്ലാം  വസ്ത്രധാരണ രീതികൾക്ക് പ്രാധാന്യം ഉണ്ടായിരുന്നു എന്നത് പ്രശംസനീയമായ കാര്യമാണ്.
കള്ളവും ചതിയും ഇല്ലാത്ത ഒരു ലോകം തന്‍റെ ഭരണകാലത്ത് ഉണ്ടായിരുന്നു എന്ന്‍ പ്രജകളെ ഓര്‍മ്മപെടുത്തുവാന്‍ വേണ്ടിയും,  അഡലൈഡ് മാര്‍ത്തോമ്മ അംഗങ്ങളെ കാണുവാനുമായി മഹാബലി ചക്രവര്‍ത്തി അവിടേക്ക് എഴുന്നള്ളിയപ്പോള്‍ എല്ലാവരുടെയും വദനം പ്രസന്നവദമായി തീര്‍ന്നു.

എല്ലാവരുടെയും ഒപ്പമിരുന്ന് മാവേലി തമ്പുരാന്‍ സദ്യ കഴിക്കുകയും, ഇനിയും വരുന്ന ഓണത്തിന് തീര്‍ച്ചയായും വരാം എന്ന ഉറപ്പ് നല്‍കികൊണ്ട് നടന്നുമറയുകയും ചെയ്തപ്പോള്‍ അവിടെ സദ്യകഴിച്ചുകൊണ്ടിരുന്നവരുടെ മുഖത്ത് മിന്നി മറഞ്ഞത് ശോകഭാവമായിരുന്നു.










2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ



വീണ്ടും ഒരോണം കൂടി കടന്നുവന്നിരിക്കുന്നു. മലയാളികൾ  ഈലോകത്തിന്റെ കോണിൽ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടെയെല്ലാം ഓണത്തപ്പനെ വരവേൽക്കുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു. അവിടെ ജാതിയുടെയും,  മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ല. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, മതമൈത്രിയുടെയും പ്രതീകമായി ഇന്നും ആ  ആഘോഷം നിലനിൽക്കുന്നു എന്നുള്ളത് ഏറെ പ്രശംസനീയവും ആണ്. "കാണം വിറ്റും ഓണം ഉണ്ണണം "എന്ന പഴമൊഴി എത്രയോ പ്രാധാന്യത്തോടെ  ആണ് ഇന്നത്തെ തലമുറ അനുഷ്ടിച്ചു പോരുന്നത്. 

യുവതലമുറയിലേക്കു ശാപം പോലെ പടർന്നു കയറിക്കൊണ്ടിരിക്കുന്ന മദ്യപാന ശീലം ഓണത്തിന്റെ നിറപ്പകിട്ടിനു കളങ്കം ചാർത്തുന്നു എന്ന വസ്തുത ഏറെ ദുഃഖകരവുമാണ്. 

ഓണം  നാം ആഘോഷപൂർവ്വം കൊണ്ടാടുമ്പോൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഒരു ജനവിഭാഗം  നമ്മൾക്ക് ചുറ്റും അധിവസിക്കുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.  അവരെ നാം സഹജീവികളായി  കണ്ട് അവരുടെ ഉന്നമനത്തിനായി നമ്മളാൽ കഴിയുന്ന വിധത്തിൽ പ്രവർത്തിക്കേണ്ടത് അനിവാര്യവുമാണ്‌. 

അയ്യപ്പപണിക്കരുടെ ഈ വരികൾ  ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രസക്തവുമാണ്.


"ഓണമുണ്ടറങ്ങുമ്പോൾ ഓർക്കണമിതും കൂടി,
ഓണമുണ്ണാത്തവരുണ്ടീ നാട്ടിൽ,
ഓണം കളിക്കാത്തോരുണ്ടീ നാട്ടീൽ,
ഓണമറിയാത്തോരുണ്ടീ നാട്ടിൽ,
ഓണമേയില്ലാത്തോരുണ്ടീ നാട്ടിൽ,
ഓണമുണ്ടുറങ്ങുമ്പോൾ 
ഓർക്കണമിതും കൂടി...."

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ  ഓണാശംസകൾ ...