ആകെ പേജ്‌കാഴ്‌ചകള്‍

2018, ഏപ്രിൽ 10, ചൊവ്വാഴ്ച

കാടിന്‍റെ മകളുടെ രോദനം




ചിരുതയുടെ  കണ്ണുനീരിന് കുറെയേറെ കഥകൾ സമൂഹത്തോടായി പറയുവാൻ ഉണ്ടാവുമെന്നു ആദ്യമായി വീട്ടിൽ ചെന്നപ്പോൾ തന്നെ ജിങ്കോയ്ക്ക് മനസ്സിലായിരുന്നു  ബാല്യത്തിന്‍റെ രസച്ചരടുകൾ അവളുടെ നിത്യജീവിതത്തിൽ നിന്നും അറ്റുപോയിട്ടു വർഷങ്ങൾ പലതും കഴിഞ്ഞിരിക്കുന്നു

 

അവൾക്ക് വർണ്ണങ്ങളിൽ ചാലിച്ച  ബാല്യകാല കഥകളൊന്നും പറയുവാനില്ലായിരുന്നെങ്കിലും ഭീതിയുടെ മുഖംമൂടി അണിഞ്ഞ കുറെയേറെ ഓർമ്മകൾ പങ്കുവയ്ക്കുവാനുണ്ടായിരുന്നുപഠനം പാതിവഴിയിൽ ഉപേക്ഷിക്കുവാൻ നിമിത്തമായതു ഉദരത്തിൽ മൊട്ടിട്ട ജീവന്‍റെ  തുടിപ്പുകളായിരുന്നു.

 

കാടിന്‍റെ മകൾക്ക് ബലാൽക്കാരമായി  ചെറിയച്ചനിൽ നിന്നും ലഭിച്ച സമ്മാനമായിരുന്നത്      

 

സമൂഹത്തിന്‍റെ മുൻപിലൊരു ചോദ്യചിഹ്നമായി മാറുകയായിരുന്നു അവളിലെ  സ്ത്രീത്വം.  വഴിപിഴച്ചവൾ എന്നു ചൊല്ലികൊണ്ടവൾക്ക്   ഊരുവിലക്കേർപ്പെടുത്തിആരുടെയൊക്കെയോ കാരുണ്യം കൊണ്ട് പണിതീർത്ത ഇരുമുറി വീട്ടിലും സുരക്ഷിതത്തിന്‍റെ മതിലുകൾ അവൾക്ക് അനുഭവവേദ്യമായില്ല.

 

വിഭ്രാന്തമനസ്സിന്‍റെ പ്രതിഫലനമായി ചിരുതയുടെ ചിന്തകളെ കാണുവാന്‍ ജിങ്കോയ്ക്ക് ഒരിക്കലും കഴിയുമായിരുന്നില്ല.  ഭൂമിയില്‍ പിറന്നുവീഴുന്നോരോ പെണ്‍കുഞ്ഞുങ്ങള്‍ക്കും ഉല്‍ക്കണ്ഠയില്ലാതെ  ജീവിക്കുവാന്‍ ഉതകുന്നൊരു കാലത്തെ പറ്റി ചിന്തിച്ചുകൊണ്ട് ജിങ്കോ, ചിരുതയുടെ വീട്ടില്‍നിന്നും ഇറങ്ങിനടന്നു.

**********

 
മാസികയില്‍ ചിരുതയുടെ ദുരിതക്കയത്തിന്‍റെ ആഴത്തെപറ്റി എഴുതിയപ്പോള്‍ ജിങ്കോയുടെ മനസ്സിനെ കാര്‍ന്നുതിന്നു കൊണ്ടിരുന്ന ചിന്ത ഇപ്രകാരം ആയിരുന്നു.

 

"ഭൂമിയുടെ ഉത്ഭവകാലം മുതല്‍ സ്ത്രീയനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ അനിര്‍വചനീയമായിന്നും തുടരുന്നു".

 

2018, ഏപ്രിൽ 9, തിങ്കളാഴ്‌ച

കര്‍ണ്ണന്‍ പടക്കളത്തില്‍ കിടന്നപ്പോള്‍


                                  





പടക്കളത്തിൽ കിടക്കുമ്പോൾ കർണ്ണന്‍റെ  മനസ്സിനെ ഒത്തിരി ചിന്തകൾ  ഉഴുതു മറിക്കുന്നുണ്ടായിരുന്നു  ജീവിതത്തിന്റെ നല്ലൊരു ഭാഗവും സുഹൃത്തായ ദുര്യോധനു വേണ്ടിയും, കൗരവ പക്ഷത്തിനു വേണ്ടിയുമായിരുന്നു പ്രവർത്തിച്ചിരുന്നത്.  

 

അവിടെ ധർമവും നീതിയും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നുവോ?.

 

"ജീവിതം  ആരംഭിച്ചത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നൊഴിയാതെ മനസ്സിനെ മദിക്കുവാൻ തുടങ്ങിയിരുന്നു"

 

അമ്മയുടെ ഗർഭപാത്രം മുതൽ അവഗണനയുടെയും,  ഒറ്റപെടലിന്‍റെയും അവസ്ഥയിലൂടെ കടന്നു പോയവനല്ലേ താൻ

 

കുന്തിദേവിയാണ് തന്‍റെ  മാതാവെന്നു വെളിപ്പെട്ട നിമിഷം മുതൽ മനസ്സിൽ എവിടെയൊക്കെയോ  ആത്മസംഘർഷം കൊടുമ്പിരി കൊള്ളുവാൻ തുടങ്ങിയിരിക്കുന്നു

 

ഏതൊരു മാതാവിന്‍റെയും ആഗ്രഹമാവില്ലേ സ്വന്തം  കൺമണിയെ കൺകുളിർക്കെ കാണുകയും,  അതിനെ തലോലോക്കുകയും ചെയ്യുകയെന്നത്.  പകരം   അമ്മ ചെയ്തത് എന്താണ്?.  

 

അപമാന ഭീതിയോർത്ത് സ്വന്തം കൺമണിയെ തോഴിയുടെ സഹായത്തോടെ തന്നെ ഒരു പേടകത്തിൽ ആക്കി ആരുമറിയാതെ ഗംഗയുടെ വിരിമാറിൽ ഒഴുക്കിവിട്ടു

ഹസ്തിനപുരിയിലെ സൂതനായ അതിരഥന് പേടകം കിട്ടുകയും മക്കളില്ലായിരുന്ന അയാൾ തന്നെ എടുത്തുവളർത്തുകയും ചെയ്തില്ലായിരുന്നുവെങ്കില്‍   മരണകിടക്കയ്ക്കു പകരം മറ്റൊന്നാകുമായിരുന്നില്ലേ തന്‍റെ  വിധി.

 

മക്കളില്ലാത്ത  ദുഖവും പേറി ജീവിതം തള്ളിനീക്കുന്നതിനിടയിലാവും താൻ അവരുടെ ജീവിതത്തിലേക്ക് ഒരു സ്വാന്തനം ആയി  കടന്നുചെന്നിട്ടുണ്ടാവുക.

കാതിൽ കിടക്കുന്ന കവചകുണ്ഡലങ്ങൾ കണ്ടുകൊണ്ട് അവർ തനിക്ക് കർണ്ണൻ എന്ന ഓമനപ്പേര് നൽകുകയും ചെയ്തു.

 

സ്വന്തം അച്ഛനായ ആദിത്യഭഗവാൻ രഹസ്യം വെളിപ്പെടുത്തിയപ്പോഴേയ്ക്കും കാലങ്ങൾ കോറിയിട്ട മുറിപ്പാടുകൾ ഒരു മഹാപ്രളയമായി തന്‍റെ  ഉള്ളിൽ രൂപപെട്ടിരുന്നു.

 

ഒരു  അമ്മയെന്ന സങ്കല്പത്തിന് താൻ കൊടുത്തിരുന്ന പവിത്രത നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ,  രാധമ്മ തന്‍റെ വളർത്തമ്മ.

 

മക്കളില്ലാതിരുന്ന അവർക്ക് താൻ എല്ലാമായി മാറുകയായിരുന്നു.

ഭാവിയുടെ പ്രതീക്ഷകളെല്ലാം തന്നിൽ അർപ്പിച്ചുകൊണ്ട് ഓമനിച്ചു വളര്‍ത്തിയത് അവർ ചെയ്ത തെറ്റായിരുന്നുവോ?.

 

അറിയില്ല,  

 

ജീവിതമാകുന്ന തീച്ചൂളയിൽ വെന്തുരുകികൊണ്ട് മരണവും കാത്ത് കിടക്കുമ്പോൾ ഓർമ്മകൾ പുഷ്പങ്ങളായി മനസ്സിനെ തളിരമാക്കുവാൻ എത്തിയിരിക്കുന്നു.

അവിടെ കൗരവരും, പാണ്ഡവരും എല്ലാം വെറും നിഴലുകൾ മാത്രമായി ശേഷിച്ചിരിക്കുന്നു.

 

എണ്ണിയാൽ ഒടുങ്ങാത്ത അത്രയും യോദ്ധാക്കൾ രണഭൂമിയിൽ മരിച്ചുകിടക്കുന്ന കാഴ്ചയും , മരണത്തെ പുല്‍കുവാന്‍ വെമ്പല്‍ കൊണ്ട് വേദനകൊണ്ടുപുളയുന്ന അനേകം യോദ്ധാക്കളുമെല്ലാം രണഭൂമിയെ ഭീകരത നിറഞ്ഞതാക്കി തീര്‍ത്തു. യുദ്ധം കൊണ്ട് താന്‍ നേടിയത് എന്താണ്?. എവിടെയാണ് തനിക്ക് പരാജയം സംഭവിച്ചത്.

 

ഒരു വശത്ത് സഹായഹസ്തവും പേറി നിലയുറപ്പിച്ചിട്ടുള്ള ദുര്യോധനൻ.

 

മറുവശത്ത് അമ്മ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിക്കുന്ന അഞ്ചു മക്കൾ.  തന്‍റെ  അഞ്ചു സഹോദരങ്ങളാണ് അവർ

 

വെല്ലുവിളിയുമായി യാഥാർഥ്യങ്ങൾ മനസ്സിനുള്ളിൽ ഒളിച്ചു കളി നടത്തുമ്പോൾ ഒരു പുനർചിന്തനം നടത്തേണ്ടത് ഇന്ന് തന്‍റെ  ആവശ്യമാണ്‌.

 

സൂതപുത്രൻ...

 

അങ്ങനെ തന്നെ വിളിച്ചു അപമാനിക്കുന്നവർ അറിയുന്നില്ലല്ലോ യാഥാർഥ്യത്തിന്‍റെ  നേർമുഖങ്ങൾ.

 

 

കുരുക്ഷേത്ര യുദ്ധത്തിൽ ആരുടെയൊപ്പം നിൽക്കണമായിരുന്നു.  തനിക്ക് എന്നും സഹായഹസ്തം നീട്ടിക്കൊണ്ടു നിൽക്കുന്ന ദുര്യോധനന്‍റെ  സ്നേഹം അനന്തമാണ്.    സ്നേഹത്തെ എന്തിനോടാണ് ഉപമിക്കേണ്ടത്....

 

തനിക്കത്  അത്രമേൽ ദൃഢമായി തോന്നിയ സൗഹൃദമായിരുന്നു.

താൻ അംഗരാജാവായി തീര്‍ന്നത് ആ സൌഹൃദത്തിന്‍റെ  ഇഴയടുപ്പം ഒന്നുകൊണ്ട് മാത്രമാണ്. ഒരു സൂതപുത്രന്  ഒരിക്കല്‍ പോലും  സങ്കല്‍പിക്കുവാന്‍ പറ്റാത്ത സ്ഥാനമായിരുന്നത്.

 

പരീക്ഷണത്തിന്‍റെ   ദിനങ്ങൾ  ഒരു മരീചിക പോലെ തന്‍റെ  മനസ്സിലേക്ക്  കടന്നു വരുമ്പോൾ ചിത്തത്തിലെ തുലാസ് ദുര്യോധന പക്ഷത്തേക്ക്  ചരിഞ്ഞാണ് നിൽക്കുന്നത്.  

 

സഭയില്‍ വെച്ചാണ്  അർജുനനെ കൊല്ലും എന്ന  ഉഗ്ര ശപഥം താൻ  എടുത്തത്. സഹോദരൻ എന്ന് മുന്നമേ അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ശപഥം എടുക്കില്ലായിരുന്നിരിക്കണം.

അസ്ത്രപ്രവീണ്യത്തിൽ തന്‍റെ  കഴിവുകൾ മാനിക്കാതെ അർജുനനെ അസ്ത്രവിദ്യയിൽ അഗ്രഗണ്യൻ ആയി ഉയർത്തിക്കാട്ടുവാൻ ശ്രമിച്ചപ്പോൾ താൻ  രംഗപ്രവേശനം ചെയ്തതും,  അതിനെ ദുര്യോധനൻ പിന്താങ്ങുകയും ചെയ്തപ്പോൾ  ഒരു മത്സരം നടത്തേണ്ടതായിരുന്നില്ലേ?.

 

അവിടെ കൃപർ അപമാനത്തിന്‍റെ  തീയമ്പുകൾ തന്‍റെ  മേൽ ചൊരിയുകയാണ് ചെയ്തത്.

 

പാർത്ഥൻ കുലമഹിമയുള്ളവനും, ക്ഷത്രിയനും  താൻ വെറും സൂതപുത്രനും. സ്വന്തം മാതാവ് അവിടെ മൗനത്തിന്‍റെ  മുഖംമൂടി അഴിച്ചുമാറ്റിയിരുന്നെങ്കിൽ ഒരു പക്ഷേ താൻ പാണ്ഡവപക്ഷത്തു നിന്നേനേ.  സദസ്സിൽ മഹാനായ ഭീഷ്മരും മറ്റനേകം മഹാന്മാരും സന്നിഹിതരായിരുന്നു. മാതാവ്  മൗനത്തിന്‍റെ  ഭാഷയിൽ സൂതപുത്രൻ പുറത്തുപോകൂ എന്ന് ആർപ്പ് വിളിക്കുകയായിരുന്നിരിക്കണം ചെയ്തത്.

 

എന്നാല്‍ ദുര്യോധനും,  അനുജന്മാരും   തനിക്ക് കവചം പോലെ നിന്ന് സംരക്ഷമേകി

 

പാഞ്ചാലി സഹോദരന്മാരുടെ പത്നി ആണെന്ന് മുന്നമേ അറിഞ്ഞിരുന്നെങ്കിൽ വസ്ത്രാക്ഷേപ സഭയിൽ വെച്ച് താൻ മൗനം അവലംഭിച്ചേനേ. അതിനു പകരം പാർത്ഥനോടുള്ള പക തീർക്കുവാൻ വേണ്ടി അവിടെയും തനിക്ക് കർണ്ണകടോരമായ വാക്കുകൾ ഉച്ചരിക്കേണ്ടതായി വന്നു. വാക്കുകൾ എത്രയോ ക്രൂരമായി പോയെന്ന്‍  ഇപ്പോൽ തോന്നിയിരിക്കുന്നു.

 

 

"അഞ്ചു ഭർത്താക്കന്മാരോട് കൂടി  കഴിഞ്ഞ ഇവളെ നിങ്ങൾ നൂറു  പേരും കൂടി വെപ്പാട്ടിയായി വെച്ച് ഇഷ്ടം പോലെ  അനുഭവിച്ചുകൊള്ളുക".

 

താൻ അന്ന് പറഞ്ഞത് വലിയൊരു അപരാധം ആയിരുന്നില്ലേ?.

 

അവിടെ അധർമ്മത്തിനു കൂട്ട് നിൽക്കുമ്പോൾ മനസ്സ് ദുര്യോധന സ്നേഹത്താൽ വെമ്പുകയായിരുന്നു. അതായിരിക്കണം അന്ന്  അങ്ങനെ  പുലമ്പാൻ ഇടയായ  സാഹചര്യം

 

ഒരിക്കലും  ഒരു സ്ത്രീയുടെ  നേരെ അധർമ്മം ചെയ്യരുതെന്ന് സഭയിൽ പറയുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഗതി വരുമായിരുന്നോ?.

 ഭീകര കൃത്യത്തിനു ശേഷം  അവരെ വനവാസത്തിനു അയക്കുവാൻ തീരുമാനം  എടുത്ത സഭയിലും താൻ അംഗം ആയിരുന്നു. അവിടെയും ദുര്യോധനാദികളുടെ താൽപര്യങ്ങൾക്കു വഴങ്ങി കൊടുക്കുകയായിരുന്നു താനും. ഒരുപക്ഷേ അവിടെ എതിർപ്പിന്‍റെ  സ്വരം മുഴക്കിയിരുന്നെങ്കിൽ യുദ്ധം ചിലപ്പോൾ നടക്കില്ലായിരുന്നിരിക്കണം

 

 

തെറ്റിന്‍റെ  വഴികൾ തിരുത്തുവാൻ ഭാര്യമാരായ വൃഷാലിയോ, സുപ്രിയയോ എതിർത്തിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. അവർ ഒരിക്കലും എതിർത്തില്ല എന്നതായിരുന്നു വാസ്തവം.  

 

ദ്രോണാചാര്യരുടെ കീഴിൽ ആയുധവിദ്യ പരിശീലിച്ചിരുന്ന കാലം ഓർമ്മയിൽ തെളിഞ്ഞു. ബ്രഹ്മാസ്‌ത്രമേയ്യാന്‍  പിടിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചപ്പോൾ  സൂത പുത്രൻ അതിന് യോഗ്യനല്ല എന്ന് അദ്ദേഹം ഉച്ചത്തിൽ പറയുകയും, പുച്ഛിക്കയ്ക്കുകയും ചെയ്തു.

 

ബ്രഹ്മസ്ത്ര വിദ്യ എങ്ങനെയും സ്വായത്വമാക്കുവാൻ വേണ്ടി കള്ളം പറഞ്ഞ്  പരശുരാമന്‍റെ  ശിഷ്വത്വം സ്വീകരിച്ചു. യാഥാർഥ്യങ്ങൾ പിന്നീട്  അറിഞ്ഞപ്പോൾ ശാപം ചൊരിയുകയായിരുന്നു ഗുരുവും.

 

"യുദ്ധം മുറുകി വരുമ്പോൾ നിനക്ക് വേണ്ട  യുക്തി തോന്നാതെ പോകട്ടെ"  എന്ന ശാപവചനം ജീവിതയാത്രയിൽ ഒരു അപശകുനം പോലെ തന്നേ പിന്തുടരുകയായിരുന്നല്ലോ.

 

പഠിച്ചവിദ്യകൾ ഒന്നും വേണ്ടവിധത്തിൽ പ്രയോഗിക്കുവാൻ കഴിയാതിരുന്നതും ശാപത്തിന്‍റെ  ഫലം ആയിരുന്നില്ലേ. ഒക്കെ വിധിയെന്ന് കരുതി സമാധാനിക്കുവാൻ  ക്ഷത്രീയനായ തനിക്ക് കഴിഞ്ഞിരുന്നുമില്ല.

 

 

പിതാവ് സൂര്യഭഗവാൻ പ്രത്യക്ഷനായി തന്നോട് കവചകുണ്ഡലങ്ങൾ ദാനംചെയ്യരുതെന്നും അതിന്‍റെ മഹത്വം  എന്തെന്നും  വെളിപ്പെടുത്തിയതാണ്.  

ദാനം ധർമ്മനിഷ്ഠയായി കൊണ്ടുനടന്നിരുന്ന തനിക്ക് വാക്കുകളിലെ സ്നേഹത്തെ തിരിച്ചറിയുവാന്‍ കഴിഞ്ഞിരുന്നെങ്കിലും പ്രതിജ്ഞകളെ ഒരിക്കലും ലംഘിക്കുവാന്‍ കഴിയുവായിരുന്നില്ല.

 

ദാന ധർമ്മത്തിലൂടെ ലഭിക്കുന്ന പുണ്യം തന്‍റെ  അഹങ്കാരത്താല്‍  നശിച്ചുപോകുമെന്ന് പിതാവ് ഓർമ്മപെടുത്തിയതുമാണ്.

 

 പക്ഷേ അഹങ്കാരിയായ തന്‍റെ  സ്വഭാവത്തിന് നേരിയൊരു പരിവർത്തനം വന്നില്ല എന്നതായിയുന്നു വാസ്തവം.

 

മാതാവ് കാണുവാനായി വന്ന മുഹൂർത്തം സന്ധ്യസമയത്തായിരുന്നു.  മക്കളെ കൊല്ലരുതെന്നുള്ള അവരുടെ യാചനയ്ക്ക്  മുൻപിൽ അർജ്ജുനനെ ഒഴിച്ച് മറ്റാരെയും കൊല്ലില്ല എന്നു വാക്ക്  കൊടുക്കേണ്ടതായി വന്നു. അങ്ങനെയൊരു വാക്ക് കൊടുത്തില്ലായിരുന്നെങ്കിൽ തനിക്ക് മറ്റുള്ള സഹോദരങ്ങളെ കൊല്ലുവാൻ കിട്ടിയ അവസരം പാഴാക്കേണ്ടിയതായി വരില്ലായിരുന്നു.       

 

അങ്ങനെയായിരുന്നെങ്കിൽ യുദ്ധത്തിന്‍റെ  ഗതി മറ്റൊന്നാകുമായിരുന്നു.

മറുഭാഗത്ത്  സർവമയനായ കൃഷ്ണഭഗവാൻ നിലയുറപ്പിക്കുക കൂടി ചെയ്തപ്പോൾ വിജയമെന്ന മോഹം മനസ്സിൽ നിന്നും പിഴുതു കളയേണ്ടതായിരുന്നു. അവിടെയും അഹങ്കാരം വിനയായി തീർന്നു. വെറുമൊരു മാംസപിണ്ഡമായി രണഭൂമിയിൽ കിടക്കുമ്പോൾ പോലും അഹന്തതയുടെ   വിഷവിത്തുകൾ മനസ്സിനെ കളങ്കപെടുത്തികൊണ്ടിരുന്നു

 

മനസ്സില്‍ തോന്നിയ ചിന്തകള്‍  കര്‍ണ്ണന്‍റെ കണ്ണുകളെ ഈറനണിയിച്ചു. ആ ശരീരം വേദനയാല്‍ പിടയുകയായിരുന്നെങ്കിലും കര്‍ണ്ണന്‍റെ മനസ്സിനുള്ളില്‍ സഹോദരങ്ങളെയും, അമ്മയേയും  കാണുവാനുള്ള മോഹം മൊട്ടിടുക തന്നെ ചെയ്തു.

 

                                                          ശുഭം.

 

രഞ്ജിത്ത് നൈനാന്‍  മാത്യു

അഡലൈഡ് , ഓസ്ട്രേലിയ.