ആകെ പേജ്‌കാഴ്‌ചകള്‍

2017, നവംബർ 11, ശനിയാഴ്‌ച

യാത്രയില്‍ കണ്ടൊരു കൌതുക കാഴ്ച

യാത്രകള്‍ക്കെന്നും അതിന്‍റെതായ പരിശുദ്ധിയും നൈര്‍മല്യതയും ഉണ്ടായിരിക്കും പ്രത്യേകിച്ച് ആ യാത്രകള്‍ക്ക് പിന്നില്‍ വളരെയേറെ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന തോന്നല്‍ മനസ്സില്‍ സംജാതമാകുമ്പോള്‍.


വെല്ലൂര്‍ മ്യുസിയം കണ്ട് തിരകെ നടക്കുവാന്‍  ഒരുങ്ങുകയായിരുന്നു ഞങ്ങള്‍.


പൌരാണികമായ കുറെ നടരാജ വിഗ്രഹങ്ങളും, കുറെ നാണയ ശേഖങ്ങളും, സ്റ്റഫ്‌ ചെയ്തു വെച്ചിരിക്കുന്ന പുലിയുടെയും, മയിലിന്‍റെയും ശരീര ഭാഗങ്ങളും, കുറെയേറെ ഉടവാളുകളും, പല തരത്തില്‍ ഉള്ള ഗ്രാനൈറ്റ് കല്ലുകളും ഒക്കെ നിറഞ്ഞതായിരുന്നു ആ മ്യുസിയത്തിന്‍റെ അകത്തളം.


ആ മ്യുസിയത്തിന്‍റെ മുന്‍വശത്തായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിനോസറിന്‍റെ പ്രതിമ കുറെ നേരം കണ്ണിമയിക്കാതെ നോക്കി നിന്നപ്പോള്‍ ആണ് മരച്ചില്ലയില്‍ ഇരുന്നു ഞങ്ങളെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന കുരങ്ങച്ചനെ കാണുവാന്‍ ഇടയായത്.


ഇപ്പോള്‍ ആക്രമിച്ചേക്കും എന്നുള്ള അവന്‍റെ ഭാവം ഞങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ പര്യാപ്തവും ആയിരുന്നു.

 

ലേശം പരിഭ്രമത്തോടെ അവന്‍റെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുവാന്‍ തീരുമാനിച്ചു. കാറ്റ് അതിന്‍റെ രൌദ്രഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ മരച്ചില്ലകളെ ഇളക്കികൊണ്ടിരുന്നെങ്കിലും ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്യ് വഴക്കത്തോടെ അതില്‍ അള്ളിപ്പിടിച്ചുള്ള അവന്‍റെ ഇരുപ്പും, തുറിച്ചു നോട്ടവും ഞങ്ങളെ രസിപ്പിക്കുക തന്നെ ചെയ്തു.

 

കുടെ ഉണ്ടായിരുന്നവര്‍ വാനരന്‍റെ ചേഷ്ടകള്‍ കണ്ടുമടുത്തപ്പോള്‍ മറ്റുള്ള കാഴ്ചകള്‍ കാണുവാനുറച്ചു മെല്ലെ നടന്നു നീങ്ങി. നിശബ്ദത തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം ഇഷ്ടപ്പെട്ടതുപോലെ അവന്‍ മരത്തിലൂടെ ഊര്‍ന്നിറങ്ങി. തൊട്ടടുത്തു സ്റ്റാന്‍ഡില്‍ ചാരി വെച്ചിരുന്ന ബൈക്കിലേക്ക് അവന്‍ ഓടി കയറി.

.എന്തിനുള്ള പുറപ്പാടില്‍ ആകും ഇവന്‍?. എന്‍റെ ചിന്താമണ്ഡലത്തെ ചൂട്‌ പിടിപ്പിക്കുവാന്‍ ഉതകുന്നതായിരുന്നു അവന്‍റെ അപ്പോഴത്തെ ആ പ്രവര്‍ത്തി.
 

എന്തായാലും അവന്‍റെ ഒരു ചിത്രം പകര്‍ത്തുവാന്‍ ഉറച്ച് ഞാന്‍ എന്‍റെ മൊബൈല്‍ ഫോണ്‍ കയ്യില്‍ എടുത്ത് അതിലെ ക്യാമറാ ഓണ്‍ ചെയ്തു പിടിച്ചു കൊണ്ടുള്ള നില്‍പ്പ് തുടര്‍ന്നു.

ബൈക്കിന്‍റെ സീറ്റില്‍ ഇരുന്നു മുന്‍വശത്ത് സാധനങ്ങള്‍ വയ്ക്കുവാന്‍ ആയി പിടിപ്പിച്ചിരിക്കുന്ന ചെറിയ ലെതര്‍ സഞ്ചി അവന്‍ തുറന്നു. അതില്‍ നിന്നും ആയാസരഹിതമായി ഒരു കുപ്പി വെള്ളം എടുത്ത് അതിന്‍റെ അടപ്പ് തുറന്ന് അവന്‍ വെള്ളം കുടിക്കുവാനും തുടങ്ങി.


കണ്ണുകള്‍ക്ക്‌ ഇമ്പമേകുന്ന പ്രവര്‍ത്തിയായിരുന്നു അവന്‍ സമ്മാനിച്ചത്.





2017, നവംബർ 10, വെള്ളിയാഴ്‌ച

ശിംശോൻ പ്രതികാരം




ശിംശോന്‍ പ്രതികാരം

 

ഹേമന്തം ചുംബനങ്ങൾ

കൊണ്ട് മൂടിയ രാവിൽ

ശിംശോനെന്ന മഹാമല്ലൻ

കോലാട്ടിൻ കുട്ടിയുമേന്തി

കളത്രം തൻചാരത്ത്

എത്തുവാൻ പുറപ്പെട്ടു 

വിളഞ്ഞു കിടക്കുന്ന

ഗോതമ്പു പാടങ്ങൾ

ദൂരവേ കണ്ടപ്പോഴേക്കും

ഹൃദ്യമാം അനുഭൂതി

മൊട്ടിട്ടു മനസ്സിൽ

കുടുബ ജീവിതത്തിൽ

ശാന്തിയും സന്തോഷവും

തരണേ നാഥായെന്നു

നിനച്ചു കൊണ്ടാണല്ലോ

പത്‌നി തൻഗൃഹത്തിൽ

പിന്നെയും  എത്തിയത്

വിലക്കിൻ ഗർജ്ജനങ്ങൾ

ശ്രവിച്ചു വീടിനുള്ളിൽ

ഭാര്യതൻ അപ്പൻ സ്വരം

കടുത്തു ആരവത്താൽ

അനിഷ്ടം ഏറിയതാൽ

ഭാര്യയോ തോഴൻതൻ

പത്നിയായി പാർക്കുന്നല്ലോ

കോപത്താൽ ജ്വലിച്ചല്ലോ

ശിംശോൻ അന്തരംഗം

പ്രതിശാന്തി മറ്റൊന്നുമേ

ഇല്ലല്ലോ ഉലകിൽ

കുറ്റമില്ല എൻ ജീവിതത്തിൽ

ആജന്മ ശത്രുക്കളാം

ഫെലിസ്ത്യരോയിവര്‍

കോപത്താൽ അന്ധനായി

വർത്തിച്ചു ശിംശോനപ്പോൾ

പ്രതികാര ചിന്തമൊട്ടിട്ടു

മനോഹ തന്‍പുത്രനില്‍

കാനനം തന്നില്‍ചേക്കേറി

മുന്നൂറു കുറുക്കന്മാരെ

പിടിച്ചു കെട്ടിയപ്പോള്‍

അവയുടെ വാലുകള്‍

ഈരണ്ടായി കൂട്ടികെട്ടി

പന്തവും കൊളുത്തി

വിളഞ്ഞു കിടക്കുന്ന

ഗോതമ്പു പാടങ്ങളെ

ലാക്കാക്കി ഓടിച്ചുവിട്ടു

അഗ്നിയോ പുല്‍കിയാ

വയലുകളെയെല്ലാം

ഫെലിസ്ത്യരോ പ്രജ്ഞയറ്റു

ഉഴറി നടന്നപ്പോഴും

*****************************

 

രഞ്ജിത്ത് നൈനാന്‍  മാത്യു


2017, നവംബർ 5, ഞായറാഴ്‌ച

ഭീരുത്വം


നിയമപരിരക്ഷ (കഥ)

നിലാവ് പൊഴിക്കുന്ന രാത്രിയിൽ ഒറ്റയ്ക്ക് നടക്കുവാൻ അവൾ ആഗ്രഹിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ  ഏറെയായി. ആ  ആഗ്രഹം അവൾ കൂട്ടുകാരോടും, വീട്ടുകാരോടും പങ്കുവച്ചപ്പോൾ  എതിർപ്പിന്റെ സ്വരങ്ങൾ പ്രതികരണങ്ങളെക്കാൾ മുൻപേ ഉയരുകയാണ് ചെയ്തത്. സ്ത്രീ ഒറ്റയ്ക്ക് നാട്ടിലൂടെ നടന്നു കഴിഞ്ഞാൽ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ എന്നും നിരത്തുവാൻ കാണുകയുള്ളു. ചിലപ്പോൾ സ്വന്തം ജീവിതം തന്നെ ഹോമിക്കപ്പെട്ടേക്കാം.

വർഷങ്ങൾ വിരുന്നു വന്ന്  കടന്നുപോയപ്പോഴും ആ ആഗ്രഹം അവളുടെയുള്ളിൽ കെടാത്ത കനൽ കട്ട പോലെ കിടപ്പുണ്ടായിരുന്നു. അവൾ പഠിച്ചു മിടുക്കിയായി വലിയൊരു പെൺകുട്ടിയായി  മാറി. ജോലി കിട്ടി ഗൾഫിലേക്ക്  പ്രവാസിയായി  ചേക്കേറിയപ്പോൾ അവളിൽ പിന്നെയും ഉറങ്ങിക്കിടന്ന ആഗ്രഹം ഫണം വിടർത്തി എഴുനേൽക്കുവാൻ തുടങ്ങിയിരുന്നു.

അവധിയുള്ള ഒരു ദിവസം അവൾ കൂട്ടുകാരോട് പോലും പറയാതെ നിലാവിന്റെ അകമ്പടിയുള്ള ഒരു  രാത്രിയിൽ നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്നു. നാളുകളായി സ്‌ത്രീയുടെ സാമീപ്യം അറിയാത്ത പുരുഷന്മാർ അവളുടെ അരികിലൂടെ വികാരങ്ങൾ അടക്കിപിടിച്ചുകൊണ്ടു  കടന്നുപോയി. ആരും അവളുടെ മാനത്തിനു വിലയിട്ടില്ല. ആരെയും അവൾക്ക് പേടിക്കേണ്ടിയ കാര്യവും  ഇല്ലായിരുന്നു.  അവിടെ ശക്തമായ നിയമം  അവളെ സംരക്ഷിക്കുവാൻ ഉണ്ടായിരുന്നു.

രഞ്ജിത് നൈനാൻ മാത്യു
അഡലൈഡ്,