ആകെ പേജ്‌കാഴ്‌ചകള്‍

2018, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

അറയ്ക്കൽ ബീബി




 

അറയ്ക്കൽ രാജവംശത്തെ പറ്റി കേട്ടിട്ടുള്ളവർ തീർച്ചയായും അറയ്ക്കൽ ബീബിയെ കുറിച്ച് കേട്ടിട്ടുണ്ടാവുംകേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമെന്ന കീർത്തി അറയ്ക്കൽ രാജവംശത്തിനാണ്

 

അറയ്ക്കൽ ബീബിയുടെ സ്വദേശം ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെട്ട ചിറയ്ക്കൽ താലൂക്കിൽ ചേർന്ന കണ്ണൂരും, കുടുംബം ചിറയ്ക്കൽ തന്നെയുള്ള കോലത്തിരി രാജവംശത്തിൽ നിന്നും പിരിഞ്ഞു പോയൊരു ശാഖയാണ് രാജവംശത്തിൽ നിന്നും  ശാഖ പിരിഞ്ഞു പോയതിനെ പറ്റിയുള്ള ഐതിഹ്യമാണ് ഇനി വിവരിക്കുവാന്‍ പോകുന്നത്

 

ഏഴിമല കോട്ടയായിരുന്നു കൊല്ലവർഷം നാലാം ശതാബ്ദം വരെ കോലത്തിരി രാജവംശത്തിന്റെ തലസ്ഥാനം. കുടുംബത്തിൽ കോലത്തിരി രാജാവുംശേഷം കൂറുവാഴ്ചക്കാരായ തമ്പുരാക്കന്മാരും തമ്മിൽ സ്പർദ്ധ മുഴക്കുകയും ചെയ്യുകയാൽ ഓരോ ശാഖകൾ ഓരോ ദിക്കിലായി മൂലകുടുംബത്തിൽ നിന്ന് പിരിഞ്ഞു  കത്തിമംഗലം,  മാരിപ്പത്ത്, പഴയങ്ങാടി, ചെറുകുന്ന്, വളപട്ടണം, ചിറയ്ക്കൽ എന്നിങ്ങനെ പലസ്ഥലങ്ങളിൽ കോവിലകങ്ങളുണ്ടാക്കി താമസമുറപ്പിച്ചു.

                                                                                                                                                                     

കോലത്തിരി രാജാവ്‌ എഴാം  ശതാബ്ദം വരെ ഏഴിമല കോട്ടയിലെ കോവിലകത്തു തന്നെയായിരുന്നു താമസിച്ചിരുന്നത്. ചിരയ്ക്കലുള്ള ആ സ്ഥലം കണ്ണൂരു നിന്നും ഇരുപത്  നാഴിക വടക്കാണ്‌. ആ ഏഴിമലയില്‍ നിന്നും പടിഞ്ഞാറേ സമുദ്രത്തിലേക്ക് അല്പം ദൂരമേയുള്ളൂ. മലയുടെ താഴ്വാരത്തായി  പതിനെട്ടു നലുകെട്ടുകളോടുകൂടിയ ഒരു വലിയ കോവിലകം ഉണ്ടായിരുന്നു. അതിനോട് ചേര്‍ന്ന് തന്നെ വലിയൊരു നദിയും, അതിന്‍റെ മറുവശത്തുള്ള കരകളില്‍ അനേകം ബ്രാഹ്മണാലയങ്ങളും, പടയാളികളായ നായന്മാരുടെ അഞ്ഞൂറ് ഗ്രഹങ്ങളും, സ്വല്പം അകലെ ധനവാന്മാരും, യുദ്ധവിദഗ്ധരുമായ ചില മുഹമ്മദീയരുടെ വീടുകളും ഉണ്ടായിരുന്നു.

 

ആ കാലത്ത് ഏഴിമലകോവിലകത്തു താമസിച്ചിരുന്ന അവിവിവാഹിതരായ രണ്ട് കൊച്ചു തമ്പുരട്ടിമാര്‍ കോവിലകത്ത് നിന്ന്‍ പുഴയിലേക്ക് മതില്‍ കെട്ടിയിറക്കിയിരിക്കുന്ന കുളിക്കടവിലേക്ക് കുളിക്കുവാനായി പോയിട്ട് പതിവില്‍ അധികം നേരം വെള്ളത്തില്‍ കിടന്നു ചാടുകയും മറിയുകയും, സോത്സാഹം പുഴയുടെ മധ്യത്തിലേക്ക് നീന്തുകയും ചെയ്തു ക്രീഡിച്ചു.  നവ യവ്വനയുക്തകളായിരുന്ന അവരുടെ ചോരത്തിളപ്പ് സ്വല്പസമയം കഴിഞ്ഞപ്പോള്‍ ഒട്ടുശമിക്കുകയും, രണ്ടു പേരും ക്ഷീണിക്കുകയും ചെയ്തു.

 

അതിനാല്‍ അനിയത്തിയായിരുന്ന കൊച്ചുതമ്പുരാട്ടി നീന്തി കരയ്ക്ക് കയറി.  ജേഷ്ഠത്തിയായിരുന്ന തമ്പുരാട്ടി കരയിലേക്ക് നീന്തിയെങ്കിലും കയ്യും, കാലും കുഴഞ്ഞു പോകയാല്‍ കരയിലേക്ക് എത്തുവാന്‍ സാധിക്കാതെ ഒഴുക്കില്‍ പെട്ട് താഴ്ന്നു പോകുവാനും തുടങ്ങി. കരയില്‍ നിന്നിരുന്ന കൊച്ചുതമ്പുരാട്ടി അത് കണ്ട് പരിഭ്രമിച്ച് ഉറക്കെ നിലവിളിച്ചു.

 

നിലവിളി കേട്ട് അല്പം ദൂരെ പുഴക്കരയില്‍ കുളിച്ചുകൊണ്ട്നിന്നൊരു യുവാവായ മുഹമ്മദീയന്‍ നിലവിളി കേട്ട് കടവിലേക്ക് ഓടിയെത്തുകയും, സംഗതി മനസ്സിലാകുകയാല്‍ തന്‍റെ രണ്ടാം മുണ്ട് അരയില്‍ കെട്ടികൊണ്ട് വെള്ളത്തിലേക്ക് ചാടി തമ്പുരാട്ടിയെ കരയോട് അടുപ്പിച്ചിട്ട് കരയില്‍ കയറി നില്‍ക്കുകയും ചെയ്തു. രാജകന്യക നിലയുള്ള  സ്ഥലത്തായിട്ടും കരയ്ക്ക്‌ കയറാതെ കഴുത്തോളം വെള്ളത്തില്‍ തന്നെ നിന്നതേയുള്ളൂ. ബുദ്ധിമാനായിരുന്ന ആ മുഹമ്മദീയന്‍ അതിന്‍റെ കാരണം അറിഞ്ഞുകൊണ്ട് തന്‍റെ അരയില്‍ കെട്ടിയിരുന്ന രണ്ടാം മുണ്ട് നനഞ്ഞതെങ്കിലും കോടിയായിരുന്നതിനാല്‍ അത് അഴിച്ചു തമ്പുരാട്ടിയ്ക്ക് ഇട്ട്കൊടുത്ത ശേഷം  അവിടെ നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി പോയി.

 

ഉടുത്തിരുന്ന വസ്ത്രം ഒഴുക്കിന്‍റെ ശക്തിയില്‍  വെള്ളത്തില്‍ നഷ്ടപ്പെട്ടതിനാല്‍ ആയിരുന്നു തമ്പുരാട്ടി കരയ്ക്ക് കയറാതെ  വെള്ളത്തില്‍ തന്നെ നിന്നത്.  മുഹമ്മദീയന്‍റെ രണ്ടാം മുണ്ട് കിട്ടിയതിനാല്‍ അത് ഉണ്ടുത്തുകൊണ്ട് തമ്പുരാട്ടി കരയില്‍ കയറുകയും, കുളിപ്പുരയില്‍ ചെന്ന് കുളി കഴിഞ്ഞു കൊട്ടാരത്തിലേക്ക് മടങ്ങി പോകുകയും ചെയ്തു.

 

ഈ വര്‍ത്തമാനങ്ങള്‍ എല്ലാം ക്ഷണനേരം കൊണ്ട് കൊട്ടാരത്തില്‍ അറിഞ്ഞു. ആപത്തില്‍ നിന്ന് രക്ഷപ്രാപിച്ച കന്യകയുടെ മാതുലനായ കോലത്തിരി രാജാവ് തന്‍റെ ഭാഗിനേയിയെ രക്ഷിച്ച ആ മുഹമ്മദീയനെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തുകയും, അനേകം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ആ യുവാവ് കൊട്ടാരത്തിലെ സൈന്യത്തില്‍ ചേര്‍ന്നിട്ടുള്ള ഭടന്‍ ആണെന്ന് മനസ്സിലാക്കി പട്ടാളത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കല്പിച്ചു നല്‍കുകയും ചെയ്തു.

 

എന്നാല്‍ കുളികഴിഞ്ഞു കൊട്ടാരത്തില്‍ തിരിച്ചെത്തിയ മൂത്ത തമ്പുരാട്ടി കൊട്ടാരത്തിനുള്ളില്‍ കടക്കാതെ  ഉപഗൃഹത്തില്‍ ചെന്നിരുന്നു. അമ്മതമ്പുരട്ടി മുതലായ തമ്പുരട്ടിമാരും വളരെയൊക്കെ പറയുകയും  നിര്‍ബന്ധിക്കുകയും ചെയ്തിട്ടും ആ കന്യക അവിടെ നിന്നും ഇളകിയില്ല. ഗുരുജനങ്ങള്‍  നിര്‍ബന്ധിച്ചപ്പോള്‍ ആ തമ്പുരാട്ടി ഇപ്രകാരം പറഞ്ഞു.

 

"വെള്ളത്തില്‍ നിന്നും എന്നെ ആ മുഹമ്മദീയാന്‍ പിടിച്ചു കയറ്റിയപ്പോള്‍ തന്നെ തന്‍റെ പാണിഗ്രഹം അയാളുമായി കഴിഞ്ഞിരിക്കുന്നു.  നനഞ്ഞതെങ്കിലും കോടിയായ ഒരു മുണ്ട് എനിക്ക് ഉടുക്കുവാന്‍ തരികയും ചെയ്തു. ഈ രണ്ട് കാര്യങ്ങള്‍ കൊണ്ട് തന്‍റെ വിവാഹ കര്‍മ്മങ്ങള്‍ മിക്കവാറും നടത്തപ്പെട്ടിരിക്കുന്നു. രാജകന്യകമാരെ മുഹമ്മദീയര്‍ വിവാഹം കഴിക്കുന്നത് വിഹിതം അല്ലാത്തതിനാല്‍ ഞാന്‍ ഇപ്പോള്‍ ഭ്രഷ്ടയായിരിക്കുന്നു".

 

കോലത്തിരിത്തമ്പുരാൻ വൈദികപ്രായച്ഛിത്തംകൊണ്ടു തന്‍റെ ഭാഗിനേയിയെ ശുദ്ധീകരിച്ചു വീണ്ടെടുക്കുവാൻ നിശ്ചയിച്ചതിന്‍റെശേ‌ഷം ആ വിവരം ചില സ്ത്രീജനങ്ങൾ മുഖാന്തരം ആ രാജകുമാരിയെ അറിയിച്ചു. അതുകൊണ്ടും ആ രാജകുമാരിയുടെ നിശ്ചയത്തിനു ലേശവുമിളക്കമുണ്ടായില്ല. പിന്നെ തമ്പുരാൻ തന്നെ ആ ഭാഗിനേയിയുടെ അടുക്കൽച്ചെന്നു വളരെ നിർബന്ധിച്ചു നോക്കി. അതുകൊണ്ടും ഫലമൊന്നുമുണ്ടായില്ല.

 

വിദു‌ഷിയായ ആ രാജകന്യകയുടെ നിശ്ചയത്തിന് ഇളക്കം വരുത്തുകയെന്നുള്ളത് ആരാലും സാദ്ധ്യമല്ലെന്ന് ഉറപ്പുവരികയാൽ കോലത്തിരിത്തമ്പുരാൻ കോവിലകത്തുണ്ടായിരുന്ന ശേ‌ഷം തമ്പുരാക്കന്മാരോടും മറ്റും ആലോചിച്ച് എല്ലാവരുടെയും സമ്മതപ്രകാരം പ്രധാന കോവിലകത്തോടടുത്തുതന്നെ കെങ്കേമമായിട്ടു വേറെ ഒരു കോവിലകം പണിയിച്ചു രാജകന്യകയുടെ താമസം അവിടെ ആക്കുകയും ആ രാജകുടുംബത്തിൽ ശേ‌ഷമുണ്ടായിരുന്ന തമ്പുരാട്ടിമാരെപ്പോലെ സുഖമായിക്കഴിഞ്ഞുകൂടുവാൻ തക്കവണ്ണമുള്ള വസ്തുവകകളും പണ്ടങ്ങളും പാത്രങ്ങളും മറ്റുമെല്ലാം കൊടുക്കുകയും പ്രാണരക്ഷ ചെയ്ത ആ യുവാവിനെക്കൊണ്ടുതന്നെ മുഹമ്മദീയവിധിപ്രകാരം ആ രാജകന്യകയെ കല്യാണം കഴിപ്പിക്കുകയും ചെയ്തു.

 

അക്കാലം മുതൽ ആ രാജകുമാരിയുടെ നാമധേയം "അറയ്ക്കൽ ബീബി" എന്നായിത്തീർന്നു.

 

അറയ്ക്കല്‍ ബീബിയുടെ സന്താനപരമ്പരയില്‍ ഉള്‍പ്പെട്ട പുരുഷന്മാരെ അറയ്ക്കല്‍ തമ്പുരാക്കന്മാര്‍ എന്നാണ് പറഞ്ഞ് വരുന്നത്.

 

മുഹമ്മദീയസ്ത്രീകൾ ഘോ‌ഷാസമ്പ്രദായം സ്വീകരിച്ചിട്ടുള്ളവരാകയാൽ അവരെ അന്യപുരു‌ഷന്മാർക്കു കാണുവാൻ പാടില്ലെന്നാണല്ലോ വയ്പ്. എന്നാൽ കോലത്തിരി രാജാവിന്‍റെ വംശ്യരായ ചിറയ്ക്കൽ കോവിലകത്തുള്ള തമ്പുരാക്കന്മാർക്ക് അറയ്ക്കൽ ബീബിമാരെ കാണുന്നതിനു യാതൊരു വിരോധവുമില്ല. ചിറയ്ക്കൽ കോവിലകത്തുള്ള തമ്പുരാക്കന്മാർ അവിടെ എഴുന്നള്ളിയാൽ അമൂല്യങ്ങളായ തിരുമുൽക്കാഴ്ചകൾ വെച്ചാണ് അറയ്ക്കൽ രാജാക്കന്മാർ മുഖം കാണിക്കുക പതിവ്. കോലത്തിരി രാജവംശ്യരായി തിരുവിതാംകൂറിലെ തമ്പുരാക്കന്മാർ ചെന്നാലും അറയ്ക്കൽ ബീബികളെ കാണുന്നതിനു വിരോധമില്ലെന്നാണ് വെച്ചിരിക്കുന്നത്.

 

ഇവർക്കും അറയ്ക്കൽ രാജാക്കന്മാർ തിരുമുൽക്കാഴ്ച വെയ്ക്കുകയും മറ്റും പതിവുണ്ട്. അറയ്ക്കൽ രാജകുടുംബത്തിലും ഐശ്വര്യം ക്രമേണ വളരെ വർദ്ധിക്കുകയാൽ ജനങ്ങൾ "ചിറയ്ക്കൽപ്പകുതി അറയ്ക്കൽ" എന്നു പറഞ്ഞ് ആ കുടുംബത്തെ പുകഴ്ത്തുകയാൽ അതൊരു പഴഞ്ചൊല്ലായിത്തീർന്നു.

 

ചിറയ്ക്കല്‍ കോവിലകത്തുള്ളവരും, അറയ്ക്കല്‍ കോവിലകത്തുള്ളവരും തമ്മില്‍ വളരെ മൈത്രിയോടും വിശ്വസ്തയോടുമാണ് ഇന്നും വര്‍ത്തിച്ചുപോരുന്നത്.