ആകെ പേജ്‌കാഴ്‌ചകള്‍

2017, ഡിസംബർ 7, വ്യാഴാഴ്‌ച

ഒരു യൂബർ കഥ

ജോലിയൊന്നും കിട്ടാതെ വിഷമിച്ചിരിക്കുന്ന വേളയിലാണ് എന്റെയൊരു കൂട്ടുകാരൻ യൂബർ ഓടിക്കുന്ന കാര്യം എന്നോട് പറയുന്നത്.  യൂബർ ഓടിക്കുന്നതിനെ പറ്റി വ്യക്തമായ അറിവ് അവനില്ലായിരുന്നെങ്കിലും ആ വിവരം എന്നിൽ പ്രതീക്ഷയുടെ കോട്ടകൾ പടുത്തുയർത്തുകയായിരുന്നു.

പിന്നീട് അതേപ്പറ്റിയായിരുന്നു എന്റെ അന്വേഷണം.  പലരോടും  യൂബറിനെ പറ്റി അന്വേഷിച്ചെങ്കിലും ആർക്കും അതിനെ പറ്റി വലിയ ഗ്രാഹ്യമില്ലെന്നു മനസ്സിലാക്കുവാൻ അധികം ദിവസങ്ങൾ ഒന്നും തന്നെ വേണ്ടി വന്നില്ല. മനസ്സിനുള്ളിൽ രൂപപ്പെട്ട പ്രതീക്ഷയുടെ നറുങ്ങുവെട്ടം പൊലിഞ്ഞു പോകുമോയെന്ന  ആശങ്ക അങ്കുരിച്ച വേളയിലാണ് അയൽവാസിയായ പാകിസ്ഥാനിയെ പരിചയപ്പെടുവാൻ ഇടയായത്.

വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ പരസ്പരം സമ്മാനിച്ചിരുന്ന  പുഞ്ചിരികൾ  മാത്രമായിരുന്നു അതുവരെയുള്ള ഞങ്ങളുടെ സൗഹൃദം.

രണ്ട് രാജ്യങ്ങളിലെ പൗരൻന്മാർ  എന്നതിനപ്പുറം വ്യത്യസ്ഥമായ സംസ്കാരത്തിന്റെ ഉടമകളായ സാധാരണ മനുഷ്യരായ ഞങ്ങൾക്കിടയിൽ ഉടലെടുത്തത് പുതിയൊരു സൗഹൃദമായിരുന്നു.

അയാളുടെ പേര് യൂസുഫ്.

കറാച്ചിയിൽ നിന്നു ഇവിടേക്ക് കുടിയേറിയിട്ടു വർഷം മൂന്ന്  കഴിഞ്ഞിരിക്കുന്നു.  മക്കളായ മൂസയും, മറിയയും ഞങ്ങളുടെ ഹിന്ദിയിലുള്ള സംഭാഷണം ശ്രദ്ധിക്കാതെ തൊട്ടടുത്തു നിന്നു എന്തൊക്കെയോ കളിക്കുന്നുണ്ടായിരുന്നപ്പോൾ.

ജന്മനാട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയിൽ നിന്നൊരു മോചനം പ്രതീക്ഷിച്ചാണ്  അയാൾ ഇവിടേക്ക് കുടിയേറിയത്.  മക്കൾ രണ്ടു പേരും ഇവിടെ വന്നതിന്  ശേഷമാണ്  ജനിച്ചത്.
ജോലിയെ പറ്റി  അന്വേഷിച്ചപ്പോൾ ചിരിച്ചുകൊണ്ട് ഒരു ചെറിയ ജോലി ഉണ്ടെന്നു  ആത്മഗതം പോലെ പറഞ്ഞിട്ട് ഒന്നു നെടുവീർപ്പിട്ടു.  ഡിഗ്രിയ്ക്ക് നല്ല  മാർക്ക് വാങ്ങിയാണ് പാസ്സായതെങ്കിലും ഇപ്പോൾ ചെയ്യുന്ന ജോലിയ്ക്ക് അതുമായി യാതൊരു ബന്ധവും ഇല്ലെന്നു പറഞ്ഞിട്ട് നിശബ്ദമായി ഒന്നു ചിരിച്ചു.

എന്തു ചെയ്യുന്നുവെന്ന് യൂസുഫ് തിരികെ ചോദിച്ചപ്പോൾ വെറുതെയൊന്നു ചിരിച്ചു.  ജോലിയൊന്നും ആയിട്ടില്ലെന്ന് പതിഞ്ഞ സ്വരത്തിൽ അയാളോട് തെല്ല് ജാള്യതയോടെയാണ് പറഞ്ഞത്.

യൂസുഫിനും ആറുമാസം ജോലിയൊന്നും കിട്ടാതെ നിൽക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ടത്രേ. എന്റെ ജാള്യത കണ്ടിട്ട്  ആശ്വസിപ്പിക്കുന്നതുപോലെയാണ് അയാൾ  അത്‌ പറഞ്ഞത്.

മനസ്സിനുള്ളിൽ വ്യക്തമായ ധാരണയില്ലാതെ കിടക്കുന്ന യൂബറിനെ പറ്റി എന്തെങ്കിലും അറിയാമോ എന്നു ഞാൻ യൂസുഫിനോട് വലിയ പ്രതീക്ഷയൊന്നുമില്ലാതെ വെറുതെ ചോദിച്ചു.

ആ ചോദ്യത്തിന്റെ പൊരുൾ ഗ്രഹിച്ചതുപോലെ അയാൾ നന്നായൊന്നു ചിരിച്ചു.

യൂബറിനെ പറ്റി അറിയാമോയെന്നോ?. എന്തൊരു ചോദ്യം ആണിത്.

രസകരമായൊരു കഥയിലൂടെ അയാൾക്കുണ്ടായ ആദ്യ യൂബർ ഓട്ടത്തിന്റെ അനുഭവം വിവരിക്കുമ്പോൾ ഒരു കേൾവിക്കാരനായ എന്റെ ചുണ്ടിൽ പോലും പുഞ്ചിരിയുടെ  പൊടിപ്പുകൾ  പ്രത്യക്ഷപെട്ടിരുന്നു.

വെറും രണ്ടു വർഷം മാത്രം പഴക്കം ഉള്ള വണ്ടി യൂബർ ഓടിക്കുവാൻ രജിസ്റ്റർ ചെയ്യുമ്പോൾ യൂസുഫിന്റെ മനസ്സിൽ സന്തോഷം  തോന്നാതിരുന്നില്ല.  യൂബർ  ഓടിക്കണമെങ്കിൽ അവരുടെ  അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ   മൊബൈലിൽ അപ്‌ലോഡ് ചെയ്യുണമത്രേ. പുതിയ ജോലി കിട്ടുന്ന ആവേശത്തിൽ ആ കർമ്മവും ഭംഗിയായി നിർവഹിച്ചു.

അങ്ങനെ പിറ്റേ ദിവസം രാവിലെ പ്രാർത്ഥനയൊക്കെ കഴിഞ്ഞ് യൂബറിന്റെ അപ്ലിക്കേഷൻ പ്രവർത്തന സജ്ജമാക്കി. ഇനി ഓട്ടത്തിനായിട്ടുള്ള വിളി അപ്ലിക്കേഷനിൽ വരിക മാത്രമേ വേണ്ടുകയുള്ളു. കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്ന ആ  വിളി സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ മനസ്സിൽ ആയിരം വർണ്ണ നക്ഷത്രങ്ങൾ മിന്നി മാഞ്ഞു.

ആദ്യ ഓട്ടം
സ്വീകരിക്കുവാൻ ഒരു മിനിട്ട് ഉണ്ടായിരുന്നെങ്കിലും ഐശ്വര്യമായി പുതിയ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുന്നത്തിന്റെ  സന്തോഷത്തിൽ വിരലുകൾ മൊബൈൽ സ്‌ക്രീനിൽ അമർന്നു കഴിഞ്ഞിരുന്നു.

അങ്ങനെ  ആദ്യത്തെ യൂബർ ഓട്ടം ഓടുവാനായി പുറപ്പെട്ടു. അൺലി പാർക്കിൽ നിന്നും ഹെൻലി ബീച്ച്‌ വരെ ആറു കിലോമീറ്റർ ഉദ്ദേശം ഉണ്ടായിരുന്നിരിക്കാം. അവിടെ നിന്നും ആഫ്രിക്കൻ വംശജനായ എൽബിനോയെ എടുത്ത് അഡ്ലൈഡ് സിറ്റിയിൽ കൊണ്ടുപോയി വിടണം.

തടിച്ച ശരീര  പ്രകൃതമുള്ള അയാൾ വണ്ടിയിൽ കയറിയ ഉടനെ തന്നെ ഉറങ്ങാൻ ആരംഭിച്ചിരുന്നു. അഞ്ചോ ആറോ കിലോമീറ്റർ വെറും ഇരുപത് മിനിറ്റ് കൊണ്ട് താണ്ടി തീർക്കാം എന്ന പ്രതീക്ഷ യൂസഫിൽ ഉണ്ടായിരുന്നു. വഴിയിൽ തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ അതിന് മുൻപ്  എത്തിചേരുകയും ചെയ്യാം. അത്  കഴിഞ്ഞ് മറ്റൊരു  ഓട്ടം  അവിടെ നിന്നു കിട്ടുകയാണെങ്കിൽ അതിന്റെ  ലാഭം വേറെയും നേടാം.

ഉല്ലാസപ്രദമായ ആദ്യ യൂബർ ഓട്ടം സിറ്റിയിൽ എത്തിച്ചേർന്നു.  സ്റ്റോപ്പിൽ  എത്തിയപ്പോഴും യൂസുഫിന്റെ ആദ്യ യൂബർ യാത്രക്കാരൻ ഉറക്കം തന്നെയായിരുന്നു.

പിന്നീടുള്ള ചിന്തകൾ അയാളെ  ഉണർത്തുന്നതിനെ പറ്റിയായിരുന്നു. യാത്രക്കാരനെ കുലുക്കി എഴുനേൽപ്പിക്കുന്നതു ശരിയായൊരു നടപടിയായി തോന്നിയില്ല. അയാൾ പരാതി പറഞ്ഞാൽ പിന്നീട് അതൊരു പൊല്ലാപ്പായി മാറും.

അയാളെ ഉണർത്തുവാനുള്ള വഴികളെ പറ്റിയായി പിന്നീടുള്ള ചിന്തകൾ. പേര്  ഉച്ചത്തിൽ വിളിച്ചു അയാളെ ഉണർത്തുവാൻ നോക്കി. ആ  വിധത്തിൽ ഉണർത്തുന്നത്തിൽ പരാജയപെട്ടപ്പോൾ യൂസുഫിന്റെ ശ്രദ്ധ കാർ റേഡിയോയിലേക്കു തിരിഞ്ഞു. അതിൽ പാട്ടുകൾ ഉച്ചത്തിൽ വെച്ചു കഴിഞ്ഞാൽ ചിലപ്പോൾ ഉണർന്നേക്കും.

ഗസ്സലുകൾ മാറിമാറി പരീക്ഷിച്ചു നോക്കി.  ബിബിസി വാർത്തകൾ ഉച്ചത്തിൽ കേൾപ്പിച്ചു നോക്കി. ആഫ്രിക്കൻ ഉറക്കം തന്നെ ഉറക്കം.  കുംഭകർണ്ണനു വരം കിട്ടിയതുപോലെ ഇയാൾക്ക് എന്തെങ്കിലും വരം കിട്ടിയിട്ടുണ്ടാവും.
യൂസഫ് പുരാണങ്ങൾ വായിച്ചിട്ടുള്ള അറിവ് വെച്ചാണ് അത് പറഞ്ഞത്. അയാൾ നല്ലൊരു വായനക്കാരൻ കൂടിയാണെന്ന് സംസാരത്തിൽ നിന്നെനിക്ക് മനസ്സിലായി.

മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതിരുന്നപ്പോഴാണ് യൂസുഫിന്റെ മനസ്സിൽ മറ്റൊരു ആശയം മിന്നി തെളിഞ്ഞത്.  വിഷമ ഘട്ടങ്ങളിൽ തെളിയുന്ന ആശയങ്ങൾക്ക് എന്നും കാലിക പ്രസക്തിയുണ്ടാവും എന്നു പറയുന്നത് വെറുതെയൊന്നുമല്ല.


ആ ആശയം മറ്റൊന്നും ആയിരുന്നില്ല. പോലീസ് സ്റ്റേഷനിലേക്ക് പോകുകയും അവരോടു കാര്യം പറയുകയും ചെയ്യുക.  ആവശ്യമുള്ള ആർക്കും സഹായഹസ്തവുമായി  നിൽക്കുന്ന അവർക്ക് ഈ ആവശ്യവും നിരാകരിക്കുവാൻ ഒരിക്കലും കഴിയുകയില്ല എന്ന ഉറപ്പ് യൂസഫിനുണ്ടായിരുന്നു.

ആ യാത്ര ഏറെ നേരം നീണ്ടു നിന്നില്ല. ഏതാനും കിലോമീറ്റർ അകലം ഉള്ള പോലീസ് സ്റ്റേഷനിൽ എത്തി കാര്യം പറഞ്ഞപ്പോൾ തന്നെയൊരു പോലീസുകാരൻ യൂസുഫിനെ സഹായിക്കുവാനായി കാറിന്റെ അരികിലേക്ക് എത്തുകയും, കാറിൽ ഉറങ്ങികൊണ്ടിരിക്കുന്ന എൽബിനോയെ വിളിച്ചുണർത്തുവാനും പരിശ്രമിച്ചു.

അയാളെ പോലീസുകാരൻ കുറെയേറെ നേരം ഉച്ചത്തിൽ വിളിക്കുകയും,  ശരീരത്തിൽ തട്ടുകയും ചെയ്തപ്പോൾ പെട്ടന്ന് ഉറക്കത്തിൽ നിന്നു എഴുന്നേൽക്കുന്നത് പോലെ കണ്ണുകൾ തുറന്നു.

അമ്പരപ്പോടെ ചുറ്റും നോക്കിയിട്ട്   എൽബിനോ ഒരു  സോറി പറഞ്ഞു.  പോലീസുകാരനിൽ നിന്നും വിവരങ്ങൾ അറിഞ്ഞെങ്കിലും,  അയാൾ  വീട്ടിൽ കൊണ്ടുപോയി വിടണം എന്ന് ശഠിച്ചു കൊണ്ടിരുന്നു.

തിരികെ കൊണ്ടുപോയി വിടാൻ പറ്റില്ലായെന്നു പറഞ്ഞു യൂസുഫ് വീട്ടിലേക്ക് മടങ്ങിപ്പോന്നു. അതിൽ പിന്നെ യൂബറിന്റെ ഓട്ടം യൂസുഫ് ഓടിയിട്ടില്ല.

ചൂടുവെള്ളത്തിൽ ഒരിക്കൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും എന്നു പറയുന്നതുപോലെ യൂസുഫിന് യൂബർ എന്നു കേൾക്കുമ്പോൾ  ശരീരത്തിൽ അങ്ങോളം ഇങ്ങോളം ഒരു വിറയൽ അനുഭവപ്പെടാറുണ്ടത്രെ. ഇത്രയും പറഞ്ഞിട്ട് യൂസു ഫ് വീടിനുള്ളിലേക്ക് മക്കളോടൊന്നിച്ച് കയറി പോയി.


തിരികെ വീട്ടിലേക്ക് നടന്ന വേളയിൽ എന്റെ മനസ്സിൽ നിന്നും യൂബർ ഓടിക്കുകയെന്ന ആശയം അപ്പാടെ അപ്രത്യക്ഷമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ