ആകെ പേജ്‌കാഴ്‌ചകള്‍

2017, ഡിസംബർ 23, ശനിയാഴ്‌ച

ഹാലറ്റ് കോവ് ബീച്ചും, ഹാലറ്റ് കോവ് പാര്‍ക്കും


കടല്‍ കരയെ ഇടയ്ക്കിടയ്ക്ക് വന്ന് തഴുകി പിന്‍വാങ്ങി പോകുന്ന കാഴ്ച നമ്മുടെ  കണ്ണിനും , മനസ്സിനും കുളിര്‍മ്മയേകുക തന്നെ ചെയ്യും.   ആ കാഴ്ച കണ്ടിരിക്കുവാന്‍ എത്രയോ രസകരമാണ്.   കടലിന് കരയോട് നിഗൂഢത നിറഞ്ഞ കുറെയേറെ കാര്യങ്ങള്‍ പറയുവാനുണ്ടാവുമെപ്പോഴും.  ആ ഗൂഢവസ്‌തുത ഓരോ തവണ തിരകള്‍ വന്ന്‍ കരയോട് പറയുമ്പോഴും മൌനം വെടിയാതെ നിശബ്ദമായി ആ രഹസ്യങ്ങള്‍ സ്വന്തം മനസ്സില്‍ ഒളിപ്പിച്ചുകൊണ്ട് തിരകളെ പുണരുവാനാണ് കര ഉദ്യമിക്കാറുള്ളത്.


 
പാറകൂട്ടങ്ങള്‍ നിറഞ്ഞ ഹാലറ്റ് കോവ് ബീച്ചില്‍ ഇരുന്നപ്പോള്‍ എന്‍റെ മനസ്സില്‍ തിങ്ങിനിറഞ്ഞു നിന്നിരുന്ന മാനസിക പിരിമുറുക്കത്തിനു തെല്ലു അയവുവന്നതുപോലെ തോന്നാതിരുന്നില്ല.

മുഴുവന്‍ പാറകളാല്‍ നിറയപ്പെട്ടിരിക്കുന്ന ഒരു കടല്‍ത്തീരമെന്ന് പ്രഥമകാഴ്ചയില്‍ നമ്മള്‍ക്ക് തോന്നുമെങ്കിലും അവിടെ നിന്നുള്ള കാഴ്ച വിശാലവും, ഭീതിപ്പെടുത്തുന്നതുമാണ്. അങ്ങിങ്ങായി  നില്ക്കുന്ന കുറ്റിച്ചെടികള്‍ ആ കടല്‍ത്തീരത്തിന് അഭൌമമായ ഒരു സൌന്ദര്യം പ്രധാനം ചെയ്യുന്നുമുണ്ട്. വിശാലമായി കിടക്കുന്ന പുല്‍ത്തകിടിയും, ധാരാളം കളിസ്ഥലങ്ങളും, ബാര്‍ബിക്യൂവിനുള്ള സൌകര്യവുമെല്ലാം അവിടേക്ക് ധാരാളം ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങലാണ്.

കടല്‍ത്തീരത്തിന് തൊട്ടടുത്ത് തന്നെ സംരക്ഷിക്കപ്പെടുന്ന ഹാലറ്റ് കോവ് പാര്‍ക്ക് സ്ഥിതിചെയ്യുന്നു.

കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍   ഹാലറ്റ് കോവ് ബീച്ചിനെ പറ്റി വെറുതെയൊന്നു പരതിനോക്കി.

ജോണ്‍  ഹാലറ്റ് എന്നയാള്‍  1887 - ല്‍  അസംസ്കൃതപദാര്‍ത്ഥങ്ങള്‍ അന്യേക്ഷിച്ച് ആ പ്രദേശത്ത് ചെന്ന ഓര്‍മ്മയ്ക്കായിട്ടാണ്  ഹാലറ്റ് കോവ് എന്ന നാമം നല്‍കിയിരിക്കുന്നത് .























1976- ലാണ് ഈ പ്രദേശത്തെ  സംരക്ഷിത പ്രദേശമായി വിളംബരം നടത്തിയത്  അതിന്‍റെ ഭൂവിജ്ഞാനീയമായ പ്രത്യേകതകള്‍ ഒന്നുകൊണ്ട് മാത്രമാണ്. ഈ പ്രത്യേകതകള്‍ ലോകോത്തരമായ പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്.  280 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള  ഹിമയുഗകാലഘട്ടം മുതലുള്ള പ്രത്യേകതകള്‍ ആണിവയെന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്.

















അബോര്‍ജിനാല്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ ഉപയോഗിച്ചിരുന്ന  ശിലാ നിര്‍മ്മിത ‍  പണിയായുധങ്ങള്‍ 1934 ല്‍ ഹാലറ്റ് കോവില്‍ നിന്ന് ആദ്യമായി കണ്ടുകിട്ടി.   മനുഷ്യന്‍റെ കരകൗശലസാമര്‍ത്ഥ്യഫലമായി നിര്‍മ്മിതമായ  1700 ല്‍ പരം  പുരാവസ്തുക്കള്‍ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍  ആ പ്രദേശത്ത് നിന്നു ലഭിക്കുകയുമുണ്ടായി. അവയെല്ലാം ഇന്ന് സൌത്ത് ഓസ്ട്രലിയന്‍ മുസിയത്തിന്‍റെ ഭാഗമായി തീര്‍ന്നിര്‍ക്കുന്നു.







ഇതുകൂടാതെ  വ്യതസ്തമായ ചെടികളും, പൂക്കളും ആ പ്രദേശത്തെ മനോഹരമാക്കുകയും, അപൂര്‍വ്വമായ ഇനത്തില്‍ പെട്ട പല്ലികളേയും, തവളകളേയും,  അവിടേക്ക് ഒഴുകിയെത്തുന്ന അരുവികള്‍ക്ക് ഇരുവശങ്ങളിലും കാണുവാന്‍ കഴിയും.  അപൂര്‍വ്വയിനം   പക്ഷികള്‍ ആ പ്രദേശത്തെ  ശബ്ദമുഖരിതമാക്കി  കൊണ്ട് സ്വതന്ത്രമായി  വിണ്ണില്‍ പാറി പറന്നു  സഞ്ചരിക്കുന്നുണ്ടായിരുന്നു.


നയന മനോഹരമായ  ഈ കാഴ്ചകളെല്ലാം  പ്രകൃതി നമ്മള്‍ക്കായി സമ്മാനിക്കുമ്പോള്‍ വീണ്ടും വീണ്ടും യാത്രകള്‍ നടത്തുവാന്‍ ആരും  കൊതിച്ചു പോകുമെന്നത് നിസ്തര്‍ക്കമായ കാര്യമല്ലേ.

----------------------------ശുഭം ------------------------------------------------------------------------------------






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ