ആകെ പേജ്‌കാഴ്‌ചകള്‍

2018, മാർച്ച് 6, ചൊവ്വാഴ്ച

ആദ്യത്തെ സൈക്കിള്‍ യാത്രയുടെ ഓര്‍മ്മ....



  
വീടിന്‍റെ ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് പത്രപരായണം നടത്തി കൊണ്ടിരിക്കുന്ന വേളയിലാണ് മനോഹരമായ ആ കാഴ്ച കാണുവാന്‍ ഇടയായത്. തൊട്ടടുത്ത വീട്ടിലെ കുട്ടിയെ അവന്‍റെ സഹോദരന്‍ സൈക്കിള്‍ കയറ്റം പഠിപ്പിക്കുന്നു. വളരെ വിഷമിച്ചു സൈക്കിളിനിടയില്‍ കാല് കയറ്റി വെച്ചു ഒത്തുന്നതിനിടയില്‍ അവന്‍ ഇടക്കിടയ്ക്ക് മലക്കം മറിഞ്ഞു വീഴുന്നുമുണ്ട്. ആ കാഴ്ച വളരെ രസകരമായി തോന്നിയെങ്കിലും, മനസ്സില്‍  മായാതെ കിടന്നിരുന്ന ചില ഓര്‍മ്മകള്‍ എന്നെ വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് കൈയ്പിടിച്ചു നടത്തി തുടങ്ങിയിരുന്നു.   


 


അവിടെയൊരു വള്ളിനിക്കറുകാരന്‍ പയ്യനും, അവന്‍റെ കുറെ ബാല്യകാല കുസൃതികളും ഒക്കെ നിറഞ്ഞ അതിമനോഹരമായൊരു ലോകമുണ്ടായിരുന്നു.


 


അന്നൊരു വേനലവധിക്കാലം ആയിരുന്നു. തൊടിയില്‍ മാവും, പ്ലാവും, പറങ്കിയുമെല്ലാം യഥേഷ്ടം നിറയെ ഫലങ്ങളുമായി കായ്‌ച്ചു കിടന്നിരുന്ന കാലം. കുട്ടിയും കോലും, സാറ്റും ഒക്കെ കളിക്കുവാന്‍ ആയി ധാരാളം കുട്ടികള്‍ ഒന്നിച്ചു കൂടിയിരുന്ന നിഷ്കളങ്കമായ ബാല്യകാലങ്ങള്‍. ആ അവധിക്കാലത്താണ് സൈക്കിള്‍ കയറ്റം പഠിക്കണം എന്ന മോഹം എന്‍റെ  മനസ്സില്‍ ഒരു കൊടാവിളക്കായി കയറിക്കൂടിയത്.


 


ഓര്‍മ്മകള്‍ ഇടക്കിടയ്ക്ക് നമ്മിലേക്ക്‌ ഒരു പേമാരി പോലെ പെയ്തിറങ്ങുമ്പോള്‍ അവയ്ക്കിടയിലൂടെ ഒരു ചെറിയ കുട്ടിയെപ്പോലെ പിച്ച വെച്ചു യാത്ര ചെയ്തീടുവാന്‍ എത്രയോ സുഖകരമാണ്‌ അല്ലേ കൂട്ടുകാരേ?.


 


ബാല്യ കാലങ്ങള്‍ എന്നെ സംബന്ധിച്ചു ഏറെ രസകരവും ആയിരുന്നു. അതിന്‍റെ മനോഹാരിത എത്ര തവണ നിങ്ങളോടു വര്‍ണ്ണിച്ചാലും എനിക്ക് മതിയാകുകയുമില്ല.


 


സൈക്കിള്‍ പഠിക്കണം എന്ന മോഹം ആദ്യമായി അവതരിപ്പിച്ചത് അപ്പനോടായിരുന്നു. മിതമായ ആഗ്രഹങ്ങള്‍ക്കൊന്നും ഒരിക്കലും എതിര് നിന്നിട്ടില്ലാത്ത അപ്പന്‍ തന്‍റെ ആഗ്രഹത്തിനു പച്ചക്കൊടി വീശിയപ്പോള്‍ മനസ്സില്‍ ഒരായിരം പൂര്‍ണ്ണചന്ദ്രന്മാര്‍ ഒന്നിച്ചു ഉദിച്ചുയരുകയായിരുന്നു. പിന്നീട് ലക്ഷ്യപ്രാപ്തിക്കായുള്ള അക്ഷീണ പരിശ്രമം ആയിരുന്നു. 


 


സൈക്കിള്‍ കയറ്റം പഠിപ്പിക്കുവാന്‍ വേണ്ടി നാട്ടില്‍ പണിയൊന്നും ഇല്ലാതെ തേരാപ്പാരെ നടക്കുന്ന പല വിദ്വാന്‍മാരെയും സമീപിച്ചെങ്കിലും അവര്‍ക്കാര്‍ക്കും അതിനൊന്നും താത്പര്യം ഇല്ലായിരുന്നു. പരിശ്രമം വിജയത്തിലെത്തിക്കാന്‍ വേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാര്‍ ആയി നിന്നിരുന്ന എനിക്ക് അതില്‍ നിരാശയൊട്ടു തോന്നിയതുമില്ല.


 


ഏറെ ദിവസത്തെ അന്യേഷണ ഫലമായി അവസാനം ഒരാളെ കണ്ടെത്തുവാന്‍ തനിക്ക് കഴിഞ്ഞു. പണിയൊന്നും ഇല്ലാതെ നാട്ടില്‍ അല്ലറ ചില്ലറ തരികിട പരിപാടിയുമായി നടക്കുന്ന സ്പ്രിംഗ് ഷാജി.  ആ വിചിത്രമായ പേര് കേട്ടപ്പോള്‍ നിങ്ങളുടെ ഉള്ളിലും ചെറിയൊരു പുഞ്ചിരി  വിടര്‍ന്നിട്ടുണ്ടാകും അല്ലേ?. ആ പേരിന്‍റെ പിന്നില്‍ രസകരമായൊരു മറ്റൊരു കഥ കൂടിയുണ്ട്.


 


ആ സംഭവം കൂടി പറഞ്ഞില്ലെങ്കില്‍ എന്‍റെയീ കഥയൊരിക്കലും പൂര്‍ണ്ണമാവുകയുമില്ല.


 


"മദ്യപിച്ചു കഴിഞ്ഞാല്‍ ചില ആളുകള്‍ എവിടെയെങ്കിലും കിടക്കും, മറ്റു ചിലര്‍ നാട്ടുകാരെയും വീട്ടുകാരെയും തെറി പറഞ്ഞു കൊണ്ടു ആടിയാടി നടക്കും. ചിലര്‍ ഭാര്യയെയും, മക്കളെയും ഉപദ്രവിക്കും,  ഷാജിയാണെങ്കില്‍ എവിടെയെങ്കിലും നിന്നിട്ട് സ്പ്രിംഗ് പോലെ അയാളുടെ കഴുത്ത് ചലിപ്പിക്കും".


 


ഈ കലാപ്രകടനങ്ങള്‍ കണ്ടിട്ട് നാട്ടുകാര്‍ അയാള്‍ക്ക്‌ ഇട്ടിരിക്കുന്ന ഓമന പേരാണ് സ്പ്രിംഗ് ഷാജി.


 


യഥാര്‍ത്ഥത്തില്‍  സ്പ്രിംഗ് ഷാജി ആ ഉത്തരവാദിത്തം ഏറ്റെടുത്തത് തന്നെ സൈക്കിള്‍ കയറ്റം പഠിപ്പിക്കുവാന്‍ ഉള്ള ആത്മാര്‍ത്ഥമായ സ്നേഹം കൊണ്ടാണെന്ന് നിങ്ങള്‍ തെറ്റുധരിച്ചേക്കരുത്. മകനെ പഠിപ്പിക്കുന്നതിനു പ്രതിഫലമായി അപ്പന്‍ നല്‍കാമെന്നു ഏറ്റിരുന്ന കൈമടക്കിന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ സമ്മതിച്ചു പോയതാണ്.


 


ആ കാലങ്ങളില്‍ സൈക്കിള്‍ വാടകയ്ക്ക് എടുക്കുന്നതിനു യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരുന്നതിനാല്‍ അപ്പനേയും കൂട്ടി നേരെ പാലക്കലെ ശശിയുടെ സൈക്കിള്‍ കടയിലേക്ക് ആണ് പോയത്. അവിടെ പല നിറത്തില്‍ ഉള്ള സൈക്കിളുകള്‍  നിരനിരയായി വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അതില്‍ നിന്നും ഒരു നീല വണ്ടി തിരഞ്ഞു എടുക്കുവാന്‍ ആണപ്പോള്‍ തോന്നിയത്.


 


"പുതിയ വണ്ടിയാണ്" എന്നയാളുടെ മുന്നറിയിപ്പില്‍ ഒരു വലിയ താക്കീത് ഒളിഞ്ഞിരിപ്പുണ്ട് എന്നു എനിക്ക് തോന്നാതിരുന്നില്ല. "വണ്ടി കേടാക്കിയാല്‍ കാശ് വാങ്ങിക്കും എന്നൊരര്‍ത്ഥം അതിനു മേമ്പൊടിയായി ഉണ്ടായിരുന്നു'.


 


ആവശ്യം സൃഷ്ടിയുടെ മാതാവാണല്ലോ?.


 


മനസ്സില്‍ തോന്നിയ ദേഷ്യം കടിച്ചമര്‍ത്തി സൈക്കിളും തള്ളി വീട്ടിലേക്കുള്ള മടക്ക യാത്ര ഏറെ സന്തോഷം പ്രധാനം ചെയ്യുന്നതായിരുന്നു.


 


ഒരു പുതിയ വിദ്യ അഭ്യസിക്കുവാന്‍ പോകുന്നതിന്‍റെ ആകാംഷ ആയിരുന്നു ആ സന്തോഷത്തിന്‍റെ കാരണം.


 


ആശാന്‍റെ ശിഷണത്തില്‍ പിന്നീട് കഠിനമായ പരിശീലനം തന്നെയായിരുന്നു. സൈക്കിളിനു ഇടയിലൂടെ കാലിട്ട് ഒത്തി പഠിക്കുവാന്‍ ആണ് ആദ്യം ശീലിപ്പിച്ചത്. പിന്നീട് സൈക്കിളിന്‍റെ പുറകില്‍ ഇരുത്തി ഒത്തിരി തവണ വണ്ടി ഓടിപ്പിച്ചു. വീടിന്‍റെ അരികിലായി മഴക്കാലങ്ങളില്‍ മാത്രം നീരൊഴുക്കുള്ള ആ ചെറിയ കൈത്തോട്ടില്‍ എത്രയോ തവണ മൂക്കും കുത്തി വീണിരിക്കുന്നു.


 


എങ്കിലും നീണ്ട രണ്ടാഴ്ച കാലത്തെ അക്ഷീണ പരിശ്രമം വിജയിക്കുക തന്നെ ചെയ്തിരുന്നു. കയ്യിലും കാലിലും ഏറ്റ ചെറിയതും, വലുതുമായ മുറിവുകള്‍ തൊടിയില്‍ നില്‍ക്കുന്ന കമ്മൂണിസ്റ്റ് പച്ചയുടെ ഇലകള്‍ തിരുമ്മി വെക്കുമ്പോഴേക്ക് കരിഞ്ഞിരുന്നു.


 


താന്‍ ഒരു വിധം സൈക്കിള്‍ ഓടിക്കും എന്ന തരം ആയപ്പോള്‍ ആശാന്‍ കൈമടക്കും വാങ്ങി സ്ഥലം കാലിയാക്കി. അവധിക്കാലം കുറെ കൂടി ഗംഭീരം ആയി ആഘോഷിക്കുവാന്‍ വേണ്ടി പാലക്കാട്ടേക്കു അമ്മാച്ചന്‍ വിളിച്ചപ്പോള്‍ അവരോടൊപ്പം യാതൊരു സങ്കോചവും കൂടാതെ യാത്ര തിരിച്ചു.


 


ആദ്യത്തെ ആ തീവണ്ടി യാത്ര എന്‍റെ മനസ്സില്‍ പ്രകൃതിയെ പറ്റിയുണ്ടായിരുന്ന  വികലമായ കുറെയേറെ കാഴ്ചപ്പാടുകളെ പിച്ചിചീന്തി ദൂരെയെറിഞ്ഞു. ഹരിതഭംഗിയുടെ മേലാപ്പ് അണിഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം എന്‍റെ മനസ്സിനെ ഏറെ ഇരുത്തി ചിന്തിപ്പിക്കുവാന്‍ പോന്നവയായിരുന്നു. ആ തീവണ്ടി യാത്രയുടെ ആലസ്യം വിട്ടുമാറുന്നത്തിനു മുന്‍പ് വീണ്ടും കാഴ്ചകള്‍ കണ്ടുകൊണ്ടു മറ്റൊരു ബസ്സില്‍ ഇരിക്കുമ്പോള്‍ മനസ്സിലേക്ക് സ്വന്തം വീടിനേയും,  വീട്ടുകാരെയും പറ്റിയുള്ള ചിന്ത കടന്നു വന്നെങ്കിലും പ്രകൃതി ഭംഗി മനസ്സില്‍ നിറഞ്ഞു നിന്നതിനാല്‍ ആ ഓര്‍മ്മകള്‍ വെറും ക്ഷണികമായിരുന്നു.


 


അംഗരക്ഷകപ്പോലെ ഗ്രാമത്തെ ചുറ്റി നില്‍ക്കുന്ന മലകളും, കല്പാത്തി പുഴയും, അങ്ങിങ്ങായി തല ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന കരിമ്പനകളില്‍ കിഴക്കന്‍ കാറ്റ് ആഞ്ഞു വീശുമ്പോള്‍ അതിന്‍റെ  ഓലകള്‍ തല ഇളക്കി ആട്ടി നമ്മെ യാത്രയാക്കുന്ന കാഴ്ചകളും, ചെറിയ വീടുകള്‍ക്ക് ചുറ്റും ഇല്ലിമുളയുടെ വേലിക്കെട്ടുകളും,   ഒക്കെ കണ്ട് ആ ഗ്രാമഭംഗിയിലേക്ക് കടന്നു ചെന്നപ്പോള്‍ മനസ്സിനുള്ളില്‍ ഒരു അപരിചിതന്‍റെ ഭാവമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.  


 


നെല്‍കൃഷി കഴിഞ്ഞു വിശാലമായി പരന്നു കിടക്കുന്ന പാടങ്ങളില്‍ മറ്റു ചെറിയ കൃഷികള്‍ ചെയ്തു പാടം ഉപയോഗത്തക്കതാക്കുന്ന കര്‍ഷകരെ കണ്ടപ്പോള്‍ അഭിമാനം തോന്നിയിരുന്നു.


 


വീട്ടില്‍ എത്തിയതും കളിസ്ഥലത്തേക്ക് അമ്മാച്ചന്‍റെ മക്കളുടെ കുടെ ഒരോട്ടം ആയിരുന്നു. അവിടം മറ്റൊരു ലോകമായിരുന്നു. പുതിയ കൂട്ടുകാരും, അവരുടെ നിഷ്കളങ്കമായ സ്നേഹപ്രകടങ്ങളും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.


 


അവധിക്കാല വിനോദങ്ങള്‍ ആയി ക്രിക്കറ്റും, ഫുട്ബോളും ഒക്കെ കളിച്ചു സമയം കൊല്ലുകയായിരുന്നു ആ ദിവസങ്ങളില്‍ പതിവ്.


 


കളിയും, ചിരിയും തമാശയുമെല്ലാമായി ദിനങ്ങള്‍ കൊഴിഞ്ഞുപോക്ക് തുടര്‍ന്നു കൊണ്ടിരുന്നു. ഒരു സായംസന്ധ്യയില്‍ ആണ് അമ്മായി അരി പൊടിപ്പിക്കുവാന്‍ വേണ്ടി പട്ടണത്തിലേക്ക് പോകുവാന്‍ ആവശ്യപ്പെട്ടത്. ബസ്സില്‍ പോയാല്‍ ഉടനെ തിരിച്ചു വരുവാന്‍ പറ്റാത്തതിനാല്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ചേട്ടന്‍റെ സൈക്കിള്‍ എടുത്ത് യാത്ര ചെയ്യുവാന്‍ ഞാനും, അമ്മാച്ചന്‍റെ മകനും ഏക സ്വരത്തില്‍ തീരുമാനം എടുക്കുകയായിരുന്നു.


 


പ്രായത്തില്‍ തന്നെക്കാള്‍ ഇച്ചിരി ഇളപ്പമായ അവനെ കൊണ്ടു സൈക്കിള്‍ ചവിട്ടിക്കുന്ന ജാള്യത ഓര്‍ത്തപ്പോള്‍ ആ ഉത്തരവാദിത്തം ചേട്ടനായ ഞാന്‍ സ്വയം ഏറ്റെടുത്തിരുന്നു.


 


"സൈക്കിള്‍ ഓടിക്കുവാന്‍ ചേട്ടനു നല്ലതുപോലെ അറിയാമോ?. എന്ന അവന്‍റെ ചോദ്യം .......ഒരു പുശ്ചഭാവത്തില്‍ ചിരിച്ചു തള്ളുകയാണ് ഉണ്ടായത്".


 


"അണ്ണാനെ ആരെങ്കിലും മരം കയറ്റം പഠിപ്പിക്കുമോ എന്നൊരു ഭാവം തന്‍റെ നോട്ടത്തില്‍ നിഴലിച്ചു നിന്നിരുന്നു".  


 


തങ്ങള്‍ രണ്ടുപേരും വര്‍ത്തമാനം ഒക്കെ പറഞ്ഞു മെല്ലെ യാത്ര തുടര്‍ന്നു. വിശാലമായ പാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞു ഇടവിളയായി നട്ടിരിക്കുന്ന കൂര്‍ക്കയും, മരച്ചീനിയും ഒക്കെ വളര്‍ന്നു നില്‍ക്കുന്ന കാഴ്ചയും, അങ്ങിങ്ങായി നില്‍ക്കുന്ന കരിമ്പനകളും, പാലക്കാടന്‍ മലകളുടെ ദൃശ്യഭംഗിയും ഒക്കെ ആസ്വദിച്ചു കൊണ്ട് ഒരു സര്‍ക്കസ് അഭ്യാസിയേപ്പോലെ സൈക്കിളുമായി മുന്നോട്ട് നീങ്ങുന്ന എന്നെ കണ്ടപ്പോള്‍ അവനില്‍ ഉളവായ സംശയം ഒക്കെ നീങ്ങി പോയിട്ടുണ്ടായിരുന്നിരിക്കണം. 


 


ആ യാത്ര ഏറെ രസകരമായിരുന്നു.


 


ആദ്യമായി സൈക്കിളില്‍ ഒരു ദീര്‍ഘയാത്ര തരപ്പെടുത്തിയതിന്‍റെ ഉല്ലാസത്തില്‍ ആയിരുന്നു ഞാനും. പുറകില്‍ പൊടിപ്പിക്കുവാനുള്ള അരിയും പിടിച്ചുകൊണ്ടിരിക്കുന്ന അവനോടു വണ്ടിയോടിക്കുവാനുള്ള തന്‍റെ കഴിവിനെ കുറിച്ചു വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍ വെറുതെ മൂളി കേട്ടു.


 


യാതൊരു തടസ്സങ്ങളും ഇല്ലാതെ സന്തോഷപ്രദമായി യാത്ര തുടരുന്നതിനിടയില്‍ ആണ് മുന്നില്‍ കുത്തനെ കിടക്കുന്ന ഇറക്കത്തിലേക്ക് സൈക്കിള്‍ നീങ്ങുന്നത്. വണ്ടിയുടെ വേഗം കുറയ്ക്കുവാനായി സകല അഭ്യാസങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാം പ്രയത്നങ്ങളും നിഷ്ഫലം ആയിരുന്നു. നിലത്ത് കാലുകുത്തി സൈക്കിള്‍ നിര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും കാലിനു നീളം ഇല്ലാത്തതിനാല്‍ ആ ശ്രമവും പരാജയപ്പെട്ടിരുന്നു.


 


സകല ദൈവങ്ങളെയും മനസ്സില്‍ ഒരു വേള വിളിച്ചു പ്രാര്‍ത്ഥിച്ചു പോയ നിമിഷം. വരുന്നത് വരട്ടെയെന്ന് കരുതി സകല ധെര്യവും സംഭരിച്ചു വണ്ടിയില്‍ പിടിച്ചിരുന്നു.


 


വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടി എങ്ങനെയെങ്കിലും സൈക്കിള്‍ ഓടിക്കാം എന്നു കരുതി മനസ്സില്‍ ആശ്വാസം കൊണ്ടിരുന്നപ്പോള്‍ റോഡിനു എതിര്‍വശത്തുള്ള ബസ്സ്സ്റ്റോപ്പിലേക്ക് ഒരു വലിയ വണ്ടി ഇരച്ചു കയറി നിര്‍ത്തുകയും ചെയ്തിരുന്നു. പിന്നീടുള്ള ഇച്ചിരി സ്ഥലത്തു കൂടി സൈക്കിള്‍ കടത്തികൊണ്ടു പോകാനായി അക്ഷീണ പരിശ്രമം നടത്തുവാന്‍ മനസ്സില്‍ ആഗ്രഹിച്ചെങ്കിലും അവിടേക്ക് ഒരു ഓട്ടോറിക്ഷാ എവിടെനിന്നോ പാഞ്ഞു വന്നപ്പോള്‍ മനസ്സില്‍ പൊട്ടി വിടര്‍ന്നിരുന്ന പ്രതീക്ഷകള്‍ എല്ലാം തകരുകയായിരുന്നു.


 


പ്രതീക്ഷയുടെ അവസാന കണികയും നഷ്ടപെട്ട തനിക്കു ഓടക്ക് അരികിലേക്ക് വണ്ടി ഓടിച്ചിറക്കുക മാത്രമേ മുന്നില്‍ പോംവഴിയായി ഉണ്ടായിരുന്നുള്ളൂ.


 


എല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കഴിഞ്ഞിരുന്നു. ഓടയില്‍ കിടക്കുന്ന തന്നെ ആരോ പിടിച്ചു എഴുനേല്‍പിച്ചപ്പോഴാണ് നടുവിന് വേദനയെന്നു പറഞ്ഞു നിലവിളിക്കുന്ന വൃദ്ധയായ സ്ത്രീയെ ശ്രദ്ധിച്ചത്. തന്‍റെ സൈക്കിള്‍  തട്ടി പരുക്കേല്‍ക്കപ്പെട്ട സ്ത്രീയെ ആരോക്കെയോ ചേര്‍ന്നു ഓട്ടോയില്‍ കയറ്റി  ആശുപത്രിയിലേക്ക് കൊണ്ടുപോയി.


 


ആരാന്‍റെ അമ്മയ്ക്കു ഭ്രാന്ത് വന്നാല്‍ തനിക്കെന്താ എന്ന ഭാവത്തില്‍ നില്ക്കുന്ന എന്നെ ഷര്‍ട്ടിന്‍റെ കോളറു കൂട്ടി പൊക്കി പിടിച്ചു കൊണ്ടൊരുത്തന്‍ നിന്‍റെ വീട് എവിടെയാണ് ഉച്ചത്തില്‍ ചോദിച്ചു.


 


വിക്കി വിക്കി കൊണ്ട് കോട്ടയത്താണ് വീട് എന്ന് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. 


 


ഞാനും കോട്ടയംകാരന്‍ ആണെടാ. അയാളുടെ വായില്‍ നിന്നും പുറപ്പെട്ട ആ ശബ്ദം പേടിപ്പെടുത്തുന്നതായിരുന്നു. അതില്‍ സ്നേഹത്തിന്‍റെ ഒരു തരി അംശം പോലും ഇല്ലായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം.


 


തൊട്ടടുത്തു കഴുത്തിനു വേദനയുമായി പുളയുന്ന അമ്മാച്ചന്‍റെ മകന്‍റെ അവസ്ഥ കണ്ടപ്പോള്‍ സഹതാപം തോന്നിയത് പോലെ ആയാള്‍ എന്നെ താഴെ നിര്‍ത്തി. കരയില്‍ പിടിച്ചിട്ട മീനിന്‍റെ അവസ്ഥയില്‍ ആയിരുന്ന എന്‍റെ മുഖത്തേക്ക് നോക്കി അയാള്‍ ഉച്ചത്തില്‍ ഒന്നലറി.


 


കൊണ്ടുപോടാ....... ഇവനെയും കൊണ്ട് ഏതെങ്കിലും ആശുപത്രിയിലേക്ക്... അല്ലെങ്കില്‍ അവന്‍റെ കഴുത്ത് തിരിക്കാന്‍ വയ്യാതെയാകും.


 


രാത്രിയില്‍ പ്രകാശിക്കുന്ന ഒരുപാട് നക്ഷത്രങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു. വീട്ടില്‍ എത്തിയാലുടന്‍ അമ്മായിയുടെ കയ്യില്‍ നിന്നും എണ്ണം പറഞ്ഞു കിട്ടുന്ന അടിയുടെ വേദന മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നി മാഞ്ഞു. 


 


ഓടയില്‍ കിടന്നിരുന്ന സൈക്കിള്‍ മെല്ലെ പൊക്കിയെടുത്ത് ഉരുട്ടി കൊണ്ടു ഞങ്ങള്‍ യാത്ര തുടര്‍ന്നു.


 


നടക്കുന്നതിനിടയില്‍ ആണ് അവന്‍ ആ നഗ്നസത്യം എന്നോട് പറഞ്ഞത്.


 


ഒക്കെ അവന്‍റെ വെറും അഭിനയം ആയിരുന്നു. അടി കിട്ടാതെ രക്ഷപെട്ടത്  അന്നത്തെ അവന്‍റെ ആ അഭിനയ മികവ് മൂലം ആയിരുന്നു.


   


പിന്നീടുള്ള യാത്രയില്‍ സൈക്കിള്‍ ഓടിച്ചത് അമ്മാച്ചന്‍റെ മകന്‍ ആയിരുന്നു.       


വെള്ളത്തില്‍ വീണു നനഞ്ഞ കോഴിയുടെ അവസ്ഥയില്‍ സൈക്കിളിന്‍റെ പുറകില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ അല്പം ജാള്യത തോന്നാതിരുന്നില്ല. പറഞ്ഞ കഥകള്‍ ഒക്കെ വെറും പോഴത്തരങ്ങള്‍ ആയിരുന്നു എന്നു അവനു തോന്നിക്കാണില്ലേ?.


 


അരിയും പൊടിപ്പിച്ചു തിരിച്ചുള്ള യാത്രയില്‍ സംഭവം നടന്ന സ്ഥലത്ത് ആരെങ്കിലും നില്‍പ്പുണ്ടോ എന്നു പുറകില്‍ ഇരുന്നൊന്നു പാളി നോക്കാതെയിരുന്നില്ല. അവിടെ ആരെയും കാണുവാന്‍ കഴിഞ്ഞില്ല. തിരികെ വീട്ടിലെത്തിയിട്ടും മനസ്സില്‍ മായാതെ നിന്നത് ആ വല്യമ്മയുടെ രോദനം ആയിരുന്നു.


 


സര്‍ക്കാര്‍ ജോലിക്കാരനായി ജീവിതം തള്ളി നീക്കുമ്പോഴും തീരാ വേദനയായി ആ വല്യമ്മയുടെ രോദനം ഇന്നും കാതില്‍ മുഴങ്ങി കേള്‍ക്കാറുണ്ട്.


 


ആ വൃദ്ധയായ സ്ത്രീയിന്നു ഈ ഭൂലോകത്ത് ജീവിച്ചിരിപ്പുണ്ടാവാന്‍ വഴിയില്ല.....എങ്കിലും ആ ഓര്‍മ്മകള്‍ മനസ്സിനെ കീറിമുറിക്കുവാനായി കടന്നു വരാറുണ്ട്.